വിപണി താഴ്ചയില്‍; വോഡ-ഐഡിയക്ക് ഇന്നും കുതിപ്പ്, ഫാര്‍മ ഓഹരികള്‍ മുന്നോട്ട്

ഐ.ടിയും ഓട്ടോയും ദുര്‍ബലം

Update:2024-01-02 11:56 IST

Representational Image From Pixabay

വിപണി താഴ്ചയിലേക്കു നീങ്ങുകയാണ്. മുഖ്യസൂചികകള്‍ താഴ്ന്നു വ്യാപാരം തുടങ്ങി. കുറേ സമയം ചാഞ്ചാടിയിട്ട് കൂടുതല്‍ താഴ്ചയിലായി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 90 പോയിന്റും സെന്‍സെക്‌സ് 380 പോയിന്റും താഴ്ന്നു  നില്‍ക്കുകയാണ്. ബാങ്ക് നിഫ്റ്റി അര ശതമാനത്താേളം ഇടിഞ്ഞു.

ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത് കെയര്‍, പി.എസ്.യു ബാങ്ക് എന്നിവ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിലായി. വാഹന, ഐ.ടി ഓഹരികള്‍ തകര്‍ച്ചയ്ക്കു മുന്നില്‍ നിന്നു. 

സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂന്നാം പാദ ബിസിനസ് വളര്‍ച്ച ശരാശരിയിലും കുറവായെങ്കിലും ഓഹരി ഒന്നര ശതമാനം നേട്ടത്തിലായി. ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്ന് 32.90 രൂപ വരെ എത്തി.

ഇലോണ്‍ മസ്‌ക് ഓഹരി എടുക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വലിയ കയറ്റം ഉണ്ടായ വാേഡഫോണ്‍ ഐഡിയ ഓഹരി ഇന്നു രാവിലെ മൂന്നു ശതമാനം ഉയര്‍ന്നു.

806 കോടി രൂപയുടെ ജി.എസ്.ടി  നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് എല്‍.ഐ.സി ഓഹരി ഇന്നു രണ്ടു ശതമാനത്തോളം താഴ്ന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഓഹരികള്‍ക്ക് ഇന്നു നല്ല നേട്ടമാണ്. അലെംബിക്, ലൂപിന്‍, ഗ്ലെന്‍മാര്‍ക്ക്, സണ്‍, സിപ്ല, ഡിവിസ്, ഡോ.റെഡ്ഡീസ് തുടങ്ങിയവ രണ്ടു മുതല്‍ ആറു വരെ ശതമാനം ഉയര്‍ന്നു.

റോയല്‍ എന്‍ഫീല്‍ഡ് വില്‍പന പ്രതീക്ഷ പോലെ കൂടാത്തതിനാല്‍ ഐഷര്‍ മോട്ടോഴ്‌സ് ഓഹരി രണ്ടര ശതമാനം വരെ താണു. ആഭ്യന്തര വില്‍പന 10 ശതമാനം കുറഞ്ഞത് അശോക് ലെയ്‌ലാന്‍ഡ് ഓഹരിയെ രണ്ടു ശതമാനം താഴ്ത്തി. മാരുതി സുസുകി, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയവയും താഴ്ചയിലാണ്.

വലിയ വളര്‍ച്ച സാധ്യത ഉണ്ടെന്നു മോത്തിലാല്‍ ഓസ്വാള്‍ വിലയിരുത്തിയതിനെ തുടര്‍ന്ന് ലെമണ്‍ ട്രീ ഹോട്ടല്‍സ് ഓഹരി എട്ട് ശതമാനം ഉയര്‍ന്നു.

രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കയറി 83.28 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.34 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ 2070 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കൂടി 47,000 രൂപയിലെത്തി. ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 78.40 ഡോളറിലേക്ക് കയറി.


Tags:    

Similar News