താഴ്ന്നു തുടക്കം, പിന്നീട് ചാഞ്ചാട്ടം; ചൈനീസ് പ്രഖ്യാപനത്തിന് പിന്നാലെ ലോഹക്കമ്പനികള്‍ക്ക് നേട്ടം

റിയല്‍റ്റി, എഫ്എംസിജി, ഐടി, ഹെല്‍ത്ത് കെയര്‍, ഓയില്‍ - ഗ്യാസ് മേഖലകള്‍ രാവിലെ നഷ്ടത്തിലായി

Update:2024-09-25 10:57 IST

Image by Canva

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ന് വിപണി പിന്നീടു നേട്ടത്തിലേക്കു കയറി. എന്നാല്‍ താമസിയാതെ ചാഞ്ചാട്ടത്തിലായി. രാവിലെ നഷ്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റിയും നേട്ടത്തിലേക്കു മാറി.
റിയല്‍റ്റി, എഫ്എംസിജി, ഐടി, ഹെല്‍ത്ത് കെയര്‍, ഓയില്‍ - ഗ്യാസ് മേഖലകള്‍ രാവിലെ നഷ്ടത്തിലായി.
ഫ്യൂച്ചേഴ്‌സ്, ഓപ്ഷന്‍സ് ഇടപാടുകളുടെ ട്രാന്‍സാക്ഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് എംസിഎക്‌സ് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
ചൈന ഉത്തേജക പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉയര്‍ന്ന ലോഹകമ്പനി ഓഹരികള്‍ ഇന്നും കയറി. വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്‌ള്യു സ്റ്റീല്‍ തുടങ്ങിയവയ്ക്കു നല്ല നേട്ടം ഉണ്ട്.
കമ്പനിയുടെ ഹോട്ടല്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ ഡെല്‍റ്റാ പെന്‍ലാന്‍ഡ് എന്ന കമ്പനിയിലേക്കു മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നു ഡെല്‍റ്റാ കോര്‍പ് ഓഹരി എട്ടു ശതമാനം വരെ കയറി.
ജില്ലറ്റ് ഇന്ത്യ ഓഹരികള്‍ ആറു ശതമാനം ഇടിഞ്ഞു. ബംഗ്ലാദേശില്‍ ജില്ലറ്റ് ഉല്‍പന്നങ്ങളുടെ വില്‍പന നടത്തിയിരുന്ന പി ആന്‍ഡ് ജി ബംഗ്ലാദേശ് കരാര്‍ റദ്ദാക്കിയതാണു കാരണം.
പ്രൊമോട്ടര്‍ ഗ്രൂപ്പിലെ നിശാന്ത് പിട്ടി 8.5 ശതമാനം ഓഹരി വിറ്റ സാഹചര്യത്തില്‍ ഈസി ട്രിപ് പ്ലാനേഴ്‌സ് ഓഹരി ഏഴര ശതമാനം ഇടിഞ്ഞു.
രൂപ ഇന്ന് നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒന്‍പതു പൈസ താഴ്ന്ന് 83.58 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.53 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2,662 ഡോളറിലാണ്. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 480 രൂപ കൂടി 56,480 രൂപയായി. ഈ മാസം പവന് 3,120 രൂപയുടെ വര്‍ധന ഉണ്ടായി.
ക്രൂഡ് ഓയില്‍ കയറ്റം നിര്‍ത്തി, താഴോട്ടു നീങ്ങി. ബ്രെന്റ് ഇനം 74.91 ഡോളറിലേക്കു താഴ്ന്നു.
Tags:    

Similar News