കയറ്റം തുടര്‍ന്ന് അദാനി ഓഹരികള്‍; ബാങ്ക് നിഫ്റ്റി ക്ഷീണത്തില്‍
ബജാജ് ഓട്ടോ ഓഹരി രണ്ടര ശതമാനം താഴ്ന്നു
ഇന്ത്യന്‍ വിപണി ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ബാങ്ക്, ധനകാര്യ ഓഹരികളുടെ ഇടിവ് സൂചികകളുടെ കുതിപ്പ് തടഞ്ഞു. സെന്‍സെക്‌സ് 69,674 പോയിന്റ് വരെയും നിഫ്റ്റി 20,959 പോയിന്റ് വരെയും ഉയര്‍ന്ന ശേഷം താഴ്ന്നു.
അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നും നല്ല നേട്ടത്തിലാണ്. ചില കമ്പനികള്‍ 15 ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ ഹിമാദ്രി സ്‌പെഷാലിറ്റി കെമിക്കല്‍സ് തീരുമാനിച്ചത് ഓഹരി വില നാലര ശതമാനം ഉയര്‍ത്തി.
വിദേശ ബ്രോക്കറേജ് സി.എല്‍.എസ്.എ റേറ്റിംഗ് താഴ്ത്തിയതിനെ തുടര്‍ന്ന് ബജാജ് ഓട്ടോ ഓഹരി രണ്ടര ശതമാനം താഴ്ന്നു. ഐഷര്‍ മോട്ടോഴ്‌സ് ഇതേ സാഹചര്യത്തില്‍ ഒരു ശതമാനം താഴ്ന്നു.
കെ.പി.ഐ.ടി ടെക്‌നോളജീസിന് തൊഴില്‍ കരാര്‍ നല്‍കുന്ന ഒരു വിദേശ കമ്പനി ഇന്ത്യയില്‍ ഗവേഷണ കേന്ദ്രം തുടങ്ങാന്‍ പോകുന്നതായ റിപ്പോര്‍ട്ട് കെ.പി.ഐ.ടിയുടെ ഓഹരി വില ഒരു ശതമാനത്തിലധികം താഴ്ത്തി. ഈ വര്‍ഷം 112 ശതമാനം ഉയര്‍ന്ന ഓഹരിയാണ് കെ.പി.ഐ.ടി.
രൂപ ഇന്നു ചെറിയ നേട്ടത്തില്‍ തുടങ്ങി. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.35 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2023 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ കുറഞ്ഞ് 45,960 രൂപയായി. ക്രൂഡ് ഓയില്‍ വില അഞ്ചു മാസത്തിനിടയിലെ ഏറ്റവും താഴ്‌ന നിലയില്‍ നില്‍ക്കുന്നു. ബ്രെന്റ് ഇനം 77.24 ഡോളറിലാണ്.