എങ്ങും തകർച്ച; ഇന്ത്യൻ വിപണിയും താഴ്ന്ന തുടക്കത്തിലേക്ക്; മാന്ദ്യഭീതി പടരുന്നു; സംഘർഷം കൂടുമ്പോഴും ക്രൂഡ് ഓയിൽ വില താഴുന്നു; ക്രിപ്റ്റോകൾ ഇടിഞ്ഞു
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കണ്ടു നിൽക്കുക എന്നതു മാത്രമാണു തൽക്കാലം സ്വീകാര്യമായ മാർഗം
ആഗോള വിപണികളിൽ തകർച്ച തുടരുന്നു. ആ മേഘവിസ്ഫോടനത്തിൻ്റെ തുടർ പ്രത്യാഘാതങ്ങൾ ഇന്ത്യൻ വിപണിയിലും തുടരും. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കണ്ടു നിൽക്കുക എന്നതു മാത്രമാണു തൽക്കാലം സ്വീകാര്യമായ മാർഗം. ലാഭം എടുക്കാൻ പറ്റിയ വിൽപന സാധ്യതകൾ ഉണ്ടെങ്കിൽ മാത്രം ഉപയോഗപ്പെടുത്തുക. ഏതാനും ദിവസങ്ങൾക്കു ശേഷം വിപണി കുറേക്കൂടി ശാന്തമാകും എന്നു പ്രതീക്ഷിക്കാം.
വ്യാഴാഴ്ച റിസർവ് ബാങ്കിൻ്റെ പണനയ കമ്മിറ്റി തീരുമാനം പ്രഖ്യാപിക്കുന്നതാണ് ഈ ആഴ്ചയിലെ പ്രധാന സാമ്പത്തിക അറിയിപ്പ്. ഇന്നു സേവന മേഖലയുടെ പിഎംഐ സൂചിക അറിവാകും.
ഇപ്പോഴത്തെ കോളിളക്കം വിപണിയുടെ അനിവാര്യമായ ഒരു തിരുത്തലിൽ ഒതുങ്ങും എന്നു പ്രതീക്ഷിക്കുന്നവരാണ് നിരീക്ഷകരിൽ ഭൂരിഭാഗം. അവർ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നില്ല. ആ നിഗമനങ്ങൾ തെറ്റിയാൽ വിപണിയിൽ പ്രതീക്ഷയിലധികം തകർച്ച ഉണ്ടാകാം. പശ്ചിമേഷ്യൻ സംഘർഷവും സാഹചര്യത്തെ മോശമാക്കുന്നു. എങ്കിലും ക്രൂഡ് ഓയിൽ വില താഴുകയാണ്. മാന്ദ്യഭീതിയാണ് എണ്ണ വിപണിയുടെ താഴ്ചയ്ക്കു കാരണം.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 24,628 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,340 ലേക്കു താണു. ഇന്ത്യൻ വിപണി ഇന്നും കുത്തനേ ഇടിഞ്ഞ് വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച മൂന്നു ശതമാനത്തോളം ഇടിഞ്ഞു. ടെക്‌നോളജി, ബാങ്ക്, ധനകാര്യ ഓഹരികൾക്കാണു വലിയ തകർച്ച.
യുഎസ് വിപണി വെള്ളിയാഴ്ചയും വലിയ തകർച്ച നേരിട്ടു. കുത്തനേ ഇടിഞ്ഞു വ്യാപാരം തുടങ്ങിയ വിപണി കുറേക്കൂടി താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നും താഴ്ചയാണെന്നു ഫ്യൂച്ചേഴ്സ് വ്യാപാരം കാണിക്കുന്നു. യുഎസ് തൊഴിൽ മേഖലയുടെ ദൗർബല്യം വെള്ളിയാഴ്ച പുറത്തുവന്ന കണക്കുകൾ സ്ഥിരീകരിച്ചു.
