അമേരിക്കയില്‍ സമവായം; മൂന്നാംനാളിലും നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി സൂചികകള്‍

നിഫ്റ്റി ബാങ്ക് റെക്കോഡ് ഉയരത്തില്‍; 18,600ല്‍ തൊട്ടിറങ്ങി നിഫ്റ്റി, സെന്‍സെക്‌സ് 63,000വും തൊട്ടു, മുന്നേറിയവരില്‍ കിറ്റെക്‌സും നിറ്റ ജെലാറ്റിനും

Update: 2023-05-29 12:36 GMT

ആഭ്യന്തര, ആഗോളതലങ്ങളില്‍ നിന്ന് അനുകൂലമായ കാറ്റടിച്ചതിന്റെ ആവേശത്തില്‍ തുടര്‍ച്ചയായ മൂന്നാംനാളിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരികള്‍. അമേരിക്കയില്‍ ജോ ബൈഡന്‍ ഭരണകൂടത്തിന് ആശ്വാസം പകര്‍ന്ന് ഡെറ്റ് സീലിംഗ് വിഷയത്തിലെ ചര്‍ച്ചകള്‍ അനുരഞ്ജനത്തോടെ അവസാനിച്ചതാണ് ആഗോള ഓഹരികള്‍ക്ക് കരുത്തായത്. കടമെടുക്കാനുള്ള പരിധി (ഡെറ്റ് സീലിംഗ്) ഉയര്‍ത്തുന്നതില്‍ സമവായമായതോടെ, ബൈഡൻ ഭരണകൂടം കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച (Default) വരുത്തില്ലെന്ന് ഉറപ്പായി. ചരിത്രത്തിലാദ്യമായി അമേരിക്കന്‍ സര്‍ക്കാര്‍ കടംവീട്ടലില്‍ വീഴ്ചവരുത്തുമോയെന്ന ആശങ്കയിലായിരുന്നു ലോകം.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം 


 സെന്‍സെക്‌സ് ഇന്ന് 344.69 പോയിന്റ് (0.55 ശതമാനം) മുന്നേറി 62,846.38ലും നിഫ്റ്റി 99.30 പോയിന്റ് നേട്ടവുമായി (0.54 ശതമാനം) 18,598.65ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഒരുവേള നിഫ്റ്റി ഇന്ന് 18,641.20 വരെ ഉയര്‍ന്നിരുന്നു; സെന്‍സെക്‌സ് 63,000വും കടന്നിരുന്നു. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് ഒരുലക്ഷം കോടി രൂപയിലധികം മുന്നേറി 283.80 ലക്ഷം കോടി രൂപയിലുമെത്തി.

അമേരിക്കയിലെ വോള്‍സ്ട്രീറ്റ്, നാസ്ഡാക്ക് എന്നിവയുടെ നേട്ടം, യൂറോപ്പ്യന്‍ ഓഹരികളുടെ ആദ്യ സെഷനിലെ നേട്ടം, ജപ്പാനിലെ നിക്കേയ് സൂചികയുടെ 33 വര്‍ഷത്തെ ഉയരത്തിലേക്കുള്ള കുതിച്ചുകയറ്റം തുടങ്ങിയവയും ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളെ സ്വാധീനിച്ചു. ഇന്ത്യയുടെ 2022-23ലെയും മാര്‍ച്ച് പാദത്തിലെയും ജി.ഡി.പി വളര്‍ച്ചാക്കണക്ക് മെയ് 31ന് അറിയാം. മികച്ച വളര്‍ച്ചയാകും കുറിക്കുകയെന്ന വിലയിരുത്തലുകളും ഓഹരി നിക്ഷേപകര്‍ക്ക് ആവേശമാകുന്നുണ്ട്. അതേസമയം, രൂപ ഇന്ന് നിരാശപ്പെടുത്തി. ഡോളറിനെതിരെ 0.07 ശതമാനം നഷ്ടവുമായി 82.63ലാണ് രൂപയുള്ളത്. ചൈനീസ് ഓഹരികളുടെയും ചൈനീസ് യുവാന്റെയും വീഴ്ച ഒരു പ്രതിഫലനമുണ്ടാക്കി. അമേരിക്കന്‍ ട്രഷറി യീല്‍ഡുകളുടെ മുന്നേറ്റവും തിരിച്ചടിയായി.
മുന്നേറിയവര്‍
ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി എന്നിവ ഒഴികെയുള്ള ഓഹരി വിഭാഗങ്ങളിലെല്ലാം ഇന്ന് മികച്ച വാങ്ങലുണ്ടായി. നിഫ്റ്റി ബാങ്ക് സൂചിക പുതിയ ഉയരംതൊട്ടു. 0.67 ശതമാനം ഉയര്‍ന്ന് 44,311.90ലാണ് നിഫ്റ്റി ബാങ്ക് സൂചികയുള്ളത്. നിഫ്റ്റി ഓട്ടോ, ധനകാര്യം, ലോഹം, റിയാല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.60 മുതല്‍ 1.2 ശതമാനം വരെ നേട്ടമെഴുതി.
ഇന്ന് ഏറ്റവുമധികം മുന്നേറിയവർ 

