വിപണിയില്‍ ചാഞ്ചാട്ടം; നേട്ടത്തില്‍ തുടങ്ങി നഷ്ടത്തിലേക്ക്
കഴിഞ്ഞയാഴ്ച വലിയ കുതിപ്പ് നടത്തിയ റിയല്‍റ്റി ഓഹരികള്‍ ഇന്ന് ഇടിവിലായി
അല്‍പം ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഓഹരി വിപണി പിന്നീടു താഴ്ചയിലേക്കു വീണു. തുടർന്ന് നഷ്ടം കുറച്ചു. ബാങ്ക്, ഐ.ടി ഓഹരികളാണ് വിപണിയെ താഴ്ത്തുന്നത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നു നഷ്ടത്തിലായി.
ചൈനയില്‍ ടെക്‌നോളജി ഓഹരികള്‍ ഇന്ന് വലിയ ഇടിവിലാണ്. സര്‍ക്കാര്‍ നയത്തെപ്പറ്റിയുള്ള ആശങ്കയാണു പ്രധാന കാരണം. ഇന്ത്യയിലും ഐ.ടി ഓഹരികള്‍ ഇടിഞ്ഞു. മൂന്നാം പാദ റിസല്‍ട്ടുകള്‍ മോശമാകും എന്ന സൂചനയാണു കാരണം.
കഴിഞ്ഞയാഴ്ച വലിയ കുതിപ്പ് നടത്തിയ റിയല്‍റ്റി ഓഹരികള്‍ ഇന്ന് ഇടിവിലായി. രാവിലെ നേട്ടത്തില്‍ തുടങ്ങിയ ഡി.എല്‍.എഫ് തുടങ്ങിയ ഓഹരികളും പിന്നീട് താണു.
ടൂ വീലര്‍, ത്രീ വീലര്‍ വില്‍പനയില്‍ വലിയ കുതിപ്പ് ഉണ്ടായതു മൂലം ഡിസംബറില്‍ വാഹനവില്‍പന 11 ശതമാനം കൂടിയതായി ചില്ലറ വില്‍പന കണക്കുകള്‍ കാണിച്ചു. എന്നാല്‍ കാര്‍ വില്‍പന മൂന്നു ശതമാനം വളര്‍ച്ചയേ കാണിച്ചുള്ളൂ.
മഹാരാഷ്ട്രയില്‍ ഉല്‍പാദിപ്പിക്കുന്ന വൈനിന് അഞ്ചു വര്‍ഷം കൂടി സബ്‌സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് സുല വിന്യാഡ്‌സിന്റെ ഓഹരി വില 17 ശതമാനം ഉയര്‍ത്തി.
ഓട്ടോ കംപോണന്റ് നിര്‍മാതാക്കളായ ഫീം ഇന്‍ഡസ്ട്രീസ് ഓഹരി 15 ശതമാനം കയറി ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വിലയായ 2,430 രൂപയിലെത്തി.
ബ്രോക്കറേജുകള്‍ ലക്ഷ്യവില കൂട്ടിയതിനെ തുടര്‍ന്ന് ഐ.ഒ.സി, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ എന്നിവ രണ്ടു മുതല്‍ നാലുവരെ ശതമാനം കയറി. മൂന്നാം പാദത്തില്‍ വില്‍പ്പനവളര്‍ച്ച കുറവായത് മാരികോ ഓഹരിയെ അഞ്ചു ശതമാനവും ഗോദ്‌റെജ് കണ്‍സ്യൂമറിനെ ആറും ശതമാനവും താഴത്തി.
രൂപ, സ്വര്‍ണം, ക്രൂഡ്
രൂപ ഇന്നു തുടക്കത്തില്‍ നേട്ടത്തിലായി. ഡോളര്‍ ഏഴു പൈസ താണ് 83.09 രൂപയില്‍ ഓപ്പണ്‍ ചെയ്തു. 83.11 വരെ കയറിയിട്ട് 83.06 രൂപയിലേക്കു താണു. സ്വര്‍ണം ലോകവിപണിയില്‍ ഔൺസിന് 2036 ഡോളറിലേക്കു താണു. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ് 46,240 രൂപയായി. ക്രൂഡ് ഓയില്‍ വില കുറയുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് രാവിലെ ഒരു ശതമാനത്തിലധികം താണ് ബാരലിന് 77.86 ഡോളര്‍ ആയി.