കയറാന്‍ ശ്രമിക്കും തോറും സൂചികകളെ താഴ്ത്തി വില്‍പന സമ്മര്‍ദം: വിപണി ചാഞ്ചാട്ടത്തില്‍, അദാനി ഓഹരികള്‍ താഴ്ചയില്‍

മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ജനറല്‍ ഫിനാന്‍സ് ഓഹരികളും താഴ്ചയില്‍

Update:2024-08-14 11:10 IST

Image Created with Canva

വിപണി കയറാന്‍ ശ്രമിക്കും തോറും വില്‍പന സമ്മര്‍ദം സൂചികകളെ താഴ്ത്തുന്നു. ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം സൂചികകള്‍ ചാഞ്ചാട്ടത്തിലായി. ബാങ്ക് നിഫ്റ്റിയും ചാഞ്ചാടുന്നു. അതേസമയം മിഡ് ക്യാപ് ഓഹരികള്‍ താഴ്ചയിലായി.
റെലിഗാര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡാബറിന്റെ മൊഹിത് ബര്‍മന്‍ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തില്‍ ഇ ഡി ബര്‍മനു വീണ്ടും സമന്‍സ് അയച്ചു. കഴിഞ്ഞയാഴ്ച ബര്‍മന്റെ മൊഴി ഇഡി എടുത്തതാണ്. ഡാബര്‍ ഓഹരി ഒരു ശതമാനം താഴ്ന്നു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ മിക്കതും ഇന്നു താഴ്ചയാണ്. അദാനി എന്റര്‍പ്രൈസസ് ഒരു ശതമാനത്തോളം താണു.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ ഒരു ശതമാനം ഉയര്‍ന്ന് 204.38 രൂപയിലെത്തി. ഇന്നലെ ഓഹരി 206.59 രൂപ എന്ന റെക്കോര്‍ഡില്‍ എത്തിയിരുന്നു.
മുത്തൂറ്റ് ഫിനാന്‍സ് ലാഭം 11 ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് കുറിച്ചെങ്കിലും ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു. മണപ്പുറം ജനറല്‍ ഫിനാന്‍സ് മികച്ച റിസല്‍ട്ട് പുറത്തിറക്കിയെങ്കിലും ഓഹരി മൂന്നു ശതമാനത്തിലധികം താഴ്ചയിലായി. പലിശ മാര്‍ജിന്‍ കുറയുന്നതാണു രണ്ടു കമ്പനികളുടെയും പ്രശ്‌നമായി വിപണി ഇന്നു പറയുന്നത്. വിദേശ ബ്രോക്കറേജ് ജെഫറീസ് മുത്തൂറ്റിന് 2,220 രൂപ ലക്ഷ്യവില വച്ച് ഓഹരി വാങ്ങാന്‍ ശുപാര്‍ശ നല്‍കി.
ഒന്നാം പാദ റിസല്‍ട്ടില്‍ ലാഭമാര്‍ജിന്‍ കുറഞ്ഞത് മാക്‌സ് ഫിനാന്‍സ് ഓഹരിയെ അഞ്ചു ശതമാനം ഇടിവിലാക്കി.
ലാഭമാര്‍ജിന്‍ ഇടിഞ്ഞത് എച്ച് ഇ ജി ഓഹരിയെ ഏഴു ശതമാനം താഴ്ത്തി.
രൂപ തുടക്കത്തില്‍ നല്ല കയറ്റം കാണിച്ചു. ഡോളര്‍ ആറു പൈസ കുറഞ്ഞ് 83.91 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.92 രൂപയിലേക്കു കയറി.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2460 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 52,440 രൂപയായി.
ക്രൂഡ് ഓയില്‍ വില ചാഞ്ചാടുകയാണ്. ബ്രെന്റ് ഇനം 81.26 ഡോളറില്‍ എത്തി.
Tags:    

Similar News