നാലാംനാളിലും ഓഹരിക്ക് വീഴ്ച; ബാങ്ക് നിഫ്റ്റിക്ക് വന്‍ ക്ഷീണം, കുതിച്ചുയര്‍ന്ന് മസഗോണും കൊച്ചിന്‍ ഷിപ്പ്‌യാഡും

4 ദിവസത്തിനിടെ നഷ്ടം 5 ലക്ഷം കോടി; മുന്നേറി പേയ്ടിഎമ്മും സുസ്‌ലോണും ആദിത്യ ബിര്‍ള ഫാഷനും

Update:2024-05-29 17:56 IST
ആഗോള, ആഭ്യന്തരതലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദപ്പേമാരിയില്‍പ്പെട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും വീണു. തുടര്‍ച്ചയായ നാലാം നാളിലാണ് വീഴ്ച. നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത് തന്നെ. വ്യാപാരാന്ത്യത്തില്‍ സെന്‍സെക്‌സുള്ളത് 667.55 പോയിന്റ് (-0.89%) ഇടിഞ്ഞ് 74,502.90ലും നിഫ്റ്റിയുള്ളത് 183.45 പോയിന്റ് (-0.8%) താഴ്ന്ന് 22,704.70ലുമാണ്.
ജൂണ്‍ 4ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കേ നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ തുടരുമോ അതോ ഭൂരിപക്ഷം കുത്തനെ താഴുമോ അതുമല്ല, ഇനി 'ഇന്ത്യ' സഖ്യം അധികാരത്തിലേറുമോ തുടങ്ങിയ ആശങ്കകളാണ് ഓഹരി നിക്ഷേപകരെയും വലയ്ക്കുന്നത്. എന്‍.ഡി.എ സര്‍ക്കാര്‍ നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും അധികാരത്തിലേറണമെന്ന ആഗ്രഹമാണ് വിപണിക്കുള്ളത്. കാരണം, നിലവിലെ നയങ്ങളുടെ തുടര്‍ച്ച അവര്‍ ആഗ്രഹിക്കുന്നു.
അഥവാ 'ഇന്ത്യ' സഖ്യം അധികാരത്തിലേറിയാല്‍ നിലവിലെ നയങ്ങള്‍ അപ്പാടെ മാറ്റിമറിച്ചേക്കുമെന്ന ഭീതിയാണ് വിപണിയില്‍ സമ്മര്‍ദ്ദപ്പേമാരിയാകുന്നത്. അതേസമയം, ഇന്ത്യയുടെ ജി.ഡി.പി കണക്കും അമേരിക്കയുടെ പണപ്പെരുപ്പക്കണക്കും ഈയാഴ്ച അറിയാമെന്നതും നിക്ഷേപകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അമേരിക്കയില്‍ പണപ്പെരുപ്പം കൂടിയേക്കുമെന്ന ശ്രുതികള്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയെങ്കില്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് സമീപഭാവിയിലെങ്ങും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കില്ലെന്നതാണ് നിക്ഷേപകരെ നിരാശരാക്കുന്നത്.
അമേരിക്കയിലെയും ജര്‍മ്മനി, ബ്രിട്ടന്‍ എന്നിങ്ങനെ യൂറോപ്പിലെയും പ്രമുഖ ഓഹരി വിപണികള്‍ നഷ്ടത്തിലായിരുന്നു എന്നതും ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികളെയും ദുര്‍ബലപ്പെടുത്തി.
വിപണിയുടെ ട്രെന്‍ഡ്
ആഭ്യന്തര ധനകാര്യസ്ഥാപനങ്ങള്‍ (DIIs) ഓഹരികള്‍ വാങ്ങിക്കൂട്ടുന്നുണ്ടെങ്കിലും വിദേശ നിക്ഷേപകരും (FIIs), റീറ്റെയ്ല്‍ നിക്ഷേപകരും ജാഗ്രതയോടെ വിപണിയെ സമീപിക്കുകയാണ്. ജൂണ്‍ 4ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുംവരെ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് പലരും.
ഇന്ന് വിവിധ ഓഹരി വിഭാഗങ്ങൾ കാഴ്ചവെച്ച പ്രകടനം 

 

