ബാങ്കിംഗ് പ്രതിസന്ധി അയയുന്നു; ഓഹരി സൂചികകളില്‍ ഉണര്‍വ്

സെന്‍സെക്‌സ് 126 പോയിന്റ് ഉയര്‍ന്നു, നിരാശപ്പെടുത്തി കേരള ഓഹരികള്‍

Update:2023-03-27 17:10 IST

ആഗോളതലത്തില്‍ വലിയ ആശങ്ക സൃഷ്ടിച്ച അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കിംഗ് പ്രതിസന്ധികള്‍ അയയുന്നുവെന്ന സൂചനകള്‍ ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് നേട്ടമായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സണ്‍ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികളിലുണ്ടായ മികച്ച വാങ്ങല്‍ താത്പര്യവും ഉണർവിനു കാരണമായി. രണ്ടുദിവസത്തെ തുടര്‍ച്ചയായ നഷ്ടയാത്രയ്ക്ക് വിരാമമിട്ട് സെന്‍സെക്‌സ് ഇന്ന് 126 പോയിന്റുയര്‍ന്ന് 57,653ലും നിഫ്റ്റി 40 പോയിന്റ് നേട്ടവുമായി 16,985ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിവിധ ഓഹരി മേഖലകളുടെ പ്രകടനം

റിലയന്‍സ് ഇന്‍ഡസ്രീസ്, ഇന്‍ഫോസിസ്, സണ്‍ഫാര്‍മ, സിപ്ല, എസ്.ബി.ഐ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ മുന്‍നിര ഓഹരികള്‍. അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്.ബി.ഐ ലൈഫ് ഇന്‍ഷ്വറന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവ നഷ്ടം രേഖപ്പെടുത്തി. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 58,020 വരെയും നിഫ്റ്റി 17,091 വരെയും മുന്നേറിയിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ വാഹന, ഊര്‍ജ, ചില ധനകാര്യകമ്പനികള്‍ തുടങ്ങിയ ഓഹരിയിലുണ്ടായ ലാഭമെടുപ്പാണ് സൂചികകളുടെ നേട്ടം കുറയാനിടയാക്കിയത്.

ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ  ഓഹരികൾ 


അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ സിലിക്കണ്‍ വാലി ബാങ്കിനെ (എസ്.വി.ബി) ഫസ്റ്റ് സിറ്റിസണ്‍ ബാങ്ക്‌ഷെയര്‍ കമ്പനി ഏറ്റെടുക്കുമെന്ന വാര്‍ത്തകള്‍ നിക്ഷേപകര്‍ക്ക് ആശ്വാസമായിരുന്നു. ജര്‍മ്മന്‍ ബാങ്കായ ഡോയിചെ ബാങ്കിന്റെ ഓഹരികള്‍ കഴിഞ്ഞദിവസം ഇടിഞ്ഞെങ്കിലും അമേരിക്കന്‍, യൂറോപ്യന്‍ കേന്ദ്രബാങ്കുകള്‍ സ്ഥിതിഗതികള്‍ കരുതലോടെ വീക്ഷിക്കുന്നുണ്ടെന്ന വാര്‍ത്തകളും നിക്ഷേപകരെ ഓഹരിവിപണിയിലേക്ക് തിരിച്ചെത്തിച്ചു.

തുണച്ച് വന്‍കിട ഓഹരികള്‍
സെന്‍സെക്‌സില്‍ 919 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2718 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. 151 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ റിലയന്‍സ്, ഇന്‍ഫോസിസ്, എസ്.ബി.ഐ അടക്കമുള്ള വന്‍കിട ഓഹരികളിലുണ്ടായ വലിയ വാങ്ങല്‍ താത്പര്യമാണ് ഓഹരികളെ ഇന്ന് നേട്ടത്തിലേറ്റിയത്. നഷ്ടം നേരിട്ട ഓഹരികളുടെ എണ്ണം കൂടുതലായിട്ടും സൂചികകളുടെ മൊത്തം നേട്ടത്തെ അത് ബാധിക്കാതിരുന്നതിന് പിന്നിലെ കാരണവുമിതാണ്.

ഏറ്റവുമധികം നഷ്ടം  നേരിട്ടവ 

 വാഹനം, റിയാല്‍റ്റി, കാപ്പിറ്റല്‍ ഗുഡ്‌സ്, ഊര്‍ജം ഓഹരികള്‍ 0.5 മുതല്‍ രണ്ട് ശതമാനം വരെ ഇടിഞ്ഞു. ഫാര്‍മ സൂചിക ഒരു ശതമാനം ഉയര്‍ന്നു. 0.4 ശതമാനമാണ് ബി.എസ്.ഇ മിഡ്കാപ്പ് സൂചികയുടെ നഷ്ടം. സ്‌മോള്‍കാപ്പ് സൂചിക 1.5 ശതമാനവും ഇടിഞ്ഞു.

രൂപയ്ക്കും നേട്ടം
ഇന്ത്യന്‍ രൂപ ഇന്ന് ഡോളറിനെതിരെ നേട്ടമുണ്ടാക്കി. വ്യാപാരാന്ത്യം 11 പൈസ മെച്ചപ്പെട്ട് 82.37ലാണ് രൂപയുള്ളത്.

കേരള ഓഹരികളുടെ പ്രകടനം 

 നിരാശപ്പെടുത്തി കേരള ഓഹരികള്‍

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ്, നീറ്റ ജെലാറ്റിന്‍ ഇന്ത്യ, മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജുവലേഴ്‌സ്, അപ്പോളോ ടയേഴ്‌സ് എന്നീ കേരള ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. മറ്റ് 23 കേരള കമ്പനി ഓഹരികള്‍ നേരിട്ടത് 0.7 ശതമാനം മുതല്‍ 7.5 ശതമാനം വരെ നഷ്ടം.
Tags:    

Similar News