ഉയര്‍ന്നുപൊങ്ങി ബജാജ് ഹൗസിംഗ്, ശിപാര്‍ശയില്‍ മുന്നേറി ഓലയും; വിപണിയില്‍ വില്‍പന സമ്മര്‍ദം, ചാഞ്ചാട്ടം
അമേരിക്കയിലെ സിലിക്കണ്‍ കാര്‍ബൈഡ് കമ്പനിയെ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ ഓഹരി ഉയര്‍ന്നു
ഉയര്‍ന്നു വ്യാപാരം തുടങ്ങിയ വിപണി വേഗം തന്നെ താഴ്ചയിലായി. അര മണിക്കുറിനകം തിരികെ നേട്ടത്തില്‍ വന്നു. വീണ്ടും താഴ്ന്നു. വില്‍പന സമ്മര്‍ദമാണു ചാഞ്ചാട്ടത്തിനു കാരണം.
ഓല ഇലക്ട്രിക് ഓഹരി വാങ്ങാന്‍ ഗോള്‍ഡ്മാന്‍ സാക്‌സും ബാങ്ക് ഓഫ് അമേരിക്കയും ശിപാര്‍ശ ചെയ്തു. 160 രൂപയാണു ലക്ഷ്യവില. ഓഹരി അഞ്ചു ശതമാനം ഉയര്‍ന്നു.
ഇന്നലെ ലിസ്റ്റ് ചെയ്ത ബജാജ് ഹൗസിംഗ് ഇന്നു രാവിലെ 10 ശതമാനം കയറി 181.50 രൂപയില്‍ എത്തി. പിന്നീടു നേട്ടം കുറഞ്ഞു. ടാറ്റ മോട്ടോഴ്‌സിന്റെ രണ്ടു ശതമാനത്തോളം ഓഹരി ബള്‍ക്ക് ആയി കൈമാറ്റം ചെയ്തത് വിപണിയില്‍ വില രണ്ടര ശതമാനം കുറയാന്‍ ഇടയാക്കി.
അമേരിക്കയിലെ സിലിക്കണ്‍ കാര്‍ബൈഡ് കമ്പനിയെ ഏറ്റെടുക്കും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാര്‍ബോറണ്ടം യൂണിവേഴ്‌സല്‍ ഓഹരി ഏഴു ശതമാനം വരെ ഉയര്‍ന്നു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.87 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.82 രൂപയായി. ഡോളര്‍ സൂചിക താഴുന്ന സാഹചര്യത്തിലാണു രൂപയുടെ കയറ്റം.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,578 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 54,920 രൂപയായി.
ക്രൂഡ് ഓയില്‍ വിലയില്‍ കയറ്റം തുടരുന്നു. ബ്രെന്റ് ഇനം 73.11 ഡോളര്‍ വരെ എത്തി.