ഈ പശ്ചാത്തലത്തില്‍ ലാഭമെടുത്തുള്ള പിന്മാറ്റമാണ് വിപണിയെ താഴ്ത്തുന്നത്. ധനകാര്യ ഓഹരികളാണ് കൂടുതലും ലാഭമെടുപ്പ് സമ്മര്‍ദ്ദത്തില്‍പ്പെട്ടത്. ഇന്നലെ നേട്ടമുണ്ടാക്കിയ ഇന്‍ഷ്വറന്‍സ് ഓഹരികളിലും ഇന്ന് സമ്മര്‍ദ്ദപ്പെരുമഴ പെയ്തു.
ക്രൂഡോയില്‍ വില കൂടുന്നതിനാല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളും നിരാശപ്പെടുത്തുന്നു. റിയല്‍റ്റി, ഐ.ടി ഓഹരികളും വില്‍പനസമ്മര്‍ദ്ദത്തിലാണ്.
വിശാല വിപണിയില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് 1.36 ശതമാനം, ഓയില്‍ ആന്‍ഡ് ഗ്യാസ് 1.01 ശതമാനം, റിയല്‍റ്റി 0.90 ശതമാനം, ഐ.ടി ഒരു ശതമാനം, ധനകാര്യ സേവനം 1.65 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.
ബാങ്ക് നിഫ്റ്റി 1.30 ശതമാനം താഴേക്കുപതിച്ചു. നിഫ്റ്റി സ്‌മോള്‍ക്യാപ്പ് 0.06 ശതമാനം മാത്രം ഉയര്‍ന്നു. മിഡ്ക്യാപ്പ് 0.32 ശതമാനം നഷ്ടത്തിലായി. 0.55 ശതമാനം ഉയര്‍ന്ന നിഫ്റ്റി ഫാര്‍മയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
നിഫ്റ്റി50ല്‍ 13 ഓഹരികളെ പച്ചതൊട്ടുള്ളൂ. 37 എണ്ണം ചുവന്നു. 3.52 ശതമാനം ഉയര്‍ന്ന് ഹിന്‍ഡാല്‍കോ നേട്ടത്തില്‍ ഒന്നാമത്തെത്തി. ഉപകമ്പനിയായ നൊവെലിസ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഹിന്‍ഡാല്‍കോയുടെ നേട്ടം.
കഴിഞ്ഞദിവസത്തെ നേട്ടം മുതലെടുത്ത് നിക്ഷേപകര്‍ ഇന്ന് ലാഭമെടുപ്പ് നടത്തിയത് ഇന്‍ഷ്വറന്‍സ് ഓഹരികളെ വീഴ്ത്തി. എച്ച്.ഡി.എഫ്.സി ലൈഫ് 2.90 ശതമാനവും എസ്.ബി.ഐ ലൈഫ് 2.53 ശതമാനവും താഴ്ന്ന് നിഫ്റ്റി 50ല്‍ നഷ്ടത്തില്‍ മുന്നിലെത്തി.
ബി.എസ്.ഇയുടെ കിതപ്പ്
ബി.എസ്.ഇയില്‍ ഇന്ന് 1,623 ഓഹരികള്‍ നേട്ടത്തിലും 2,207 എണ്ണം നഷ്ടത്തിലുമായിരുന്നു. 99 ഓഹരികളുടെ വില മാറിയില്ല.
150 ഓഹരികള്‍ 52-ആഴ്ചത്തെ ഉയരവും 43 എണ്ണം താഴ്ചയും കണ്ടു. അപ്പര്‍, ലോവര്‍-സര്‍ക്യൂട്ടുകള്‍ കാലിയായിരുന്നു. ബി.എസ്.ഇയിലെ മൊത്തം ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്ന് 1.84 ലക്ഷം കോടി രൂപ താഴ്ന്ന് 415.09 ലക്ഷം കോടി രൂപയായി. കഴിഞ്ഞ നാല് ദിവസത്തെ വീഴ്ചയ്ക്കിടെ ഒലിച്ചുപോയത് 5.12 ലക്ഷം കോടി രൂപയാണ്.
കൂടുതല്‍ നിരാശപ്പെടുത്തിയവര്‍
സെന്‍സെക്‌സില്‍ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, എല്‍ ആന്‍ഡ് ടി., ടി.സി.എസ് എന്നിവ സെന്‍സെക്‌സിലെ നഷ്ടത്തിന് നേതൃത്വം കൊടുത്തു.
ഇന്ന് കൂടുതൽ നഷ്ടം കുറിച്ചവർ 

 

ലാഭമെടുപ്പ് സമ്മര്‍ദ്ദത്തിലമര്‍ന്ന ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ ലൈഫ്, മാക്രോടെക്, ഡെല്‍ഹിവെറി, ഐ.ആര്‍.സി.ടി.സി., ഇന്‍ഡിഗോ ഓഹരികളാണ് നിഫ്റ്റി200ല്‍ 3.4 മുതല്‍ 4 ശതമാനം വരെ ഇടിഞ്ഞ് നഷ്ടത്തില്‍ മുന്നില്‍. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മാര്‍ച്ചുപാദഫലമാണ് ഐ.ആര്‍.സി.ടി.സിയെ തളര്‍ത്തിയത്.
നേട്ടം കുറിച്ചവര്‍
നിഫ്റ്റി200ല്‍ മാസഗോണ്‍ ഡോക്ക് 11.10 ശതമാനം കുതിച്ച് നേട്ടത്തില്‍ മുന്നിലെത്തി. മികച്ച മാര്‍ച്ചുപാദ ഫലമാണ് കരുത്തായത്. പാദത്തില്‍ ലാഭം 101 ശതമാനമാണ് ഉയര്‍ന്നത്. വരുമാനം 49 ശതമാനവും. പ്രതി ഓഹരി നേട്ടം (EPS) 16.17 രൂപയില്‍ നിന്ന് 36.87 രൂപയായി മെച്ചപ്പെട്ടതും ഊര്‍ജമായി.
ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ 

