റെക്കോഡ് ഉയരത്തില്‍ നിന്നും താഴേക്കിറങ്ങി വിപണി; മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്ക് വലിയ തിരിച്ചടി
ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, പഞ്ചസാര കമ്പനികള്‍ എന്നിവയ്ക്കു പുറമേ ഈയിടെ വലിയ ആവേശമുയര്‍ത്തിയ പ്രതിരോധ, കപ്പല്‍ നിര്‍മാണ, റെയില്‍വേ ഓഹരികളും നഷ്ടത്തിലായി
റെക്കോഡ് ഉയരത്തിലെത്തിയ വിപണി ഇന്നു നേട്ടത്തോടെ തുടങ്ങിയ ശേഷം കുത്തനേ ഇടിഞ്ഞു. പിന്നീടു ചാഞ്ചാട്ടമായി. ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 19,970നും സെന്‍സെക്‌സ് 67,100നും താഴെ ആണ്. ബാങ്ക് നിഫ്റ്റി 45, 500നു താഴെയായി. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഇന്നു വലിയ തകര്‍ച്ചയിലായി. ആദ്യ മണിക്കൂറില്‍ മിഡ് ക്യാപ് സൂചിക രണ്ടും സ്‌മോള്‍ ക്യാപ് സൂചിക മൂന്നും ശതമാനം വരെ ഇടിഞ്ഞു.
മിഡ്, സ്മാേള്‍ ക്യാപ് ഓഹരികള്‍ അവയുടെ ലാഭത്തിന് ആനുപാതികമല്ലാത്ത ഉയരത്തില്‍ എത്തി എന്നു പല വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. സമീപകാലത്ത് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കും വലിയ തോതില്‍ നിക്ഷേപം എത്തിയിരുന്നു. അവയില്‍ നിന്നു പണം പിന്‍വലിക്കുന്ന സാധ്യത മുന്‍ നിര്‍ത്തി ഫണ്ടുകള്‍ വലിയ തോതില്‍ വില്‍പന നടത്തി. ഇത് അവയുടെ തകര്‍ച്ച രൂക്ഷമാക്കി.
ബാങ്കുകള്‍, ധനകാര്യ കമ്പനികള്‍, പഞ്ചസാര കമ്പനികള്‍ എന്നിവയ്ക്കു പുറമേ ഈയിടെ വലിയ ആവേശമുയര്‍ത്തിയ പ്രതിരോധ, കപ്പല്‍ നിര്‍മാണ, റെയില്‍വേ ഓഹരികളും കുത്തനേ നിലം പതിച്ചു.
ഒരവസരത്തില്‍ 561 ഓഹരികള്‍ ഉയര്‍ന്നും 2449 ഓഹരികള്‍ താഴ്ന്നും നില്‍ക്കുന്നതായിരുന്നു ബിഎസ്ഇയിലെ വ്യാപാരനില. എന്‍ എസ് ഇയില്‍ 346 - 2354 എന്നതായിരുന്നു നില.
നിഫ്റ്റി രാവിലെ 20,110 വരെ ഉയര്‍ന്നിട്ട് 19,914 വരെയും സെന്‍സെക്‌സ് രാവിലെ 67,539 വരെ കയറിയിട്ട് 66,948 വരെയും താഴ്ന്നു.
സ്റ്റീല്‍ സ്ട്രിപ്‌സ് ഓഹരി ഇന്ന് എട്ടു ശതമാനം ഉയര്‍ന്നു. ചിലയിനം സ്റ്റീലിന്റെ ഇറക്കുമതിക്കു പിഴച്ചുങ്കം ചുമത്തുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു കുതിപ്പ്.
അദാനി ഗ്രൂപ്പ് കമ്പനികള്‍ ഇന്നു മൂന്നു ശതമാനത്തിലധികം ഇടിഞ്ഞു.
റെയിൽവേ ഓഹരികൾ ഇടിവിൽ
റെയില്‍വേ ഓഹരികള്‍ ഇന്നു കയറ്റത്തില്‍ തുടങ്ങിയിട്ടു വലിയ ഇടിവിലേക്കു മാറുകയായിരുന്നു. ഇര്‍കോണ്‍ (IRCON) 7.8 ശതമാനം, ഐ.ആര്‍.എഫ്.സി (IRFC) 7.2%, ആര്‍വിഎന്‍എല്‍ 5% എന്ന തോതില്‍ ആദ്യം ഉയര്‍ന്നു. പിന്നീടു കനത്ത നഷ്ടത്തിലായി.
തിരിച്ചു വാങ്ങലിനു വില കൂട്ടിയത് എല്‍ ആന്‍ഡ് ടി ഓഹരിയുടെ വില മൂന്നര ശതമാനം ഉയര്‍ത്തി. 3000 ല്‍ നിന്ന് 3200 രൂപയിലേക്കാണു തിരിച്ചു വാങ്ങല്‍ വില കൂട്ടിയത്. ഓഹരി 2,990 രൂപയിലേക്കു കയറി.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നും നേട്ടത്തോടെയാണ് തുടങ്ങിയത്. ഡോളര്‍ ഒന്‍പതു പൈസ കുറഞ്ഞ് 82.94 രൂപയില്‍ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.01ലേക്കു കയറി. സ്വര്‍ണം ലോകവിപണിയില്‍ 1,923 ഡോളറിനു മുകളിലായി. കേരളത്തില്‍ സ്വര്‍ണം മാറ്റമില്ലാതെ തുടരുന്നു. പവന്, 43,880 രൂപ.ക്രൂഡ് ഓയില്‍ വില വീണ്ടും കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് 91 ഡോളറിനു മുകളിലായി.