കയറ്റത്തിനു ശേഷം ചാഞ്ചാട്ടം: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ താഴ്ന്നു, ടയര്‍ കമ്പനികള്‍ക്ക് നേട്ടം
നേട്ടത്തില്‍ വ്യാപാരം തുടങ്ങിയെങ്കിലും വില്‍പന സമ്മര്‍ദ്ദത്തില്‍ കുറഞ്ഞു
വിപണി നല്ല നേട്ടത്തില്‍ വ്യാപാരം തുടങ്ങി വീണ്ടും കയറിയെങ്കിലും പിന്നീടു വില്‍പന സമ്മര്‍ദത്തില്‍ നേട്ടം കുറഞ്ഞു. ബാങ്ക് നിഫ്റ്റി തുടക്കത്തിലേ ചാഞ്ചാട്ടത്തിനു ശേഷം നഷ്ടത്തിലായി.
ഇന്നും ഐടി കമ്പനികള്‍ ഉയര്‍ന്നു. പ്രമുഖ കമ്പനികള്‍ ഒന്നു മുതല്‍ നാലു വരെ ശതമാനം കയറി. ഐടി സൂചിക രാവിലെ ഒരു ശതമാനം കയറിയിട്ട് താണു.
ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ ഇന്നു മികച്ച നേട്ടം ഉണ്ടാക്കി. റിയല്‍റ്റി ഇന്നും താഴ്ചയിലാണ്.
മികച്ച റിസല്‍ട്ടിനെ തുടര്‍ന്ന് എച്ച്‌സിഎല്‍ ടെക് ഓഹരി നാലു ശതമാനത്തോളം ഉയര്‍ന്നു. സിറ്റിയും കൊട്ടക് സെക്യൂരിറ്റീസും ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തി.
അവന്യു സൂപ്പര്‍ മാര്‍ട്ട് ലാഭമാര്‍ജിനുകള്‍ മെച്ചപ്പെടുത്തി. ഓഹരി നാലു ശതമാനം വരെ കയറി. പിന്നീട് നേട്ടം കുറഞ്ഞു.
ഐആര്‍ഇഡിഎ ഓഹരി രാവിലെ എട്ടു ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു. കമ്പനിയുടെ വരുമാനവും അറ്റാദായവും 32 ശതമാനം വീതം വര്‍ധിച്ചു.
നിര്‍മിത ബുദ്ധി അധിഷ്ഠിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍ സെന്‍ ടെക്‌നോളജീസ് ഓഹരി അഞ്ചു ശതമാനത്തോളം ഉയര്‍ന്നു.
ഓഹരി തിരിച്ചു വാങ്ങുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അരബിന്ദോ ഫാര്‍മ ഓഹരി മൂന്നര ശതമാനം കയറി.
ഉല്‍പന്ന വില കൂട്ടിയതിനെ തുടര്‍ന്നു ടയര്‍ കമ്പനികള്‍ ഇന്ന് ഗണ്യമായി ഉയര്‍ന്നു. ജെകെ ടയര്‍ ഒന്‍പതും അപ്പോളോ, സിയറ്റ്, എംആര്‍ എഫ് തുടങ്ങിയവ അഞ്ചുവരെയും ശതമാനം കയറി.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗാേണ്‍ ഡോക്ക്, ഗാര്‍ഡന്‍ റീച്ച് എന്നിവ നാലു ശതമാനത്തോളം താഴ്ചയിലായി.
ഡോളര്‍ ഇന്ന് കാര്യമായ മാറ്റമില്ലാതെ 83.53 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.55 രൂപയായി.
ലോകവിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2412.60 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 54,000 രൂപയായി.
ക്രൂഡ് ഓയില്‍ തിരിച്ചു കയറുകയാണ്. ബ്രെന്റ് ഇനം 85.17 ഡോളറില്‍ എത്തി.