ഓഹരി വിപണി തിരുത്തലില്‍; ഇൻഫോസിസും വിപ്രോയും ഇടിഞ്ഞു, കേരളത്തിലെ ബാങ്ക് ഓഹരികളും താഴേക്ക്
ഐ.ടി ഓഹരികളാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്
ഓഹരി വിപണി തിരുത്തലിലേക്കു പോകുന്നു. ഇന്നും വലിയ താഴ്ചയിലാണ് മുഖ്യ സൂചികകളും മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികളും. നിഫ്റ്റി നൂറും സെന്‍സെക്‌സ് നാനൂറും പോയിന്റ് ഇടിഞ്ഞു.
ഐ.ടി ഓഹരികളാണ് വിപണിയെ വലിച്ചു താഴ്ത്തുന്നത്. ഐ.ടി സൂചിക 2.15 ശതമാനം ഇടിഞ്ഞു. ടി.സി.എസും ഇൻഫോസിസും വിപ്രോയും രണ്ടു ശതമാനത്തിലധികം താണു. മിഡ് ക്യാപ് ഐ.ടി കമ്പനികള്‍ മൂന്നു മുതല്‍ ആറു വരെ ശതമാനം താഴ്ചയിലാണ്. ഐ.ടി കമ്പനികളുടെ മൂന്നാം പാദ ഫലം മോശമാകുമെന്നാണു നിഗമനം.
മെറ്റല്‍ ഓഹരികളും ഇടിവിലായി. ടാറ്റാ സ്റ്റീല്‍, ജെ.എസ്.ഡബ്‌ള്യൂ സ്റ്റീല്‍, സെയില്‍, ഹിന്‍ഡാല്‍കോ, നാല്‍കോ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, വേദാന്ത തുടങ്ങിയവ താഴ്ചയിലാണ്. വാഹന കമ്പനികളും ബാങ്കുകളും ഇടിവിലാണ്. ഓയില്‍-ഗ്യാസ്, ഫാര്‍മ, എഫ്.എം.സി.ജി മേഖലകള്‍ മാത്രമേ രാവിലെ നേട്ടത്തില്‍ ഉള്ളൂ.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് കേസ്
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി ഇടപാടുകള്‍ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ ഇന്നു സുപ്രീം കോടതി വിധി പ്രഖ്യാപിക്കും. അദാനി ഗ്രൂപ്പ് ഓഹരികള്‍ രാവിലെ മൂന്നു മുതല്‍ 10 വരെ ശതമാനം ഉയര്‍ന്നു. അദാനി ഗ്രൂപ്പിന്റെ നിലപാട് ശരിവയ്ക്കുന്നതാകും വിധി എന്നാണു സംസാരം.
സിഗററ്റ് കമ്പനിയായ വി.എസ്.ടി ഇന്‍ഡസ്ട്രീസിലെ 2.22 ലക്ഷം ഓഹരികള്‍ വലിയ നിക്ഷേപ പ്രതിഭയായ രാധാകിഷന്‍ ദമാനി വാങ്ങിയതായ റിപ്പോര്‍ട്ട് ഓഹരിയെ അഞ്ചു ശതമാനം ഉയര്‍ത്തി. ഇന്നലെ ഈ ഓഹരി 20 ശതമാനം കയറിയതാണ്. ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോയ്ക്ക് 32 ശതമാനം ഓഹരിയുള്ള ഈ കമ്പനി കുറേ കാലമായി താഴ്ന്ന വളര്‍ച്ച നിരക്കിലാണ്. ചാര്‍മിനാര്‍, ചാംസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വി.എസ്.ടിയുടേതാണ്.
സി.എസ്.ബി ബാങ്കിന്റെ വായ്പ-നിക്ഷേപ അനുപാതം കുറഞ്ഞതിനെ തുടര്‍ന്ന് ഓഹരി ഒരു ശതമാനം താണു. ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയും താണു. സൗത്ത് ഇന്ത്യന്‍ ബാങ്ക് അല്‍പം ഉയര്‍ന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3300 കോടി രൂപ പ്രിഫറന്‍സ് ഓഹരികളില്‍ നിക്ഷേപിച്ചതായ റിപ്പോര്‍ട്ട് അലോക് ഇന്‍ഡസ്ട്രീസ് ഓഹരിയെ ഇന്നു രാവിലെ 11 ശതമാനം ഉയര്‍ത്തി. ഇന്നലെ 20 ശതമാനം ഉയര്‍ന്നതാണ്. റിലയന്‍സ് മൂന്നര വര്‍ഷം മുന്‍പ് ലേലത്തില്‍ വാങ്ങിയതാണ് ഈ ടെക്‌സ്‌റ്റൈല്‍ കമ്പനി.
രൂപ നേട്ടത്തില്‍
രൂപ ഇന്നു ചെറിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ രണ്ടു പൈസ താണ് 83.30 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.29 രൂപയിലേക്കു താണിട്ട് 83.34 രൂപയിലേക്കു കയറി.
സ്വര്‍ണം ലോക വിപണിയില്‍ 2065 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 46,800 രൂപയിലെത്തി.
ക്രൂഡ് ഓയില്‍ വില താഴുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 75.80 ഡോളറിലേക്ക് താണു.