യുഎസ് തൊഴിലില്ലായ്മ കഴിഞ്ഞ മാസ 4.1 ൽ നിന്ന് 4.3 ശതമാനമായി ഉയർന്നു. ജൂലെെയിലെ കാർഷികേതര തൊഴിൽ വർധന 1.14 ലക്ഷം മാത്രമായിരുന്നു. 1.85 ലക്ഷം പ്രതീക്ഷിച്ചതാണ്. ജൂണിലെ വർധന 1.79 ലക്ഷമായിരുന്നു.
ജൂലെെയിലെ സേവന മേഖലയുടെ പിഎംഐ തിങ്കളാഴ്ച പുറത്തുവരും. ജൂണിൽ 48.8 ആയിരുന്ന സൂചിക 50.9 ആകുമെന്നാണു നിഗമനം. അതിലും താഴെയായാൽ മാന്ദ്യം ഉറപ്പിച്ചേ എന്ന മുറവിളി ഉയരും. വിപണികൾ തകരും.
നാസ്ഡാക് കോംപസിറ്റ് സൂചിക തുടർച്ചയായ മൂന്നാം ആഴ്ചയും താഴ്ന്നതോടെ ജൂലൈയിലെ റെക്കോർഡിൽ നിന്ന് 10 ശതമാനത്തിലധികം ഇടിഞ്ഞു തിരുത്തൽ മേഖലയിൽ ആയി. അതു കൂടുതൽ താഴ്ചയ്ക്കു വഴി തെളിക്കും. എസ് ആൻഡ് പി റെക്കോർഡിൽ നിന്ന് 5.7 ഉം ഡൗ 3.9 ഉം ശതമാനം താഴ്ന്നാണു വാരാന്ത്യത്തിലേക്കു കടന്നത്.
വെള്ളിയാഴ്ചത്തെ തകർച്ചയ്ക്കു ശേഷവും ഇപ്പോഴത്തെ ബുൾ വിപണിക്കു തിരിച്ചടി ഇല്ലെന്നും ചെറിയ തിരുത്തലിനു ശേഷം കയറ്റം തുടരുമെന്നും പറയുന്ന വിപണി നിരീക്ഷകരും ഉണ്ട്. എങ്കിലും അവരും ഹ്രസ്വകാല തളർച്ച ഉണ്ടാകുമെന്നു പറയുന്നു.
വെള്ളിയാഴ്ച ഡൗ ജോൺസ് സൂചിക 610.71 പോയിൻ്റ് (1.51%) തകർച്ചയോടെ 39,737.30 ൽ അവസാനിച്ചു. എസ് ആൻഡ് പി 100.12 പോയിൻ്റ് (1.84%) ഇടിഞ്ഞ് 5346.56 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 417.98 പാേയിൻ്റ് (2.43%) നഷ്ടത്തിൽ 16,776.20 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സും ഇടിവിലാണ്. ഡൗ 0.78 ഉം എസ് ആൻഡ് പി 1.42 ഉം നാസ്ഡാക് 2.38 ഉം ശതമാനം താഴ്ന്നു നിൽക്കുന്നു.
വെള്ളിയാഴ്ച വലിയ തകർച്ചയിലായ ഏഷ്യൻ വിപണികൾ ഇന്നും ഇടിഞ്ഞു. ജപ്പാനിൽ നിക്കെെ റെക്കോർഡ് ഉയരത്തിൽ നിന്നു 15.4 ശതമാനം താഴ്ന്നാണു കഴിഞ്ഞ വാരം അവസാനിപ്പിച്ചത്. ഇന്നു വീണ്ടും ആറു ശതമാനത്തിലധികം താണു. കൊറിയൻ സൂചിക അഞ്ചും ഓസ്ട്രേലിയൻ സൂചിക മൂന്നും ശതമാനം വരെ താഴ്ന്നു.
