സൂചികകള്‍ താഴോട്ട്; വിലക്കയറ്റത്തില്‍ ആശങ്ക
അദാനി വില്‍മറില്‍ നിന്ന് പിന്മാറാന്‍ അദാനി ഗ്രൂപ്പ് ആലോചിക്കുന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി നാലു ശതമാനത്തോളം താഴ്ന്നു
ആഗോള ചലനങ്ങള്‍ അനുകൂലമല്ലാത്തതും റിസര്‍വ് ബാങ്കിന്റെ പണനയത്തെപ്പറ്റി ആശങ്ക വളരുന്നതും ഓഹരിവിപണിയെ ഇന്നും താഴോട്ടു നയിച്ചു. വ്യാപാരം രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്‌സ് അര ശതമാനവും നിഫ്റ്റി 0.43 ശതമാനവും താഴെയാണ്.
ജൂലൈയിലെ ചില്ലറവിലക്കയറ്റം ആറ് ശതമാനത്തിനു മുകളിലായി എന്ന സൂചന വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സിന്റെ സര്‍വേയില്‍ പങ്കെടുത്ത ധനശാസ്ത്രജ്ഞരുടെ പൊതുവിലയിരുത്തല്‍ 6.4 ശതമാനമായി ചില്ലറവിലക്കയറ്റം കൂടി എന്നാണ്. ജൂണില്‍ 4.81 ശതമാനമായിരുന്നു.
റിസര്‍വ് ബാങ്കിന്റെ സഹന പരിധിയായി വച്ചിരിക്കുന്നത് ആറു ശതമാനമാണ്. ആ പരിധി കടന്നുപോയ നിലയ്ക്ക് ഒരുപക്ഷേ പലിശനിരക്കു വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു.
ഇന്ന് തുടക്കത്തില്‍ നേരിയ ഉയര്‍ച്ച കാണിച്ചെങ്കിലും പിന്നീട് മുഖ്യ സൂചികകള്‍ ക്രമമായി താഴോട്ടു പോരുകയായിരുന്നു. നിഫ്റ്റി ഒരവസരത്തില്‍ 19,468 വരെ താണു. പിന്നീട് നഷ്ടം കുറച്ചു. ബാങ്ക്, ധനകാര്യ സേവനങ്ങള്‍, ഐടി, എഫ്.എം.സി.ജി, റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് വലിയ താഴ്ച കാണിച്ചത്.
അദാനി
അദാനി വില്‍മറില്‍നിന്ന് പിന്മാറാന്‍ അദാനി ഗ്രൂപ്പ് ആലോചിക്കുന്നതായ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി നാലു ശതമാനത്തോളം താഴ്ന്നു. അദാനി വില്‍മറില്‍ 44 ശതമാനം ഓഹരി അദാനി ഗ്രൂപ്പിനുണ്ട്.
ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍ ഇന്ന് ആറു ശതമാനം കുതിച്ച് 106 രൂപയിലെത്തി. ഒന്നാം പാദത്തിലെ അറ്റാദായം 30 ശതമാനം ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്.
മികച്ച റിസല്‍ട്ട് പുറത്തുവിട്ട പി.ബി ഫിന്‍ടെക്കില്‍ ലാഭമെടുക്കല്‍ മൂലം ഓഹരി നാലു ശതമാനം കുറഞ്ഞു. ഗ്ലാന്‍ഡ് ഫാര്‍മ ഓഹരികള്‍ ഇന്നും ഉയര്‍ന്നു. ആറു ശതമാനം നേട്ടത്തോടുകൂടിയാണ് ഇന്നു വ്യാപാരം ആരംഭിച്ചത്. മൂന്നു ദിവസംകൊണ്ട് ഓഹരി 28 ശതമാനത്തോളം കയറി.
ഗുജറാത്ത് ഫെര്‍ട്ടിലൈസേഴ്‌സ് ഓഹരിക്ക് ക്ഷീണം
ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് & കെമിക്കല്‍സ് പ്രതീക്ഷിച്ചതിലും മോശപ്പെട്ട റിസല്‍ട്ട് പുറത്തുവിട്ടതിനെത്തുടര്‍ന്ന് ഓഹരി ആറു ശതമാനത്തോളം താഴ്ന്നു. രൂപ ഇന്ന് കാര്യമായ മാറ്റം കാണിച്ചില്ല. ഡോളര്‍ 82.85 രൂപയില്‍ വ്യാപാരം തുടരുന്നു. സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ 1931 ഡോളറിലായി. കേരളത്തില്‍ പവന് 80 രൂപ കുറഞ്ഞ് 43,960 രൂപയായി.