വിപണിയെ സമ്മര്‍ദ്ദത്തിലാക്കി ടാറ്റ ഗ്രൂപ്പ് ഓഹരികള്‍, ആര്‍.വി.എന്‍.എല്ലിന് മുന്നേറ്റം; രൂപ കയറി

സെബിയുടെ വിലക്കില്‍ ഇടിഞ്ഞ് ജെ.എം ഫിനാന്‍ഷ്യല്‍, ഐ.ഐ.എഫ്.എല്ലും നിരാശയില്‍

Update: 2024-03-11 05:44 GMT

Image by Canva

ഉയരാൻ ശ്രമിക്കുമ്പോൾ വിൽപന സമ്മർദം സൂചികകളെ പിന്നോട്ടു വലിക്കുന്നു. ബാങ്ക്, ധനകാര്യ ഓഹരികൾ ദുർബലമായതും ടാറ്റാ ഗ്രൂപ്പ് ഓഹരികൾക്കു വില കുറഞ്ഞതും വിപണിയെ താഴ്ത്തി നിർത്തുന്നു.

ടാറ്റാ സൺസ് ലിസ്‌റ്റിംഗ് ഉദ്ദേശിക്കുന്നില്ലെന്നു ടാറ്റാ ഗ്രൂപ്പ് വിശദീകരിച്ചതിനെ തുടർന്ന് ടാറ്റാ കമ്പനികളുടെ ഓഹരികൾ താഴ്ചയിലായി. ടാറ്റാ കെമിക്കൽസ് ഓഹരി 10 ശതമാനം ഇടിഞ്ഞു. ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ കൺസ്യൂമർ, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ ഇൻവെസ്റ്റ്മെൻ്റ്, ടാറ്റാ പവർ തുടങ്ങിയവ ഒന്നു മുതൽ അഞ്ചു വരെശതമാനം താഴ്ന്നു. ടാറ്റാ സൺസ് ലിസ്റ്റ് ചെയ്താൽ ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം ഗണ്യമായി കൂടുമായിരുന്നു.
ടാറ്റാ ഗ്രൂപ്പിലെ റീട്ടെയിൽ കമ്പനിയായ ട്രെൻ്റ് ലിമിറ്റഡ് ഓഹരി ആറു ശതമാനം ഉയർന്ന് ഒരു വർഷത്തെ ഉയർന്ന വിലയായ 4,223.95 രൂപയിൽ എത്തി.
ലൈഫ് ഇൻഷ്വറൻസ് കമ്പനികളുടെ ഫെബ്രുവരിയിലെ കണക്കുകൾ വന്നതിനെ തുടർന്ന് മാക്സ് ഫിൻ, ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍, എച്ച്.ഡി.എഫ്.സി ലെെഫ്, എൽ.ഐ.സി തുടങ്ങിയവ ഒന്നു മുതൽ മൂന്നു വരെ ശതമാനം കയറി.
മധ്യപ്രദേശ് സർക്കാർ മെട്രോ പ്രോജക്റ്റിലെ 543 കോടി രൂപയുടെ കരാർ നൽകിയതിനെ തുടർന്ന് ആർ.വി.എൻ.എൽ ഓഹരി വില ആറു ശതമാനം ഉയർന്നു.
1,909 കോടിയുടെ വാഗൺ കരാർ ലഭിച്ചത് ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ഓഹരി വില ഏഴു ശതമാനം കയറി.
ജെ.എം ഫിനാൻഷ്യലിനെ കടപ്പത്ര ഇഷ്യുകളിൽ ലീഡ് മാനേജരായി പ്രവർത്തിക്കുന്നതിൽ നിന്ന് സെബി വിലക്കി. കമ്പനിയുടെ ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. കുഴപ്പത്തിലായ ഐ.ഐ.എഫ്.എൽ ഓഹരി ഇന്ന് അഞ്ചു ശതമാനം ഇടിവിലാണ്.
രൂപ ഇന്നു നേട്ടത്തിലായി. ഡോളർ എട്ടു പൈസ കുറഞ്ഞ് 82.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 82.66 രൂപയായി.
സ്വർണം ലോകവിപണിയിൽ 2,180 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവൻ 48,600 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം വില 81.54 ഡോളറാണ്.


Tags:    

Similar News