ഉത്സാഹമില്ലാതെ ഓഹരി വിപണി; ഉയരാതെ ചാഞ്ചാട്ടം തുടരുന്നു

മിഡ്ക്യാപ് ഓഹരികള്‍ രാവിലെ ഉയര്‍ന്നു

Update:2023-08-17 11:12 IST

വിപണി രാവിലെ അല്‍പം താഴ്ന്നു വ്യാപാരം തുടങ്ങി, പിന്നീടു കൂടുതല്‍ താഴ്ന്നു ചാഞ്ചാട്ടമായി. ഇന്നു സെന്‍സെക്‌സ് 65,300 നും നിഫ്റ്റി 19,400 നും താഴെയായി. ഐടി ഓഹരികള്‍ താഴ്ചയിലും മെറ്റല്‍ ഓഹരികള്‍ ഉയര്‍ച്ചയിലും ആയി. ബാങ്ക്, ധനകാര്യ ഓഹരികള്‍ ചാഞ്ചാട്ടത്തിലായി. മിഡ്ക്യാപ് ഓഹരികള്‍ ഉയര്‍ന്നു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി ഇന്നും ഉയര്‍ന്നു. 11 ശതമാനം കയറി രാവിലെ 898 രൂപ വരെ ഓഹരിവില എത്തി. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി രാവിലെ ഏഴു ശതമാനം ഉയര്‍ന്നു. കുറേ ദിവസങ്ങളായി രണ്ട് ഓഹരികളും നല്ല കയറ്റത്തിലാണ്.

ഒന്നാം പാദ റിസല്‍ട്ടില്‍ വരുമാനം വര്‍ധിച്ചെങ്കിലും ലാഭം കുറഞ്ഞ ഗ്ലാന്‍ഡ് ഫാര്‍മ ഓഹരി ഇന്ന് ഏഴു ശതമാനത്തോളം ഉയര്‍ന്നു. കഫേ കോഫീ ഡേ ഒന്നാം പാദത്തില്‍ ലാഭം ഉണ്ടാക്കിയതിനെ തുടര്‍ന്നു മൂന്നു ദിവസമായി കയറ്റത്തിലാണ്. ഓഹരി ഇന്നു രാവിലെ ആറു ശതമാനം ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് ഓഹരി 16 ശതമാനം നേട്ടം ഉണ്ടാക്കി.

അഡിഡാസുമായുള്ള സഖ്യം, ബാറ്റ ഓഹരി കയറി

അഡിഡാസുമായി വ്യാപാരസഖ്യം ഉണ്ടാക്കാന്‍ ബാറ്റാ ഇന്ത്യ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. ബാറ്റാ ഓഹരി ഒന്നര ശതമാനം കയറി. 7.26 ശതമാനം പലിശയുള്ള 10 വര്‍ഷ സര്‍ക്കാര്‍ കടപ്പത്രത്തിന് 7.25 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന വിധം വില താണു. ചില്ലറവിലക്കയറ്റം കൂടിയത് ക്രമേണ പലിശ കൂടാന്‍ ഇടയാക്കും എന്നാണ് ഇതിലെ സൂചന. ഇന്നു രാവിലെ 0.53 ശതമാനം മാറ്റമാണു വിലയില്‍ ഉണ്ടായത്.

രൂപ, ഡോളര്‍, സ്വര്‍ണം

രൂപ ഇന്നു താണു. കഴിഞ്ഞ ദിവസം 82.95 രൂപയില്‍ ക്ലോസ് ചെയ്ത ഡോളര്‍ ഇന്നു രാവിലെ 83 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.08 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ 1892 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 43,280 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Tags:    

Similar News