റെക്കോഡ് തകര്‍ത്തിട്ടും ആടിയുലഞ്ഞ് വിപണി; ഭെല്ലിന് പുതിയ ഉയരം, സ്റ്റീല്‍ ഓഹരികളെ തരംതാഴ്ത്തി ബ്രിട്ടീഷ് ബ്രോക്കറേജ്

രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്

Update:2024-03-04 11:42 IST

Image by Canva

ഇന്ത്യന്‍ ഓഹരി വിപണി ഇന്നു റെക്കോഡ് കുറിച്ചിട്ട് വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്നു താഴ്ചയിലായി. വീണ്ടും കയറി. നിഫ്റ്റി 22,440.90 വരെ കയറിയിട്ടാണു താഴ്ന്നത്. സെന്‍സെക്‌സ് 73,983.88 വരെ രാവിലെ കയറി. ഓട്ടോ, മെറ്റല്‍, മീഡിയ, എഫ്.എം.സി.ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐ.ടി മേഖലകള്‍ ഇന്നു രാവിലെ താഴ്ന്നു. ബംഗളൂരുവില്‍ പുതിയ ടൗണ്‍ഷിപ്പ് തുടങ്ങാന്‍ പദ്ധതി പ്രഖ്യാപിച്ച ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് ഓഹരി നാലു ശതമാനത്തോളം ഉയര്‍ന്നു.

സ്വകാര്യ ആശുപത്രികളുടെ ചികിത്സാനിരക്ക് നിയന്ത്രിക്കാനുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി ശൃംഖലകളുടെ ഓഹരി വില ഇടിഞ്ഞു. അപ്പോളോ, മാക്‌സ്, ഫോര്‍ട്ടിസ്, ജൂപ്പിറ്റര്‍, നാരായണ, വൊക്കാര്‍ട്ട്, ഗ്ലോബല്‍ തുടങ്ങിയവ ഒന്നു മുതല്‍ അഞ്ച് വരെ ശതമാനം താണു.

ടാറ്റാ സ്റ്റീലിനെ ബ്രിട്ടീഷ് ബ്രോക്കറേജ് സി.എല്‍.എസ്.എ 'വില്‍ക്കുക' നിലവാരത്തിലേക്കു താഴ്ത്തിയതിനെ തുടര്‍ന്ന് ഓഹരി രണ്ടര ശതമാനം ഇടിഞ്ഞു. ജെ.എസ്.ഡബ്ല്യു സ്റ്റീലിനെയും അവര്‍ തരം താഴ്ത്തി. ലാഭ മാര്‍ജിന്‍ കുറയുമെന്നാണ് അവരുടെ നിഗമനം. സെയില്‍ ഓഹരി മൂന്നു ശതമാനം താണു. മറ്റു മെറ്റല്‍ ഓഹരികളും ഇന്നു താഴ്ചയിലാണ്.

ഐ.ആര്‍.ഇ.ഡി.എയുടെ മൂന്നാം പാദ വരുമാനവും ലാഭവും ഗണ്യമായി കൂടിയെങ്കിലും ഓഹരി വില നാലു ശതമാനത്തിലധികം താഴ്ന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് (ഭെല്‍) ഓഹരി 10 ശതമാനം കുതിച്ച് റെക്കോഡ് നിലയായ 260 രൂപയിലെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഓഹരി 240 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഓര്‍ഡറുകള്‍ ലഭിച്ചത് എന്‍.ടി.പി.സി ഓഹരിയെ രണ്ടര ശതമാനം കയറ്റി 354 രൂപ എന്ന റെക്കോഡില്‍ എത്തിച്ചു. കാറ്റില്‍ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇന്നു തിരിച്ചടി നേരിട്ടു. ഐനോക്‌സ് വിന്‍ഡ് അഞ്ചു ശതമാനം ഇടിഞ്ഞു. സുസ്ലോണ്‍ എനര്‍ജി നാലു ശതമാനം താണു.

കേരളത്തില്‍ നിന്നുള്ള ബാങ്ക് ഓഹരികള്‍ ഇന്നു താഴ്ചയിലാണ്. ധനലക്ഷ്മി ബാങ്ക് മൂന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടും സി.എസ്.ബി ബാങ്ക് ഒന്നരയും ഫെഡറല്‍ ബാങ്ക് അരയും ശതമാനം താഴ്ന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്. ഡോളര്‍ നാലു പൈസ കുറഞ്ഞ് 82.86 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ 2082.50 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് വിലമാറ്റം ഇല്ലാതെ 47,000 രൂപയില്‍ തുടരുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നു. ബ്രെന്റ് ഇനം ക്രൂഡ് 83.64 ഡോളറിലാണ്.

Tags:    

Similar News