 

ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഐ.ആര്‍.സി.ടി.സി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ടൈറ്റന്‍, ടാറ്റാ സ്റ്റീല്‍, എച്ച്.ഡി.എഫ്.സി., അള്‍ട്രാടെക് സിമന്റ്, എസ്.ബി.ഐ., ഐ.ടി.സി., ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയും മികച്ച വാങ്ങല്‍ ദൃശ്യമായി. ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം പ്രഖ്യാപിച്ചതിന്റെ കരുത്തില്‍ ഐ.ടി.സി ഓഹരികള്‍ റെക്കോഡ് ഉയരം തൊടുകയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക് കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനമാണ് ഐ.സി.ഐ.സി.ഐ ലൊമ്പാര്‍ഡിന്റെ ഓഹരികള്‍ ഇന്ന് 8 ശതമാനത്തിലധികം കുതിക്കാന്‍ വഴിതെളിച്ചത്.
നിരാശപ്പെടുത്തിയവര്‍
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ 

 

നാലാംപാദ ലാഭം 53 ശതമാനം ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഒ.എന്‍.ജി.സി ഓഹരികള്‍ ഇന്ന് 4 ശതമാനം വരെ തളര്‍ന്നു. ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്, അദാനി ടോട്ടല്‍ ഗ്യാസ്, ബോഷ്, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റ് കമ്പനികള്‍. എച്ച്.സി.എല്‍ ടെക്, പവര്‍ ഗ്രിഡ്, മാരുതി, വിപ്രോ, ടി.സി.എസ്., ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയും നഷ്ടത്തിലാണ്.
കുതിച്ചും കിതച്ചും കേരള ഓഹരികള്‍

നാലാംപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ട പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ ഓഹരികള്‍ ഇന്ന് 7.17 ശതമാനം ഇടിഞ്ഞു. നാലാംപാദത്തില്‍ 5.79 കോടി രൂപയാണ് നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് നഷ്ടം കൂടി.  നാലാംപാദത്തില്‍ 5.79 കോടി രൂപയാണ് നഷ്ടം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് നഷ്ടം കൂടി. പ്രവര്‍ത്തനഫലം പുറത്തുവിട്ട ഹാരിസണ്‍സ് മലയാളം 3.86 ശതമാനം ഇടിഞ്ഞു. 4.81 ശതമാനം നഷ്ടത്തിലാണ് സ്‌കൂബിഡേ ഓഹരികള്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസും 4 ശതമാനത്തിലധികം നഷ്ടത്തിലാണ്.

ഇന്ന് കേരള കമ്പനികൾ നടത്തിയ പ്രകടനം 

 

പുതിയ മാനേജിംഗ് ഡയറക്ടറെത്തുന്ന  നിറ്റ ജെലാറ്റിന്‍ കമ്പനിയുടെ ഓഹരികള്‍ ഇന്ന് 4.48 ശതമാനം ഉയര്‍ന്നു. കിറ്റെക്‌സിന്റെ ഓഹരികള്‍ 5.19 ശതമാനം നേട്ടത്തിലാണ്. കിംഗ്‌സ് ഇന്‍ഫ്ര 3 ശതമാനം ഉയര്‍ന്നു. എ.വി.ടി., ഈസ്റ്റേണ്‍, ഫാക്ട്, മണപ്പുറം, മുത്തൂറ്റ് കാപ്പിറ്റല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എന്നിവയും ഭേദപ്പെട്ട നേട്ടത്തിലാണ്.

Tags:    

Similar News