നേട്ടം നിലനിര്‍ത്തി സൂചികകള്‍, മിഡ് / സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും കയറ്റത്തില്‍, ഡാറ്റ ചോര്‍ച്ചയില്‍ സ്റ്റാര്‍ ഹെല്‍ത്തിന് നഷ്ടം
രത്തന്‍ ടാറ്റയുടെ നിര്യാണം മൂലം ടിസിഎസ് ഇന്നു വൈകുന്നേരം നടത്താനിരുന്ന റിസല്‍ട്ട് പ്രഖ്യാപനം മാറ്റി വച്ചു;
വിപണി ഇന്നു നേട്ടത്തില്‍ വ്യാപാരം തുടങ്ങി. രാവിലെ അര ശതമാനം വരെ കയറിയ മുഖ്യ സൂചികകള്‍ പിന്നീടു നേട്ടം കുറച്ചു.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നും കയറ്റത്തിലാണ്. ഫാര്‍മ, ഹെല്‍ത്ത് കെയര്‍, എഫ്എംസിജി മേഖലകള്‍ ഇന്നു താഴ്ചയിലായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്നു രാവിലെ താഴ്ന്നു. പിന്നീട് നേട്ടത്തിലായി. ഈ മാസം ഇതിനകം ഒരു ദിവസമേ റിലയന്‍സ് ഓഹരി ഉയര്‍ന്നുള്ളു. തിങ്കളാഴ്ച റിലയന്‍സ് രണ്ടാം പാദ റിസല്‍ട്ട് പ്രഖ്യാപിക്കും.
രത്തന്‍ ടാറ്റയുടെ നിര്യാണം മൂലം ടിസിഎസ് ഇന്നു വൈകുന്നേരം നടത്താനിരുന്ന റിസല്‍ട്ട് പ്രഖ്യാപനം മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
1,000 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ ലഭിച്ചത് എല്‍ ആന്‍ഡ് ടിയെ രണ്ടു ശതമാനം ഉയര്‍ത്തി.
സ്റ്റാര്‍ ഹെല്‍ത്തിന്റെ കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി മൂന്നു കോടി ആള്‍ക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ഇന്‍ഷ്വറന്‍സ് ഓഹരി മൂന്നു ശതമാനത്തിലധികം താഴ്ന്നു.
4,200 കോടി രൂപയുടെ പുതിയ ഓഹരി ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഫണ്ടുകള്‍ക്കുമായി നല്‍കാന്‍ തീരുമാനിച്ച അദാനി എന്റര്‍പ്രൈസസ് ഓഹരി മൂന്നു ശതമാനം താഴ്ചയിലായി.
ബാറ്ററി നിര്‍മാണത്തിന് പുതിയ സഹകരണ കരാര്‍ ഉണ്ടാക്കിയ റെയിന്‍ ഇന്‍ഡസ്ട്രീസ് ഓഹരി ഏഴു ശതമാനം കയറി.
പിഎന്‍സി ഇന്‍ഫ്രാടെക്കിന് 2091 കോടി രൂപയുടെ കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഓഹരി ആറു ശതമാനം നേട്ടത്തിലായി.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 83.96 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2,612 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 40 രൂപ കുറഞ്ഞ് 56,200 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം കുറഞ്ഞു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 77.15 ഡോളറായി.