ഇന്ത്യൻ വിപണി
ഇന്ത്യ ഒഴികെയുള്ള വിപണികളിൽ റെക്കോർഡ് ഉയരത്തിൽ നിന്നുള്ള താഴ്ച ആഴ്ചകൾക്കു മുമ്പേ തുടങ്ങിയിരുന്നു. ഇന്ത്യൻ വിപണി വ്യാഴാഴ്ചയാണ് റെക്കോർഡ് കുറിച്ചത്. അന്നു നിഫ്റ്റി 25,000 വും സെൻസെക്സ് 82,000വും കടന്നു.
വെളളിയാഴ്ച സെൻസെക്സ് 885.60 പാേയിൻ്റ് (1.08%) തകർച്ചയോടെ 80,981.95 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 293.20 പോയിൻ്റ് (1.17%) ഇടിഞ്ഞ് 24,717.70 ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 0.41% (213.85 പോയിൻ്റ്) താഴ്ന്ന് 51,350.15 ൽ അവസാനിച്ചു.
മിഡ് ക്യാപ് സൂചിക 0.99 ശതമാനം ഇടിഞ്ഞ് 57,913.65 ലും സ്മോൾ ക്യാപ് സൂചിക 0.79% താഴ്ന്ന് 18,800.60 ലും വ്യാപാരം അവസാനിപ്പിച്ചു.
വിദേശനിക്ഷേപകർ വെളളിയാഴ്ച ക്യാഷ് വിപണിയിൽ 3310 കോടി രൂപയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 2965.94 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
പാശ്ചാത്യ - ഏഷ്യൻ വിപണികളിൽ ചോരപ്പുഴ തുടരുന്നത് ഇന്ത്യയിലും തകർച്ച തുടരാൻ കാരണമാകും എന്നാണു വിപണി നിരീക്ഷകർ കരുതുന്നത്. ഇന്നു നിഫ്റ്റി സൂചികയ്ക്ക് 24,690 ലും 24,590 ലും പിന്തുണ ഉണ്ട്. 24,735 ലും 24,855 ലും തടസം ഉണ്ടാകാം.
ഇൻ്റൽ തകർച്ചയിൽ; ആപ്പിളിന് എന്തു സംഭവിക്കും?
15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്നും അടുത്ത പാദങ്ങളിലും വരുമാനവും ലാഭവും കുറയുമെന്നും അറിയിച്ച ഇൻ്റൽ കോർപ് ഓഹരികൾ 26 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വിപണിമൂല്യം ഈ വർഷത്തെ ഉയർന്ന നിലയിൽ നിന്ന് 58 ശതമാനം താഴെയാണ്. എൻവിഡിയ അടക്കം മറ്റു പ്രധാന ചിപ് നിർമാതാക്കളുടെയും ഓഹരി വില 23 മുതൽ 49 വരെ ശതമാനം ഇടിഞ്ഞാണു നിൽക്കുന്നത്.
ആപ്പിളിലെ ഏറ്റവും വലിയ നിക്ഷേപകനായ വാറൻ ബഫറ്റിൻ്റെ ബെർക് ഷയർ ഹാഥവേ കഴിഞ്ഞ പാദത്തിൽ 49 ശതമാനം ഓഹരികൾ വിറ്റു. ഇപ്പോഴും ആപ്പിളിലെ ഏറ്റവും വലിയ നിക്ഷേപകനായി ബഫറ്റ് തുടരുന്നു. എങ്കിലും ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിൽ വിശ്വസിക്കുന്ന ബഫറ്റിൻ്റെ വിൽപന വിവരം തിങ്കളാഴ്ച ആപ്പിൾ ഓഹരിയെയും മറ്റു ടെക് ഓഹരികളെയും തളർത്തും. ഒന്നാം പാദത്തിൽ ആപ്പിളിലെ 13 ശതമാനം ഓഹരി ബഫറ്റ് വിറ്റതാണ്. വിൽപനകൾക്കു ശേഷം ബെർക് ഷയർ ഹാഥവേയുടെ പക്കൽ പണമായി 27,700 കോടി ഡോളർ ഉണ്ട്. വിപണിയിൽ നല്ല നിക്ഷേപ അവസരങ്ങൾ ഇല്ലെന്ന സൂചനയാണ് ഇതു നൽകുന്നത്.
