നിഫ്റ്റി 25,100 കടന്നു; വിപണി കുതിപ്പില്‍, കേസില്‍ കുരുങ്ങി എല്‍.ടി ഫുഡ്‌സ്, വളര്‍ച്ചാ കണക്കില്‍ തട്ടി അവന്യു മാര്‍ട്‌സ്

ഫെഡറല്‍ ബാങ്കും വിപ്രോയും കയറ്റത്തില്‍

Update:2024-10-14 10:39 IST

Image Courtesy: Canva

ഓഹരികള്‍ ഇന്നു നേട്ടത്തോടെ തുടങ്ങി, പിന്നീടു കൂടുതല്‍ കയറി. നിഫ്റ്റി 25,000നു മുകളില്‍ വ്യാപാരമാരംഭിച്ചിട്ടു ക്രമേണ 25,100നു മുകളില്‍ 25,100നു മുകളില്‍ എത്തി. നിഫ്റ്റിയും സെന്‍സെക്‌സും അര ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി.

നിഫ്റ്റി ബാങ്കും നിഫ്റ്റി ഫിനാന്‍സും രാവിലെ ആദ്യ മണിക്കൂറില്‍ 0.90 ശതമാനം കയറി. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ചെറിയ നേട്ടമേ ഉണ്ടാക്കിയുള്ളു.
എല്‍ടി ഫുഡ്‌സിന്റെ ഒരു ബ്രാന്‍ഡ് അരി നിലവാരമില്ലാത്തതാണെന്നു കണ്ടതിനെ തുടര്‍ന്ന് കമ്പനിക്ക് എതിരേ കേസ്. ഓഹരി മൂന്നു ശതമാനം താണു.
ഡി മാര്‍ട്ട് റീട്ടെയില്‍ ചെയിന്‍ നടത്തുന്ന അവന്യു സൂപ്പര്‍ മാര്‍ട്‌സിന്റെ രണ്ടാം പാദ വരുമാനം നാലു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വരുമാന വളര്‍ച്ചയാണു കാണിച്ചത്. അവന്യു ഓഹരി വില 10 ശതമാനം വരെ താഴ്ന്നു.
ബോണസ് ഇഷ്യു നടത്താന്‍ ഒരുങ്ങുന്ന വിപ്രോ ഓഹരി മൂന്നു ശതമാനം വരെ ഉയര്‍ന്നു.
2,310 കോടി രൂപയുടെ കരാറുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അശോക ബില്‍ഡ് കോണ്‍ ഓഹരി ഏഴു ശതമാനം കയറി.
പിഗ്മെന്റ്‌സ് ബിസിനസ് സുദര്‍ശന്‍ കെമിക്കല്‍സിനു വില്‍ക്കുന്ന ഹ്യൂബാക് കളറന്റ്‌സിന്റെ ഓഹരി 16 ശതമാനം വരെ ഇടിഞ്ഞു. കഴിഞ്ഞ ദിവസം 20 ശതമാനം വരെ കയറിയ സുദര്‍ശന്‍ ഇന്ന് 0.70 ശതമാനം വരെ താഴ്ന്നിട്ടു തിരിച്ചു കയറി ഒരു ശതമാനം നേട്ടത്തിലായി.
ആങ്കര്‍ നിക്ഷേപകരുടെ ലോക്ക് ഇന്‍ കാലാവധി കഴിഞ്ഞതോടെ ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഓഹരി രാവിലെ നാലു ശതമാനം ഇടിഞ്ഞു.
ഫെഡറല്‍ ബാങ്ക് ഓഹരി ഇന്നു രാവിലെ 2.35 ശതമാനം കയറി 191.95 രൂപ വരെ എത്തി.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു രാവിലെ ചെറിയ നേട്ടത്തില്‍ ആരംഭിച്ചു. ഡോളര്‍ ഒരു പൈസ താഴ്ന്ന് 84.05 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.07 രൂപയായി. രൂപ കുത്തനേ ഇടിയാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നുണ്ട്.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,656 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 56,960 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം 78.24 ഡോളറിലാണ്.


Tags:    

Similar News