സൂചികകള്‍ കയറ്റത്തില്‍; വലിയ നേട്ടം തുടര്‍ന്ന് റെയില്‍വേ ഓഹരികള്‍
സ്മാര്‍ട്ട് മീറ്റര്‍ കരാര്‍ ലഭിച്ച ജി.എം.ആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാ ഇന്നു രാവിലെ 10 ശതമാനം ഉയര്‍ന്നു
ചെറിയ കയറ്റത്തോടെ ഇന്നു വ്യാപാരം തുടങ്ങിയ വിപണി പിന്നീടു നല്ല നേട്ടത്തിലേക്കു കയറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് 65,770 നും നിഫ്റ്റി 19,570 നും മുകളിലാണ്.
മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം വീതം കയറി. ലോക വിപണിയില്‍ ലോഹ വിലകള്‍ താഴ്ന്നതിനെ തുടര്‍ന്ന് മെറ്റല്‍ കമ്പനി ഓഹരികള്‍ താഴ്ചയിലായി. മറ്റു വ്യവസായ മേഖലകള്‍ കയറ്റത്തിലാണ്. റിയല്‍റ്റി, ഹെല്‍ത്ത് കെയര്‍, ഓയില്‍&ഗ്യാസ്, പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യുറബ്ള്‍സ്, ഫാര്‍മ, മീഡിയ തുടങ്ങിയ മേഖലകള്‍ വലിയ നേട്ടം ഉണ്ടാക്കി.
വാഹന വില്‍പ്പന ഉയര്‍ന്നു
ഓഗസ്റ്റില്‍ രാജ്യത്തെ വാഹനവില്‍പന 8.6 ശതമാനം വര്‍ധിച്ച് 18.18 ലക്ഷം ആയെന്ന് ഫാഡ (ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍) പറഞ്ഞു. ടൂവീലര്‍ വില്‍പന 6.3 ശതമാനം കൂടി 12.54 ലക്ഷം ആയി. ത്രീവീലര്‍ വില്‍പന 66 ശതമാനം കുതിച്ച് 99,907 എണ്ണമായി. യാത്രാവാഹന വില്‍പന 6.5 ശതമാനം ഉയര്‍ന്ന് 3.15 ലക്ഷത്തില്‍ എത്തി. വാണിജ്യ വാഹന വില്‍പന 75,294 എണ്ണം. വര്‍ധന 3.2 ശതമാനം.
5000 കോടി രൂപയ്ക്ക് മേല്‍ സ്മാര്‍ട്ട് മീറ്റര്‍ കരാര്‍ ലഭിച്ച ജി.എം.ആര്‍ പവര്‍ ആന്‍ഡ് അര്‍ബന്‍ ഇന്‍ഫ്രാ ഇന്നു രാവിലെ 10 ശതമാനം ഉയര്‍ന്നു. ഇന്നലെ 20 ശതമാനത്തോളം കയറിയതാണ്.
റെയില്‍വേ ഓഹരികള്‍ വീണ്ടും കയറി
റെയില്‍വേ പിഎം ഗതിശക്തിയില്‍ പെടുത്തി വലിയ വികസന പദ്ധതി നടപ്പാക്കുന്നതിന്റെ പേരില്‍ റെയില്‍വേ ഓഹരികള്‍ ഇന്നും കയറ്റത്തിലാണ്. ഇന്നലെ 20 ശതമാനം കയറിയ ഐ.ആര്‍.എഫ്.സി ഇന്നും 10 ശതമാനം ഉയര്‍ന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ഇന്നു നാലു ശതമാനം കയറി. രണ്ടു ദിവസം കൊണ്ടു നേട്ടം 25 ശതമാനമാണ്.
രൂപ, ഡോളര്‍, സ്വര്‍ണം
രൂപ ഇന്നു ദുര്‍ബലമായി. ഡോളര്‍ മൂന്നു പൈസ കയറി 82.78 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.84 രൂപയിലേക്കു കയറി. സ്വര്‍ണം ലോകവിപണിയില്‍ 1936 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,120 രൂപയായി.