സ്വർണം ഉയരത്തിൽ
വെള്ളിയാഴ്ച സ്വർണം അൽപം താഴ്ന്ന് 2444.10 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2434 ഡോളറിലേക്കു താഴ്ന്നു.
കേരളത്തിൽ സ്വർണവില വെള്ളിയാഴ്ച പവന് 240 രൂപ വർധിച്ച് 51,840 രൂപയിൽ എത്തി. പിറ്റേന്ന് 80 രൂപ കുറഞ്ഞ് 51,760 രൂപയായി.
വെള്ളിവില ഔൺസിന് 28.40 ഡോളറിലാണ്.
ഡോളർ സൂചിക വെള്ളിയാഴ്ച ഇടിഞ്ഞ് 103.22 ലേക്കു താഴ്ന്നു ക്ലോസ് ചെയ്തു. ഇന്നു രാവിലെ 103.30 ലാണ്.
രൂപ കഴിഞ്ഞ ദിവസം താഴ്ന്നു. ഡോളർ മൂന്നു പെെസ കയറി 83.75 രൂപ എന്ന റെക്കോർഡിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ താഴുന്നു
പശ്ചിമേഷ്യൻ സംഘർഷഭീതി നിലനിൽക്കുകയാണെങ്കിലും ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം വെള്ളിയാഴ്ച 77.28 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 77.06 ഡോളറിലാണ്. ഡബ്ല്യുടിഐ ഇനം 73.66 ഉം യുഎഇയുടെ മർബൻ ക്രൂഡ് 75.99 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ ഭിന്ന ദിശകളിലായി. ചെമ്പ് 0.24 ശതമാനം താഴ്ന്നു ടണ്ണിന് 8976.85 ഡോളറിൽ എത്തി. അലൂമിനിയം 0.88 ശതമാനം കുറഞ്ഞ് ടണ്ണിന് 2276.07 ഡോളറായി. നിക്കൽ, സിങ്ക്, ടിൻ എന്നിവ രണ്ടു ശതമാനത്തോളം ഉയർന്നു.
വാരാന്ത്യത്തിൽ ക്രിപ്റ്റാേ കറൻസികൾ വലിയ ഇടിവിലായി. ബിറ്റ് കോയിൻ 16 ശതമാനം ഇടിഞ്ഞ് 54,000 ഡോളറിനു താഴെ എത്തി. ഇന്നു രാവിലെ 54,750 നടുത്താണ്. ഈഥർ 2300 ഡോളർ വരെ ഇടിഞ്ഞിട്ട് ഇന്നു രാവിലെ 2360 നു താഴെയാണ്. മാന്ദ്യ ഭീതിയാണു ക്രിപ്റ്റോകളെയും വീഴ്ത്തിയത്.
വിപണിസൂചനകൾ
(2024 ഓഗസ്റ്റ് 2, വെള്ളി)
സെൻസെക്സ് 30 80,981.95 -1.08%
നിഫ്റ്റി50 24,717.70 -1.17%
ബാങ്ക് നിഫ്റ്റി 51,350.15 -0.41%
മിഡ് ക്യാപ് 100 57,913.65 -0.99%
സ്മോൾ ക്യാപ് 100 18,800.60 -0.79%
ഡൗ ജോൺസ് 30 39,737.30 -1.51%
എസ് ആൻഡ് പി 500 5346.56 -1.84%
നാസ്ഡാക് 16,776.20 -2.43%
ഡോളർ($) ₹83.75 +₹0.03
ഡോളർ സൂചിക 103.22 -1.20
സ്വർണം (ഔൺസ്) $2444.10 -$03.00
സ്വർണം (പവൻ) ₹51,760 -₹80
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $77.28 -$02.24