തുടക്കത്തില്‍ ചാഞ്ചാട്ടം; പിന്നീട് കയറ്റത്തില്‍ ഓഹരി വിപണി

രണ്ടാം പാദത്തില്‍ ലാഭവും ലാഭമാര്‍ജിനും വര്‍ധിപ്പിച്ച അപ്പോളോ ടയേഴ്‌സ് ഓഹരി അഞ്ചു ശതമാനത്തിലധികം നേട്ടത്തിലായി

Update:2023-11-08 11:05 IST

നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി പിന്നീടു താണു ചാഞ്ചാട്ടത്തിലായി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടാറായപ്പോഴാണു മുഖ്യ സൂചികകള്‍ വീണ്ടും ഗണ്യമായ നേട്ടത്തിലായത്. ബാങ്ക് നിഫ്റ്റി താഴ്ചയിലായപ്പോള്‍ മുഖ്യ സൂചികകള്‍ താഴുകയും ബാങ്ക് നിഫ്റ്റി തിരിച്ചു കയറിയപ്പാേള്‍ മുഖ്യ സൂചികകള്‍ തിരിച്ചു കയറുകയും ചെയ്തു.

ജപ്പാനിലടക്കം ഏഷ്യന്‍ വിപണികള്‍ താഴ്ചയിലായതും യുഎസ് ഫ്യൂച്ചേഴ്‌സ് കൂടുതല്‍ താണതും വീഴ്ചയ്ക്ക് കാരണമായി.

ഹെല്‍ത്ത് കെയര്‍, ഫാര്‍മ, ഓയില്‍ ആൻഡ് ഗ്യാസ്, റിയല്‍റ്റി, ഐ.ടി, വാഹന മേഖലകള്‍ മികച്ച നേട്ടത്തിലായി. ധനകാര്യ ഓഹരികള്‍ താഴെയാണ്.

രണ്ടാം പാദത്തില്‍ ലാഭവും ലാഭമാര്‍ജിനും വര്‍ധിപ്പിച്ച അപ്പോളോ ടയേഴ്‌സ് ഓഹരി അഞ്ചു ശതമാനത്തിലധികം നേട്ടത്തിലായി. കമ്പനിയുടെ ലാഭം 165 ശതമാനം വര്‍ധിച്ചു. അസംസ്‌കൃത പദാര്‍ഥങ്ങളുടെ വില ഗണ്യമായി കുറഞ്ഞതാണു ലാഭ വർധനയ്ക്ക് കാരണം.

വോള്‍ട്ടാസിന്റെ ഹോം അപ്ലയന്‍സസ് ബിസിനസ് വില്‍ക്കാന്‍ ചര്‍ച്ച നടക്കുന്നു എന്ന റിപ്പോര്‍ട്ട് കമ്പനി നിഷേധിച്ചു.

ലാഭമാര്‍ജിന്‍ ഗണ്യമായി വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കിപ്പര്‍ ഇന്‍ഡസ്ട്രീസ് ഓഹരി ആറു ശതമാനം ഉയര്‍ന്നു.

മികച്ച രണ്ടാം പാദ പ്രകടനത്തെ തുടര്‍ന്ന് ഇന്നലെ മൂന്നര ശതമാനം കയറിയ എച്ച്.പി.സി.എല്‍ ഇന്ന് ഏഴു ശതമാനം കൂടി ഉയര്‍ന്നു. അഞ്ചു ദിവസം കൊണ്ടു 17 ശതമാനം ഉയര്‍ച്ച ഓഹരിക്കുണ്ടായി. ക്രൂഡ് ഓയില്‍ വില 80 ഡോളറിനടുത്തേക്കു താഴുന്നതാണു പ്രധാന കാരണം. ബി.പി.സി.എല്‍ ഇന്നു രണ്ടരയും ഐഒസി രണ്ടും ശതമാനം കയറി.

വിറ്റുവരവും ലാഭമാര്‍ജിനും വര്‍ധിപ്പിച്ച പ്രിന്‍സ് പൈപ്‌സ് ഓഹരി 10 ശതമാനം കയറി.

രൂപ, ഡോളർ, സ്വർണം 

രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഡോളര്‍ 83.24 രൂപയിലേക്കു താണിട്ട് 83.27 വരെ കയറി. 

സ്വര്‍ണം ലോകവിപണിയില്‍ 1967 ഡോളറിലേക്ക് താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,880 രൂപയായി.

ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ഇനം 81.63 ഡോളറിലാണ്.


Read Morning Business News & Stock Market Below :

ആശങ്കകൾ ഇല്ല, ആവേശവും കുറവ്; മുന്നേറ്റ പ്രതീക്ഷയിൽ വിപണി

Tags:    

Similar News