ആശങ്ക കുറഞ്ഞു, വിപണി നഷ്ടം കുറച്ചു; മോശം പ്രകടനത്തിൽ തട്ടി ഇന്‍ഫോസിസ്

ഐ.ടി മേഖല മൊത്തം ഇടിവിലാണ്

Update: 2024-04-19 06:27 GMT

Image by Canva

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തെ ഇറാന്‍ കാര്യമായി എടുക്കാത്തത് വിപണിയിലെ ആശങ്ക ലഘൂകരിച്ചു. 600ലേറെ പോയിന്റ് താഴ്ന്ന സെന്‍സെക്‌സ് പിന്നീട് നഷ്ടം 300 പോയിന്റായി കുറച്ചു. യുദ്ധ ഭീതിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളുടെ ഓഹരികളെ നാലു ശതമാനം വരെ താഴ്ത്തി. 

ഇന്‍ഫോസിസ് ടെക്‌നോളജീസിന്റെ മോശം പ്രകടനം ഓഹരിയെ രണ്ടു ശതമാനത്തിലധികം താഴ്ത്തി. ഐ.ടി മേഖല മൊത്തം ഇടിവിലാണ്. ഐ.ടി നിഫ്റ്റി ഒന്നര ശതമാനം താഴ്ന്നു. 

ക്രൂഡ് ഓയില്‍ വിലക്കയറ്റം വാഹന വില്‍പനയെ ബാധിക്കും എന്നതിന്റെ പേരില്‍ വാഹന ഓഹരികള്‍ ഇന്നു രാവിലെ ഇടിഞ്ഞു. ബജാജ് ഓട്ടോയുടെ റിസല്‍ട്ട് മികച്ചതായിരുന്നെങ്കിലും ഓഹരി രണ്ടര ശതമാനത്തിലധികം താഴ്ന്നു. കയറ്റുമതിയില്‍ തിരിച്ചടി നേരിടും എന്നതാണു പ്രധാന കാരണം.

മികച്ച റിസല്‍ട്ടിനു ശേഷം എച്ച്.ഡി.എഫ്.സി ലൈഫ് ഓഹരി രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. വളര്‍ച്ച സൂചകങ്ങള്‍ നെഗറ്റീവ് ആയെന്നു വിദഗ്ധര്‍ പറയുന്നു.

ഏഞ്ചല്‍ വണ്‍ ഓഹരി ഇന്നു മൂന്നര ശതമാനം താഴ്ന്നു. ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞതാണ്. പുതിയ ഇടപാടുകാരുടെ എണ്ണം കുറയുന്നതിന്റെ പേരിലാണ് ഓഹരി താഴ്ചയിലായത്.

രൂപ, സ്വര്‍ണം, ക്രൂഡ് ഓയില്‍

രൂപ ഇന്നു താഴ്ന്നിട്ടു കയറി. ഡോളര്‍ ഒരു പൈസ കയറി 83.55 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.48 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,415 ഡോളര്‍ വരെ കയറിയിട്ട് തിരിച്ചിറങ്ങി 2,390 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 400 രൂപ കയറി 54,520 രൂപ എന്ന റെക്കോര്‍ഡില്‍ എത്തി. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടു താഴ്ന്നു. ബ്രെന്റ് 89.41 ഡോളറിലാണ്.

Tags:    

Similar News