ഫെഡ് നീക്കത്തില്‍ കുതിച്ച് വിപണി; നായിഡുവിന്റെ തീരുമാനത്തില്‍ മദ്യകമ്പനികള്‍ക്ക് നേട്ടം, രൂപയും കയറി

കടബാധ്യതകള്‍ തീര്‍ത്ത അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രായും ഇന്നും കയറ്റത്തില്‍

Update:2024-09-19 10:57 IST

Image by Canva

യുഎസ് പലിശ കുറയ്ക്കല്‍ പകര്‍ന്ന ആവേശത്തില്‍ ഇന്ത്യന്‍ വിപണി വലിയ നേട്ടത്തിലായി. സെന്‍സെക്‌സ് 83,773.61 ലും നിഫ്റ്റി 25,611.95 ലും എത്തി റെക്കോര്‍ഡ് തിരുത്തി. ഒരു ശതമാനത്തോളം ഉയര്‍ന്ന വിപണി പിന്നീടു വില്‍പന സമ്മര്‍ദത്തില്‍ നേട്ടം കുറച്ചു.
ഐടി കമ്പനികള്‍ ഇന്നു നേട്ടത്തിലായി. ടിസിഎസ്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, മൈന്‍ഡ് ട്രീ, എച്‌സിഎല്‍, വിപ്രോ തുടങ്ങിയവ കയറി. ഐടി സൂചിക ഒന്നര ശതമാനത്തോളം ഉയര്‍ന്നു. പിന്നീടു താണു.
ബാങ്ക് ഓഹരികളും നല്ല കയറ്റത്തിലാണ്. ബാങ്ക് നിഫ്റ്റി ഒരു ശതമാനം നേട്ടം ഉണ്ടാക്കി 53,000 കടന്നു. പലിശ കുറയുമെന്ന പ്രതീക്ഷയില്‍ റിയല്‍റ്റി സൂചികയും ഒരു ശതമാനത്തിലധികം ഉയര്‍ന്നു.
ആന്ധ്രപ്രദേശില്‍ മദ്യത്തിന്റെ ചില്ലറ വില്‍പന സ്വകാര്യമേഖലയ്ക്കു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മദ്യ കമ്പനികള്‍ക്ക് നേട്ടമാകും. യുബിഎല്‍, യുഎസ്എല്‍, റാഡിക്കോ ഖേതന്‍, അലൈഡ് ബ്ലെന്‍ഡേഴ്‌സ്, തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ ഗണ്യമായി ഉയര്‍ന്നു.
നാലു വിവിധോദ്ദേശ്യ യാനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ ലഭിച്ചത് ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സിനെ അഞ്ചു ശതമാനം വരെ ഉയര്‍ത്തി.
എന്‍ടിപിസിയുടെ ഉപകമ്പനി എന്‍ടിപിസി ഗ്രീന്‍ ഐപിഒ നടത്താന്‍ കരടു പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത് ഓഹരിയെ നാലു ശതമാനം കയറ്റി.
നൗക്രി, ശിക്ഷ, ജീവന്‍ സാഥി തുടങ്ങിയവ നടത്തുന്ന ഇന്‍ഫോ എഡ്ജിന്റെ ബിസിനസ് വളര്‍ച്ച മികച്ചതാകുമെന്ന ബ്രോക്കറേജ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
കടബാധ്യതകള്‍ തീര്‍ക്കുകയും പുതിയ പദ്ധതികള്‍ ആരംഭിക്കുകയും ചെയ്യുന്ന അനില്‍ അംബാനി ഗ്രൂപ്പിലെ റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രായും ഇന്നും കയറ്റത്തിലാണ്. രണ്ടു കമ്പനികളും അഞ്ചുശതമാനം വരെ ഉയര്‍ന്നു.
ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഇന്ന് ഏഴു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ ഏഴു പൈസ കുറഞ്ഞ് 83.68 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2,565 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയായി.
ക്രൂഡ് ഓയില്‍ താഴ്ചയില്‍ നിന്നു കയറുകയാണ്. ബ്രെന്റ് ഇനം 73.63 ഡോളറില്‍ എത്തി.
Tags:    

Similar News