ഐ.ടിയുടെ കുതിപ്പിൽ ഓഹരി വിപണി ഉയരത്തിൽ; വിൽപന സമ്മർദ്ദം വർധിച്ചു

ഇൻഫോസിസ് ഓഹരി രാവിലെ 7 ശതമാനം ഉയർന്ന് 1,603 രൂപയിലെത്തി.

Update:2024-01-12 11:25 IST

Representational Image From Pixabay

ഐ.ടി കമ്പനികളുടെ കുതിപ്പിൽ മുഖ്യ സൂചികകൾ വലിയ കയറ്റം നടത്തിയതോടെ വിപണി വീണ്ടും ബുള്ളുകൾക്ക് കരുത്ത് പകർന്നു. ഒരു മണിക്കൂറിനുള്ളിൽ നിഫ്റ്റി 160 പോയിന്റും സെന്‍സെക്‌സ് 600 പോയിന്റും വരെ ഉയര്‍ന്നു. നിഫ്റ്റി 21,815 നും സെൻസെക്സ് 72,325 നും മുകളിലായി. ഇതോടെ വിപണിയിൽ വിൽപന സമ്മർദം വർധിച്ചു.

ഐ.ടി ഓഹരികൾ ഇന്നു ശക്തമായി തിരിച്ചു കയറി. രാവിലെ നിഫ്റ്റി ഐ.ടി സൂചിക നാലര ശതമാനം കുതിച്ചു. ഐടി തളർച്ചയുടെ അടിത്തട്ടിൽ എത്തിയെന്നും ഇനി കയറ്റം പ്രതീക്ഷിക്കാമെന്നും ചില പാശ്ചാത്യ ബ്രോക്കറേജുകൾ വിലയിരുത്തി.

ഇന്നലെ രാത്രി ന്യൂയോർക്കിൽ ഇൻഫോസിസ് എ.ഡി.ആർ നാലു ശതമാനം കുതിച്ചത് വിപണിക്കു വഴികാട്ടിയായി. ഗോൾഡ്മാൻ സാക്സ് ടി.സി.എസിന്റെ ലക്ഷ്യവില ഉയർത്തി 4,228 ആക്കിയതും വിപണിയെ സഹായിച്ചു. ഇൻഫോസിസ് ഓഹരി  രാവിലെ 7 ശതമാനം ഉയർന്ന് 1,603 രൂപയിലെത്തി.

ടി.സി.എസ് നാലു ശതമാനം ഉയർന്ന് 3,894 രൂപ വരെ എത്തി. വിപ്രോ 4.2 ശതമാനം കയറി 467 രൂപയായി. എച്ച്.സി.എൽ മൂന്നു ശതമാനത്തോളം കയറി. ടെക് മഹീന്ദ്ര 3.9 ശതമാനം ഉയർന്നു.

ലോധാ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് കമ്പനി മാക്രോടെക് ഡവലപ്പേഴ്സ് ഇന്ന് എട്ടു ശതമാനം കയറി 1225 രൂപയ്ക്കു മുകളിലായി.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. പിന്നീട് കയറി. ഡോളർ അഞ്ചു പൈസ കയറി 83.08 രൂപയിൽ ഓപ്പൺ ചെയ്തു. 83.10 രൂപ വരെ കയറിയിട്ട് 83.01 രൂപയിലേക്കു താണു. സ്വർണം ലോക വിപണിയിൽ 2034 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ കൂടി 46,160 രൂപയായി. ക്രൂഡ് ഓയിൽ ഉയർന്ന നിലയിൽ നിന്ന് അൽപം താണു. ബെന്റ് ഇനം 79.06 ഡോളറിൽ നിന്ന് 78.65 ലേക്കു നീങ്ങി.

Tags:    

Similar News