ഓഹരി വിപണി ചാഞ്ചാട്ടത്തിൽ; മൂഡീസ് റേറ്റിംഗിന് പിന്നാലെ വേദാന്ത ലിമിറ്റഡ് ഓഹരി താഴ്ചയിൽ

സീ-സോണി ലയനം നടന്നില്ലെങ്കിൽ സീ ഓഹരി 40 ശതമാനം വരെ ഇടിയാമെന്ന് പ്രഭുദാസ് ലില്ലാധർ

Update:2024-01-10 11:25 IST

ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി. പിന്നീടു കയറി. വീണ്ടും താണു. വീണ്ടും കയറി. ഇന്ത്യൻ വിപണി ഇന്ന് ചാഞ്ചാട്ടങ്ങളിലാണ്. ബാങ്ക് നിഫ്റ്റിയും കയറ്റിറക്കങ്ങളിലാണ്.

ആശീർവാദ് മൈക്രോ ഫിനാൻസ് ഐപിഒയ്ക്ക് സെബി അംഗീകാരം നീട്ടിവച്ചത് മണപ്പുറം ജനറൽ ഫിനാൻസ് ഓഹരിയെ നാലു ശതമാനം താഴ്ത്തി. മണപ്പുറം ഗ്രൂപ്പ് പ്രാെമോട്ട് ചെയ്യുന്നതാണ് ആശീർവാദ്.

മൂഡീസ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് വേദാന്ത ലിമിറ്റഡ് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.

ഇൻഡസ് ടവേഴ്സ് ഓഹരി ഇരട്ടിക്കാൻ സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് വിലയിരുത്തി. ഓഹരി അഞ്ചു ശതമാനം ഉയർന്നു.

വരുമാനവും ലാഭവും ലാഭമാർജിനും ഇടിഞ്ഞത് ഡെൽറ്റാ കോർപറേഷൻ ഓഹരിയെ നാലു ശതമാനം താഴ്ത്തി.

സീ എന്റർടെയ്ൻമെന്റ് ഓഹരിക്ക് എഫ് ആൻഡ് ഒ വ്യാപാരത്തിനുണ്ടായിരുന്ന വിലക്ക് നീങ്ങി. ഓഹരി രണ്ടു ശതമാനത്തോളം ഉയർന്നു. സീ-സോണി ലയനം നടന്നില്ലെങ്കിൽ സീ ഓഹരി 40 ശതമാനം വരെ ഇടിയാമെന്ന് പ്രഭുദാസ് ലില്ലാധർ വിശകലന റിപ്പോർട്ടിൽ പറഞ്ഞു. പുനീത് ഗോയങ്കയെ എം.ഡിയും സി.ഇ.ഒയും ആക്കണമെന്ന സീയുടെ ആവശ്യത്തിൽ തട്ടിയാണു ലയനനീക്കം പ്രതിസന്ധിയിലായത്.

രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ വ്യാപാരം ആരംഭിച്ചു. ഡോളർ 83.12 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 83.18 രൂപയായി. 

സ്വർണം ലോക വിപണിയിൽ ഔൺസിന് 2028.50 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് വിലമാറ്റം ഇല്ല.

ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെന്റ് ഇനം ക്രൂഡ് 77.8 ഡോളറിലാണ്. 

Tags:    

Similar News