രണ്ടാം ദിനവും വിപണിയില്‍ നിരാശ, കുതിച്ചുയര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി

സെന്‍സെക്‌സ് 202 പോയ്ന്റ് ഇടിഞ്ഞു, മണപ്പുറം ഫിനാന്‍സ് താഴേക്ക്; അദാനി ഓഹരികളിലും മുന്നേറ്റം

Update:2023-08-18 18:20 IST

തുടര്‍ച്ചയായ രണ്ടാം ദിനവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടത്തിനുശേഷം നിഫ്റ്റി 19300 ന് മുകളില്‍ പിടിച്ചു നിന്നു. ആഗോള വിപണികളിലെ പ്രശനങ്ങളെ തുടര്‍ന്ന് നെഗറ്റീവ് നോട്ടില്‍ വ്യാപാരം തുടങ്ങിയ വിപണി ദിവസം മുഴുവന്‍ ചുവപ്പിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ചെറിയ മുന്നേറ്റമുണ്ടായെങ്കിലും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിക്കാനായത്.

55.10 പോയ്ന്റ് ഇടിഞ്ഞ് 19,310 ലാണ് നിഫ്റ്റിയുടെ ക്ലോസിംഗ്. സെന്‍സെക്‌സ് 202.36 പോയ്ന്റ് ഇടിഞ്ഞ് 64,948.66 ലും. ഈ ആഴ്ച ഇതു വരെ സെന്‍സെക്‌സും നിഫ്റ്റിയും 0.5 ശതമാനത്തോളം താഴേക്ക് പോയി. 2022 മേയ്ക്ക് ശേഷമുള്ള നീണ്ട നഷ്ടമാണിത്.

വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ നിലവാരം

ഇന്ന് 1,529 ഓഹരികള്‍ നേട്ടത്തിലും 2,082 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികളുടെ വിലയില്‍ മാറ്റമില്ല. 198 ഓഹരികള്‍ 52 ആഴ്ചയില്‍ ഉയര്‍ന്ന വില തൊട്ടപ്പോള്‍ 36 ഓഹരികള്‍ 52 ആഴ്ചയിലെ താഴ്ന്ന വിലയിലേക്ക് പോയി. ബാങ്കിംഗ്, ധനകാര്യ, ഐ.ടി ഓഹരികളാണ് വിപണിയെ താഴേക്ക് വലിച്ചത്.
നിരാശപ്പെടുത്തി ഐ.ടി
എഫ്.എം.സി.ജി, ഊര്‍ജ മേഖലകള്‍ ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഐ.ടി സൂചിക 1.5 ശതമാനവും മെറ്റല്‍ 1 ശതമാനവുമാണ് നഷ്ടമുണ്ടാക്കിയത്. യു.എസ് സാമ്പത്തികരംഗത്തെ കുറിച്ചുള്ള ആശങ്കകളാണ് ഐ.ടിയെ ബാധിച്ചത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, വിപ്രോ, എച്ച്.സി.എല്‍ ടെക് എന്നിവയെല്ലാം നഷ്ടത്തിലായിരുന്നു. ബി.എസ്.ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും താഴേക്കു പോയി.
രൂപയുടെ മൂല്യമിടിവ്, ആഭ്യന്തര പണപ്പെരുപ്പം, വിദേശ പണമൊഴുക്കിലെ കുറവ്, ചൈനയിലെ മാന്ദ്യം, യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കുമോ എന്ന ആശങ്ക എന്നിവയെല്ലാം വിപണിയില്‍ ലാഭമെടുക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. 

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

 ബജാജ് ഹോള്‍ഡിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്, ആസ്ട്രല്‍, ഇന്‍ഫോ എഡ്ജ്, പേജ് ഇന്‍ഡസ്ട്രീസ്, ഗ്ലാന്‍ഡ് ഫാര്‍മ എന്നിവയാണ് ഇന്ന് നിഫ്റ്റി 200ല്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരികള്‍.  ബിര്‍ളസോഫ്റ്റ്, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് എന്നിവയും ഇന്ന് കാര്യമായ ഇടിവ് രേഖപ്പെടത്തി.

