വിപണിയില്‍ വീണ്ടും ഉത്സാഹം, വേദാന്തയ്ക്കും പി.ബി ഫിന്‍ടെക്കിനും കുതിപ്പ്, രൂപയും മുന്നോട്ട്

ക്രൂഡ് ഓയിൽ വില കുറയുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരിവില ഉയർത്തി

Update: 2024-04-10 05:31 GMT

Image by Canva

ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു കുറേക്കൂടി നേട്ടത്തിലായി. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികളും ഇന്നു കയറ്റത്തിലാണ്.

ഫാർമ, ഹെൽത്ത്കെയർ, ഐ.ടി മേഖലകൾ ഇന്നു താഴ്ചയിലാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ്, മെറ്റൽ, റിയൽറ്റി എന്നിവ നല്ല നേട്ടത്തിലായി. ഐ.സി.ഐ.സി.ഐ ലൊംബാർഡുമായി വിപണനസഖ്യമുണ്ടാക്കിയ പി.ബി ഫിൻടെക് ഓഹരി 5.5 ശതമാനം ഉയർന്നു. ഇരുമ്പയിര് വില ഉയരുന്നത് എൻ.എം.ഡി.സി ഓഹരിയെ ആറു ശതമാനം ഉയർത്തി.

പേയ്ടിഎം പേമെൻ്റ്സ് ബാങ്കിൻ്റെ സി.ഇ.ഒ ആന്‍ഡ് എം.ഡി രാജിവച്ചതിനെ തുടർന്നു മാതൃകമ്പനി വൺ97 കമ്യൂണിക്കേഷൻസിൻ്റെ ഓഹരി മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു. റിയൽറ്റി കമ്പനി കോൾട്ടെ പാട്ടീൽ ഡവലപ്പേഴ്സ് ഇന്നു 10 ശതമാനത്തിലധികം ഉയർന്നു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് കമ്പനി ഓഹരി 13 ശതമാനം കയറിയിരുന്നു.

സി.എൽ.എസ്.എ ലക്ഷ്യവില ഉയർത്തിയതിനെ തുടർന്ന് വേദാന്ത ലിമിറ്റഡ് ആറു ശതമാനം നേട്ടത്തിലായി. ടോൾ പിരിവ് കമ്പനിയായ ഐ.ആർ.ബി ഇൻഫ്രാ ദേശീയ പാതാ അതോറിറ്റിയിൽ നിന്ന് 1,046 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ആർബിട്രേഷൻ കേസിൽ വിധി എതിരായതിനെ തുടർന്ന് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.

ക്രൂഡ് ഓയിൽ വില കുറയുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരിവില ഉയർത്തി. രൂപ ഇന്നു നല്ല നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഡോളർ 11 പൈസ താണ് 83.21 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.16 രൂപ വരെ താഴ്ന്നിട്ട് കയറി. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിദേശനാണ്യ വിനിമയം നടക്കുന്നത്. അതിനിടെ രാജ്യാന്തര തലത്തിൽ ഡോളർ ദുർബലമായിരുന്നു. ഡോളർ സൂചിക 104.13 ആയി താഴ്ന്നിട്ടുണ്ട്.

സ്വർണം ലോക വിപണിയിൽ 2,352 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 80 രൂപ വർധിച്ച് 52,880 രൂപയായി.

Tags:    

Similar News