ബാങ്കിംഗ്, മെറ്റല്‍ കരുത്തില്‍ ഉയര്‍ന്ന് സൂചികകള്‍, എസ്.ഐ.ബിക്കും കുതിപ്പ്, ഉന്മേഷം വീണ്ടെടുത്ത് ഫാക്ട്

മിഡ്, സ്‌മോള്‍ ക്യാപ് സൂചികകളും കരുത്ത് കാട്ടി

Update:2024-10-28 17:36 IST

അഞ്ച് ദിവസത്തെ വീഴ്ചയ്‌ക്കൊടുവില്‍ ഉയിര്‍പ്പിന്റെ പാതയിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ഓഹരി സൂചികകള്‍. ആഗോള വിപണികളില്‍ നിന്നുള്ള ശുഭ സൂചനകളില്‍ മെറ്റല്‍ ഓഹരികള്‍ കരുത്താര്‍ജിച്ചതാണ് വിപണിക്ക് ഗുണമായത്. പാദഫല റിപ്പോര്‍ട്ടുകളുടെ ബലത്തില്‍ ഫിനാന്‍ഷ്യല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കിയതും ഗുണമായി.

ഇടയ്‌ക്കൊരുവേള 80,539 പോയിന്റ് വരെ ഉയര്‍ന്ന സെന്‍സെക്‌സ് 0.6 ശതമാനം നേട്ടത്തോടെ 80,005ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയും 24,500 പോയിന്റ് വരെ ഉയര്‍ന്ന ശേഷം 0.65 ശതമാനം നേട്ടത്തോടെ 24,339ല്‍ ക്ലോസ് ചെയ്തു.
ഇറാനെതിരെ ഇസ്രായേല്‍ വലിയ ആക്രമണം അഴിച്ചുവിട്ടെങ്കിലും വലിയ അപകടങ്ങള്‍ ഉണ്ടാക്കാതിരുന്നതാണ് വിപണിക്ക് ഇന്ന് പ്രധാനമായും ആശ്വാസം പകര്‍ന്നത്. ഇറാനില്‍ നിന്ന് തിരിച്ചടി ഉടന്‍ ഉണ്ടാകാനുള്ള സാധ്യത കുറവായത് ഈ മേഖലയില്‍ ഉടനടി വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് കരുതുന്നത്.
അതേപോലെ ഇസ്രായേലിന്റെ ആക്രമണത്തോട് നെഗറ്റീവായാണ് ക്രൂഡ് ഓയില്‍ പ്രതികരിച്ചത്. ബ്രെന്റ്, ഡബ്ല്യു.ടി.ഐ ക്രൂഡ് അവധി വിലകള്‍ ആറ് ശതമാനം ഇടിഞ്ഞു. എണ്ണ വിലകള്‍ ഇടിഞ്ഞത് ഇന്ത്യന്‍ ഓഹരിസൂചികകളുടെ തിരിച്ചു വരവിന് അധിക പിന്തുണ നല്‍കി.

വിവിധ സൂചികകളുടെ പ്രകടനം

വിശാല വിപണിയും ഇന്ന് കരുത്തുറ്റ തിരിച്ചു വരവ് നടത്തി. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചിക 1.20 ശതമാനവും മിഡ്ക്യാപ് സൂചിക 0.83 ശതമാനവും ഉയര്‍ന്നു.

വിവിധ സൂചികകളുടെ ഇന്നത്തെ പ്രകടനം

പ്രധാന ഓഹരി സൂചികകളെല്ലാം തന്നെ ഇന്ന് പച്ച തൊട്ടപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് പി.എസ്.യു ബാങ്ക് സൂചികയാണ്. നാല് ശതമാനത്തോളമാണ് ഇന്നത്തെ ഉയര്‍ച്ച. ഈ മാസത്തെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടമാണിത്. ബാങ്ക് ഓഫ് ബറോഡയുടെ രണ്ടാം പാദഫലങ്ങള്‍ മികച്ച് നിന്നതാണ് ഈ മേഖലയില്‍ നിക്ഷേപകരെ സ്വാധീനിച്ചത്.
നിഫ്റ്റി മെറ്റല്‍ രണ്ട് ശതമാനം നേട്ടവുമായി തൊട്ട് പിന്നാലെയുണ്ട്. നിഫ്റ്റി മീഡിയ, റിയല്‍റ്റി, ഫാര്‍മ എന്നിവയും ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരികളുടെ നേട്ടവും നഷ്ടവും