നേട്ടത്തിലേറിയവര്‍

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, അംബുജ സിമന്റ്‌സ് , അദാനി വില്‍മര്‍ എന്നിവ ഇന്ന് നേട്ടമുണ്ടാക്കി. അബൂദബി നാഷണല്‍ എനര്‍ജി കമ്പനിയായ തക്വാ (TAQA) അദാനി പവറില്‍ 250 കോടി ഡോളറിന്റെ നിക്ഷേപം നടത്തുവെന്ന റിപ്പോർട്ടുകളാണ് അദാനി കമ്പനികളിൽ മുന്നേറ്റമുണ്ടാക്കിയത്. സി.ജി പവര്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ് ഇന്ന് നാല് ശതമാനത്തിനുമുകളില്‍ കയറി.

ഇന്ന് കൂടുതൽ നേട്ടം കുറിച്ചവർ

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെട്ട ധനകാര്യ കമ്പനിയായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ലിസ്റ്റിംഗ് ഓഗസ്റ്റ് 21 നുണ്ടാകു
മെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐ.പി.ഒയ്ക്കു ശേഷം കോണ്‍കോര്‍ഡ് ബയോടെക് ഇന്ന് 21 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത്. ഇഷ്യു വിലയേക്കാള്‍ 27 ശതമാനം ഉയര്‍ന്നാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

ഡി.ബി റിയല്‍റ്റി, സി.ജി പവര്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ സൊലൂഷന്‍സ്, ജ്യോതി ലാബ്‌സ്, പട്ടേല്‍ എന്‍ജിനീയറിംഗ്, വീനസ് പൈപ്പ്‌സ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ടിവി18 ബ്രോഡ് കാസ്റ്റ്, ആര്‍.ഇ.സി, മിന്‍ഡ കോര്‍പ്പറേഷന്‍, എസ്‌കോര്‍ട്‌സ് കുബോട്ട എന്നീ ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു.
താരമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

പുതിയ മാനേജിംഗ് ഡയറക്ടറും സി.ഇഒയുമായി പി.ആര്‍ ശേഷാദ്രിയെ നിയമിക്കാന്‍ ബാങ്കിന്റെ സെര്‍ച്ച് കമ്മിറ്റി നല്‍കിയ ശുപാര്‍ശ റിസര്‍വ് ബാങ്ക് അംഗീകരിച്ച വാര്‍ത്തകള്‍ ഇന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കി. എന്‍.എസ്.ഇയില്‍ 22.45 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരി ഇന്ന് ഒരുവേള 11 ശതമാനം കുതിച്ച് 23.45 രൂപ വരെ ഉയര്‍ന്നിരുന്നു. വ്യാപാരം അവസാനിക്കുമ്പോള്‍ 6.16% ഉയര്‍ന്ന് 22.40 രൂപയിലാണ് ഓഹരിയുള്ളത്.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം ഉയര്‍ന്നു. സി.എസ്.ബി ബാങ്ക്, സെല്ല സ്‌പേസ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. വി-ഗാര്‍ഡ്, ഏ.വി.റ്റി നാച്വറല്‍ പ്രോഡക്ട്‌സ്, വണ്ടര്‍ലാ എന്നിയും നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ ഉള്‍പ്പെടുന്നു.

കേരള ഓഹരികളുടെ ഇന്നത്തെ നിലവാരം

കേരള കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത് സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് ഓഹരികളാണ്. 14.50 ശതമാനാണ് ഇടിവ്.  മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം ഇടിഞ്ഞു. മേയ് 12 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്ന് ഓഹരിയിലുണ്ടായത്. പ്രീ-മാര്‍ക്കറ്റ് സമയത്ത് 13 ലക്ഷത്തോളം ഓഹരികളാണ് വ്യാപാരം ചെയ്തിരുന്നു. ബി.പി.എല്‍, എഫ്.എ.സി.ടി, കല്യാണ്‍ ജുവലേഴ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് നഷ്ടമുണ്ടാക്കിയ മറ്റ് പ്രമുഖ കേരള കമ്പനികള്‍.
Tags:    

Similar News