നിഫ്റ്റി 22,000 കടന്നു; കരകയറ്റം തുടങ്ങി പേയ്ടിഎം, തിളങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്

ആദായനികുതി വകുപ്പ് അന്വേഷണം: പോളിസിബസാര്‍ ഓഹരികളില്‍ ഇടിവ്

Update:2024-02-07 10:52 IST

വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങി. എന്നാല്‍ അതത്രയും തുടര്‍ന്നു നിലനിന്നില്ല. സെന്‍സെക്‌സ് 72,560 വരെ കയറിയിട്ട് ഗണ്യമായി താഴ്ന്നു. വീണ്ടും 72400ല്‍ എത്തി. നിഫ്റ്റി 22,053ല്‍ നിന്ന് 21,963 വരെ താണു. പിന്നീട് 22,000 തിരിച്ചു പിടിച്ചു. ദിവസങ്ങള്‍ക്കു ശേഷം ബാങ്ക് നിഫ്റ്റി ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ദിവസമാണിത്. ബാങ്ക് നിഫ്റ്റി 46,062 വരെ കയറിയിട്ട് 45,872 വരെ താഴ്ന്നു.

പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ നൈകയുടെ മൂന്നാം പാദ ഫലം മികച്ചതായതിനെ തുടര്‍ന്ന് ഓഹരി ആറു ശതമാനം കയറി. വിറ്റുവരവില്‍ 22 ശതമാനവും അറ്റാദായത്തില്‍ 106 ശതമാനവും വര്‍ധന ഉണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലിയും ജെഫറീസും ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി.

ഹോട്ടല്‍ വ്യവസായത്തിലുള്ള ഇ.ഐ.എച്ച് മൂന്നാംപാദത്തില്‍ 27.6 ശതമാനം വരുമാന വളര്‍ച്ചയും 55 ശതമാനം ലാഭവളര്‍ച്ചയും നേടി. ഓഹരി 20 ശതമാനം ഉയര്‍ന്നു 426 രൂപ വരെ എത്തി. അറ്റാദായത്തില്‍ 25 ശതമാനം വളര്‍ച്ച കാണിച്ച ഇ.ഐ.എച്ച് അസോസ്യേറ്റഡ് ഹോട്ടല്‍സ് ഓഹരി 18 ശതമാനം കയറി. ലാഭവും ലാഭമാര്‍ജിനും കുറഞ്ഞ ലെമണ്‍ ട്രീ ഹോട്ടല്‍ ഓഹരി മൂന്നു ശതമാനം താണു.

പോളിസി ബസാര്‍ ഗ്രൂപ്പിനെതിരേ ആദായനികുതി വകുപ്പ് അന്വേഷണം എന്ന റിപ്പോര്‍ട്ട് പി.ബി ഫിന്‍ടെക് ഓഹരിയെ 11 ശതമാനം വരെ താഴ്ത്തി. പിന്നീടു നഷ്ടം കുറച്ചു. പേയ്ടിഎം ഓഹരി ഇന്നും ഉയര്‍ന്നു. രാവിലെ 9.5 ശതമാനം വരെ കയറി.

തുടര്‍ച്ചയായ നാലു ദിവസം ഇടിഞ്ഞ ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്ന് ഉയര്‍ന്നു. രാവിലെ ഓഹരി മൂന്നു ശതമാനം കയറി 47.80 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഇന്നു രണ്ടു ശതമാനം ഉയര്‍ന്ന് 37.80 രൂപ വരെ എത്തി. ഓഹരിയുടെ മുഖവില കുറയ്ക്കാന്‍ ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു കനറാ ബാങ്ക് ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തിലാണ്. ഡോളര്‍ മൂന്നു പൈസ കുറഞ്ഞ് 83.03 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 82.98 രൂപയിലേക്കു താണു. സ്വര്‍ണം ലോകവിപണിയില്‍ 2035 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കൂടി 46,400 രൂപയായി. ക്രൂഡ് ഓയില്‍ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെന്റ് ഇനം 78.75 ഡോളറിലാണ്.

Tags:    

Similar News