വ്യക്തിഗത ഓഹരികളെടുത്താല്‍ ഇന്ത്യന്‍ ബാങ്കാണ് ഇന്നത്തെ താരം. ഓഹരി വില പത്ത് ശതമാനത്തിലധികം ഉയര്‍ന്ന് 551.95 രൂപയിലെത്തി. ബന്ധന്‍ ബാങ്ക് രണ്ടാം പാദ ലാഭത്തില്‍ 30 ശതമാനം വര്‍ധന നേടിയത് ഇന്ന് ഓഹരികളെ 10 ശതമാനത്തോളം ഉയര്‍ത്തി. വോഡഫോണ്‍ ഐഡിയ, പൂനാവാല ഫിന്‍കോര്‍പ്, കാനറ ബാങ്ക് എന്നിവയാണ് ഇന്ന് കൂടുതല്‍ നേട്ടം കാഴ്ചവച്ച മറ്റ് ഓഹരികള്‍.

നേട്ടത്തിലായവര്‍

റിലയന്‍സ് ഓഹരികളുടെ ബോണസ് ഇഷ്യുവിനുള്ള റെക്കോഡ് തീയതി ഇന്നായിരുന്നു. ഓഹരി വില വെള്ളിയാഴ്ചത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് പാതിയായി കുറച്ചാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് ഓഹരി വില 0.54 ശതമാനം ഉയര്‍ന്ന് 1,335 രൂപയിലെത്തി.
ഐ.സി.ഐ.സി.ഐ ബാങ്ക് ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ലാഭത്തില്‍ 14.5 ശതമാനം വര്‍ധന നേടിയത് ഓഹരികളെ മൂന്ന് ശതമാനത്തോളം ഉയര്‍ത്തി.

നഷ്ടത്തിലായവര്‍

ഇന്‍ഡിഗോയുടെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷനാണ് 8 ശതമാനത്തിലധികം ഇടിവുമായി ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്. 

എസ്.ഐ.ബിക്കും ഫാക്ടിനും മുന്നേറ്റം

കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ മുന്നറ്റം കാഴ്ചവച്ചത് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളാണ്. സ്വകാര്യ ബാങ്ക് ഓഹരികളുടെ മൊത്തത്തിലുള്ള പ്രകടനമാണ് എസ്.ഐ.ബിയ്ക്കും ഗുണമായതെന്ന് കരുതുന്നു. ഓഹരി വില ആറ് ശതമാനത്തിലധികം ഉയര്‍ന്ന്‌ 23 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയും ഇന്ന് നേട്ടത്തിലാണ്.

മുത്തൂറ്റ്  ക്യാപിറ്റല്‍ സര്‍വീസസ്, റബ്ഫില എന്നിവ മൂന്ന് ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ഭൂരിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെര്‍ട്ടെക്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, പോപ്പുലര്‍, സ്റ്റെല്‍ എന്നിവയാണ് ഇന്ന് നഷ്ടത്തില്‍ മുന്നില്‍. ഓഹരി വിലകള്‍ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.

കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍ ട്രാവന്‍കൂര്‍ (FACT) ഓഹരികള്‍ തുടര്‍ച്ചയായ ഇടിവില്‍ നിന്ന് കരകയറുകയാണ്. ഇന്ന് അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ഓഹരി വില 4.58 രൂപയിലെത്തി. പാറ്റ്‌സ്പിന്‍ (7.15 ശതമാനം), പി.ടി.എല്‍ എന്റര്‍പ്രൈസസ് (4.71 ശതമാനം) തുടങ്ങിയവയും മികച്ച നേട്ടമുണ്ടാക്കി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കിലും ചുവപ്പിലേക്ക് വീഴാതെ പിടിച്ചു നില്‍ക്കാനായി.


Tags:    

Similar News