 

10-ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ബ്രേക്കിട്ട് ഇന്നലെ നഷ്ടത്തിലേക്ക് വീണ ഭാരത് ഡൈനാമിക്‌സ് ഇന്ന് വീണ്ടും നേട്ടത്തിലേറി. ഓഹരി 6.25 ശതമാനം ഉയര്‍ന്നു.
അദാനി ഓഹരി വാങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പേയ്ടിഎം ഇന്ന് 5 ശതമാനം ഉയര്‍ന്ന് അപ്പര്‍-സര്‍ക്യൂട്ടിലെത്തി. മാര്‍ച്ചുപാദത്തില്‍ വരുമാനം 18 ശതമാനം ഉയര്‍ന്നെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആദിത്യ ബിര്‍ള ഫാഷന്‍ 5 ശതമാനം ഉയര്‍ന്നു.
ആദിത്യ ബിര്‍ളയില്‍ നിന്ന് ഗുജറാത്തിലും രാജസ്ഥാനിലുമായി ആകെ 551.25 മെഗാവാട്ടിന്റെ പ്ലാന്റ് സ്ഥാപിക്കാനുള്ള ഓര്‍ഡര്‍ കിട്ടിയ കരുത്തില്‍ സുസ്‌ലോണ്‍ എനര്‍ജി ഓഹരി ഇന്ന് 4.89 ശതമാനം ഉയര്‍ന്ന് നിഫ്റ്റി 200ലെ നേട്ടത്തില്‍ ടോപ്5ല്‍ ഇടംപിടിച്ചു.
കൊച്ചി കപ്പല്‍ശാല കസറി
മികച്ച മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം, യൂറോപ്പില്‍ നിന്നുള്ള പുതിയ ഓര്‍ഡര്‍, കപ്പല്‍ നിര്‍മ്മാണത്തിലെയും പ്രതിരോധ രംഗത്തെയും കമ്പനികള്‍ പൊതുവേ കാഴ്ചവയ്ക്കുന്ന നേട്ടം എന്നിവ ഊര്‍ജമാക്കി കൊച്ചിന്‍ ഷിപ്പ്‌യാഡ് ഓഹരി ഇന്ന് 5.92 ശതമാനം ഉയര്‍ന്നു. ഒരുവേള ഓഹരിവില റെക്കോഡ് 2,030 രൂപയിലെത്തി ഇന്ന്. കമ്പനിയുടെ വിപണിമൂല്യം 53,000 കോടി രൂപ കടന്നു.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം 

 

ഇന്‍ഡിട്രേഡ് 15.78 ശതമാനം കുതിച്ച് കേരള ഓഹരികളില്‍ ഇന്ന് കൂടുതല്‍ തളിങ്ങി. കെ.എസ്.ഇ 3.56 ശതമാനം, വി-ഗാര്‍ഡ് 3.65 ശതമാനം എന്നിങ്ങനെയും ഉയര്‍ന്നു.
വെര്‍ട്ടെക്‌സ് 5 ശതമാനം താഴ്ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒന്നര ശതമാനം നഷ്ടം കുറിച്ചു. കല്യാണ്‍ ജുവലേഴ്‌സ്, സ്‌കൂബിഡേ, മുത്തൂറ്റ് കാപ്പിറ്റല്‍, സി.എം.ആര്‍.എല്‍., സെല്ല, എ.വി.ടി., ആസ്റ്റര്‍ എന്നിവയും ഇന്ന് നിരാശപ്പെടുത്തി.
മോശം മാര്‍ച്ചുപാദ പ്രവര്‍ത്തനഫലമാണ് ആസ്റ്ററിനും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈലിനും (CMRL) തിരിച്ചടിയായത്. 'മാസപ്പടി' വിഷയത്തിലകപ്പെട്ട സി.എം.ആര്‍.എല്‍ ഇന്ന് മാര്‍ച്ചുപാദ പ്രവര്‍ത്തനഫലം പുറത്തുവിട്ടിട്ടുണ്ട്. ഏഴ് കോടിയോളം രൂപയുടെ നഷ്ടമാണ് കമ്പനി കുറിച്ചത്.
Tags:    

Similar News