ഓഹരികളില്‍ ഇടിവ് തുടരുന്നു; 19% തകര്‍ന്ന് ജെ.എം ഫിനാന്‍ഷ്യല്‍, ഐ.ഐ.എഫ്.എല്‍ ഇന്നും 20% വീണു
സുസ്‌ലോണ്‍ എന്‍ജിയും ഐനോക്‌സ് വിന്‍ഡും ഇന്നും ഇടിവില്‍
വിപണി താഴോട്ടു യാത്ര തുടരുകയാണ്. താഴ്ന്നു വ്യാപാരം തുടങ്ങിയ സൂചികകള്‍ ഇടയ്ക്കു നേട്ടത്തിലേക്കു മാറിയെങ്കിലും വീണ്ടും താഴ്ന്നു.
ഐ.ടി, റിയല്‍റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റല്‍, മീഡിയ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, എഫ്.എം.സി.ജി തുടങ്ങിയ മേഖലകള്‍ ഇടിവിലാണ്. പൊതുമേഖലാ ബാങ്കുകളും ഇന്നു താഴ്ചയിലായി
ഷെയര്‍, ഡിബഞ്ചര്‍ തുടങ്ങിയവ ഈടായി സ്വീകരിച്ചു വായ്പ നല്‍കുന്നതിനെ റിസര്‍വ് ബാങ്ക് വിലക്കിയതിനെ തുടര്‍ന്ന് ജെ.എം ഫിനാന്‍ഷ്യല്‍ ഓഹരി 19 ശതമാനം ഇടിഞ്ഞു. പിന്നീടു നഷ്ടം 13 ശതമാനമായി കുറഞ്ഞു.
സൊമാറ്റോയുടെ 2.2 ശതമാനം ഓഹരി 160 രൂപ വില പ്രകാരം കൈമാറ്റം ചെയ്തതിനെ തുടര്‍ന്ന് ഓഹരി അഞ്ചു ശതമാനം താഴ്ന്നു. വാതകവില കുറച്ചതിനെ തുടര്‍ന്ന് മഹാനഗര്‍ ഗ്യാസ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് എന്നീ നഗരവാതക കമ്പനികളുടെ ഓഹരി നാലു ശതമാനത്തോളം താഴ്ന്നു.
കുഴപ്പത്തിലായ ഐ.ഐ.എഫ്.എല്‍ ഫിനാന്‍സ് ഓഹരി ഇന്നും 20 ശതമാനം ഇടിഞ്ഞു. മണപ്പുറം ജനറല്‍ ഫിനാന്‍സ് ഓഹരി ഇന്നു രാവിലെ ഏഴു ശതമാനത്തോളം താഴ്ചയിലായി.
രാവിലെ ആറു ശതമാനം ഉയര്‍ന്ന മുത്തൂറ്റ് ഫിനാന്‍സ് പിന്നീടു നാമമാത്ര നഷ്ടത്തിലേക്കു താഴ്ന്നു. ഫെഡറല്‍ ബാങ്ക് 0.77 ശതമാനവും സി.എസ്.ബി ബാങ്ക് 1.3 ശതമാനവും താഴ്ചയിലാണ്. അവകാശ ഇഷ്യു ആരംഭിച്ച സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി അഞ്ചു ശതമാനം താഴ്ചയിലായി.
കാറ്റില്‍ നിന്നു വൈദ്യുതി ഉണ്ടാക്കുന്ന കമ്പനികള്‍ ഇന്നും താഴ്ചയിലാണ്. ഐനോക്‌സ് വിന്‍ഡും സുസ്ലോണ്‍ എനര്‍ജിയും അഞ്ചു ശതമാനം വീതം താണു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ നേട്ടം കുറിച്ച ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ഇന്നു നാലര ശതമാനം താഴ്ന്നു.
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കയറി 82.90 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോകവിപണിയില്‍ 2,125 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കയറി 47,760 രൂപയായി. ഇതു പുതിയ റെക്കോര്‍ഡ് വിലയാണ്. ആറു ദിവസം കൊണ്ടു സ്വര്‍ണവില 1440 രൂപ വര്‍ധിച്ചു. ക്രൂഡ് ഓയില്‍ വില രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെന്റ് ഇനം 81.92 ഡോളര്‍ വരെ എത്തിയ ശേഷം 82.14 ലേക്കു തിരിച്ചു കയറി.