വിപണിയില്‍ വീണ്ടും ചാഞ്ചാട്ടം
ഫെഡറല്‍ ബാങ്ക് ഓഹരി ഇന്ന് 133.5 രൂപ വരെ കയറി
ഏഷ്യന്‍ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ വിപണി ഇന്നു നേട്ടത്തോടെ തുടങ്ങിയെങ്കിലും പാശ്ചാത്യ ഫ്യൂച്ചേഴ്‌സ് താഴ്ചയിലായതോടെ നഷ്ടത്തിലേക്കു മാറി. പിന്നീട് തിരിച്ചു കയറിയെങ്കിലും ചാഞ്ചാട്ടം തുടര്‍ന്നു.
ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഡോളര്‍ വീണ്ടും കരുത്താര്‍ജിച്ചതും വികസ്വര രാജ്യങ്ങളുടെ വിപണികളെയും കറന്‍സികളെയും ദുര്‍ബലമാക്കി. വാഹന വില്‍പനയിലെ കുതിപ്പ് മാരുതി സുസുകി അടക്കം പ്രമുഖ വാഹന കമ്പനികളുടെ ഓഹരി വില ഉയര്‍ത്തി. നഗരങ്ങളിലെ വാതക വിതരണ കമ്പനികളുടെ വില അഞ്ചു ശതമാനം വരെ താണു. ഗ്യാസ് വില വര്‍ധിപ്പിക്കാത്തതാണു കാരണം.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയില്‍ വില ബ്രെന്റ് ഇനത്തിന് 84.4 ഡോളറിലേക്കു കയറി. ക്രൂഡിന്റെ അപ്രതീക്ഷിത കയറ്റം ഒഎന്‍ജിസി അടക്കം പെട്രാേളിയം കമ്പനികളുടെ ഓഹരി വില കയറ്റി. ഒഎന്‍ജിസി ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു. എംആര്‍പിഎല്‍, ചെന്നൈ പെട്രോ എന്നിവയും നല്ല നേട്ടത്തിലായി. ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ നഷ്ടത്തിലാണ്.
കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ടുകളിലും വ്യവസായ വായ്പയിലും നല്ല വളര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നു സിഎസ്ബി ബാങ്ക് ഓഹരി നാലു ശതമാനം നേട്ടത്തിലായി. ബിസിനസ് വളര്‍ച്ച മോശമായത് കര്‍ണാടക ബാങ്ക് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഒന്നര ശതമാനം ഉയര്‍ന്ന് 14.9 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക് ഓഹരി ഇന്ന് 133.5 രൂപ വരെ കയറി. രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ 29 പൈസ നേട്ടത്തില്‍ 82.45 രൂപയില്‍ വ്യാപാരം തുടങ്ങി. ലോക വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1950 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയായി.