നേട്ടത്തിലേറിയ വിപണിയില്‍ പിന്നെയും ചാഞ്ചാട്ടം; വോഡഫോണ്‍ ഐഡിയ 4% മുന്നേറി
രൂപ ഇന്നു നേട്ടത്തിലാണ്
വിപണി ഒടുവിൽ ആശ്വാസം കണ്ടു. ദിവസങ്ങൾക്കു ശേഷം വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി. സെൻസെക്സ് 73,296 വരെയും നിഫ്റ്റി 22,271 വരെയും കയറിയ ശേഷം കുറേ താഴ്ന്നു. മിഡ്ക്യാപ്, സ്മോൾക്യാപ് ഓഹരികൾ കൂടുതൽ മെച്ചപ്പെട്ട നേട്ടം ഉണ്ടാക്കി.
ഡ്രോൺ സേവനങ്ങൾ നൽകുന്ന ഡ്രോണാചാര്യ (DroneAcharya) കമ്പനിയുടെ ഓഹരി അഞ്ചു ശതമാനം കയറി. 200 പരിശീലന ഡ്രോണുകൾക്കായി കമ്പനി കരാർ ഉണ്ടാക്കിയതിനു പിന്നാലെയാണിത്.
എഫ്.പി.ഒ ആരംഭിച്ചതിനെ തുടർന്ന് വോഡഫോൺ ഐഡിയ ഓഹരി നാലു ശതമാനം കയറി. വോഡഫോൺ ഐഡിയയുടെ ധനകാര്യ നില മെച്ചമാകും എന്നതിൻ്റെ പേരിൽ ഇൻഡസ് ടവേഴ്സ് ഓഹരി ആറു ശതമാനത്തോളം നേട്ടത്തിലായി.
കൂടുതൽ ധനകാര്യ സേവനങ്ങളിലേക്കു കടക്കുന്നതിൻ്റെ പേരിൽ ജിയോ ഫിനാൻഷ്യൽ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു. നല്ല നാലാം പാദ റിസൽട്ടിനെ തുടർന്ന് ഐ.സി.ഐ.സി.ഐ ലൊംബാർഡ് നാലു ശതമാനം നേട്ടത്തിലായി.
ക്രൂഡ് ഓയിൽ വില താഴുന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്കു നേട്ടമായി. ഐ.ഒ.സി മൂന്നും ബി.പി.സി.എൽ നാലും എച്ച്.പി.സി.എൽ അഞ്ചും ശതമാനം ഉയർന്നു. മോർഗൻ സ്റ്റാൻലി ഓവർ വെയിറ്റ് ആയി ഉയർത്തിയ ഒ.എൻ.ജി.സി ഒന്നര ശതമാനം വരെ കയറി. പിന്നീടു താഴ്ന്നു.
വിദേശത്ത് ഇരുമ്പയിര് വില ഉയർന്നത് എൻ.എം.ഡി.സി ഓഹരിയെ രണ്ടു ശതമാനം ഉയർത്തി. പ്രാദേശിക സെർച്ച് സർവീസ് നടത്തുന്ന ജസ്റ്റ് ഡയലിൻ്റെ നാലാം പാദ അറ്റാദായം 38.44 ശതമാനം വർധിച്ചത് ഓഹരിവില 12 ശതമാനം വരെ ഉയർത്തി.
രൂപ, സ്വർണം, ക്രൂഡ് ഓയിൽ
രൂപ ഇന്നു നേട്ടത്തിലാണ്. ഡോളർ നാലു പൈസ താഴ്ന്ന് 83.50 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.53 രൂപയായി. വിദേശത്തു ഡോളർ സൂചിക രാവിലെ താഴുകയാണ്.
സ്വർണം ലോക വിപണിയിൽ 2,374 ഡോളറിലേക്കു കയറി. ഇന്നലെ 2,364 ഡോളറിൽ ക്ലോസ് ചെയ്തതാണ്. കേരളത്തിൽ സ്വർണം പവന് 240 രൂപ കുറഞ്ഞ് 54,120 രൂപയായി. ക്രൂഡ് ഓയിൽ വില വീണ്ടും കയറുകയാണ്. ബ്രെൻ്റ് 87.62 ഡോളറിലെത്തി.