അമേരിക്കൻ തളർച്ചയിൽ വിപണി ഇടിയുന്നു
അമേരിക്കൻ വിപണിയിലെ തളർച്ച ഇന്ത്യൻ വിപണിയെയും ബാധിച്ചു. മുഖ്യ സൂചികകൾ കുത്തനേ ഇടിഞ്ഞു
താഴ്ന്നു വ്യാപാരം തുടങ്ങി. വീണ്ടും താണു. വ്യാപാരം അര മണിക്കൂർ പിന്നിടും മുൻപ് സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനത്തോളം ഇടിഞ്ഞു. പിന്നീടു നഷ്ടം അൽപം കുറഞ്ഞു.
ബാങ്കുകളാണ് ഏറ്റവും കൂടുതൽ താഴ്ചയിലായത്. പി എസ് യു ബാങ്ക് സൂചിക 2.45 ശതമാനം വീണു. സ്വകാര്യ ബാങ്ക് സൂചിക 1.9 ശതമാനം താഴെയായി. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. ധനകാര്യ സേവന, ഐടി, മെറ്റൽ കമ്പനികളും വലിയ നഷ്ടത്തിലാണ്. മീഡിൽ ലെവൽ ഐടി കമ്പനികളിൽ വലിയ വിൽപന സമ്മർദം ഉണ്ട്.
സിലിക്കൺ വാലി ബാങ്ക് പ്രശ്നം
സ്റ്റാർട്ടപ്പുകൾക്കു വായ്പ നൽകിയിരുന്ന സിലിക്കൺ വാലി ബാങ്കിന്റെ പ്രശ്നങ്ങളാണ് യുഎസ് വിപണിയിൽ ഇന്നലെ തകർച്ചയ്ക്കു കാരണമായത്. നഷ്ടം നികത്താൻ കൂടുതൽ ഓഹരി വിൽക്കാൻ ബാങ്ക് തീരുമാനിച്ചതാേടെ ഓഹരി വില 60 ശതമാനം ഇടിഞ്ഞു. വിപണി ക്ലോസ് ചെയ്ത ശേഷം വീണ്ടും 21 ശതമാനം ഇടിവുണ്ടായി. ഒപ്പം വമ്പൻ ബാങ്കുകളുടെ ഓഹരികളും നഷ്ടത്തിലായി.
2008 -ൽ ലീമാൻ ബ്രദേഴ്സ് എന്ന നിക്ഷേപ ബാങ്ക് തകർന്നത് ബാങ്ക് മേഖലയിൽ വലിയ തകർച്ചയ്ക്കുo ആഗോള സാമ്പത്തിക മാന്ദ്യത്തിനും വഴിതെളിച്ചതിന്റെ ഓർമയിലേക്കാണ് ഈ വിലയിടിവ് വിപണികളെ നയിച്ചത്. ക്രിപ്റ്റോ വിപണിയിലും പ്രശ്നങ്ങളാണ്. പല ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെയും ഭദ്രത സംശയത്തിലായി. ബിറ്റ്കോയിൻ വില 20,000 ഡോളറിനു താഴെയായി. ക്രിപ്റ്റോകളെ ഔദ്യോഗിക കറൻസികളായി മാറ്റിക്കൊടുത്തിരുന്ന സിൽവർ ഗേറ്റ് എന്ന എക്സ്ചേഞ്ച് ലിക്വിഡേഷനിലായി.
രൂപ ഇന്നും താഴേക്ക്
അദാനി എന്റർപ്രൈസസും പോർട്സും എസിസിയും അംബുജ സിമന്റ്സും ഇന്നു താഴ്ചയിലാണ്. ഫ്യൂച്ചേഴ്സ് വ്യാപാരത്തിലാണ് ഇടിവ്. മറ്റ് അദാനി കമ്പനികൾ ഉയർന്നു. രൂപ ഇന്നും താഴോട്ടു നീങ്ങി. ഡോളർ 12 പൈസ കയറി 82.10 രൂപയിലാണു വ്യാപാരം തുടങ്ങിയത്. സ്വർണം ലോക വിപണിയിൽ 1829 ഡോളറിലാണ്. കേരളത്തിൽ പവനു 400 രൂപ വർധിച്ച് 41,120 രൂപ ആയി.