വിപണി കുതിക്കുന്നു; മെറ്റൽ ഓഹരികൾ കയറ്റത്തില്‍, വൊഡഐഡിയ ഇടിവില്‍, രൂപ കരുത്താര്‍ജിക്കുന്നു
വിപണി ആവേശപൂർവം കുതിക്കുകയാണ്. രാവിലെ നേട്ടത്തിൽ തുടങ്ങിയ ശേഷം അൽപം താഴ്ന്നിട്ടു വീണ്ടും മുന്നേറി. രാവിലെ ഒരു മണിക്കൂറിനകം സെൻസെക്സ് 83,773 വരെയും നിഫ്റ്റി 25,599 വരെയും കയറി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഉയർന്നു. ബാങ്ക് നിഫ്റ്റി 53,357.7 എന്ന റെക്കോർഡ് തിരുത്തി.
ഐഐഎഫ്എൽ ഫിനാൻസിന് സ്വർണപ്പണയ വായ്പകൾ പുനരാരംഭിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഓഹരി 12 ശതമാനം കുതിച്ചു.
ഇൻവെസ്ടെക് വാങ്ങൽ ശിപാർശ നൽകിയതിനെ തുടർന്ന് മാൻകൈൻഡ് ഫാർമ അഞ്ചു ശതമാനം കയറി.
സിവിൽ എൻജിനിയറിംഗ് കമ്പനിയായ ഐടിഡി സിമൻ്റേഷൻ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ് നിർണായക നീക്കങ്ങൾ നടത്തുന്നത് ഓഹരിവിലയെ 10 ശതമാനം ഉയർത്തി. പ്രൊമോട്ടർ ഗ്രൂപ്പിൽ നിന്ന് 46 ശതമാനം ഓഹരി വാങ്ങാൻ അദാനി ധാരണ ഉണ്ടാക്കിയതായാണ് റിപ്പോർട്ട്.
ധനസമാഹരണത്തിനു ശ്രമം ആരംഭിച്ച റിലയൻസ് ഇൻഫ്രാ 12 ശതമാനവും റിലയൻസ് പവർ അഞ്ചു ശതമാനവും കയറി.
നൊമുറ സെക്യൂരിറ്റീസ് വാങ്ങൽ ശിപാർശ നൽകിയെങ്കിലും വോഡഫോൺ ഐഡിയ ഓഹരി ഇന്നു രാവിലെ രണ്ടു ശതമാനം താഴ്ന്നു. ഇൻഡസ് ടവേഴ്സും താഴ്ചയിലാണ്.
മെറ്റൽ ഓഹരികൾ ഇന്നും കയറ്റത്തിലാണ്. ജെ എസ് ഡബ്ല്യൂ സ്റ്റീൽ നാലും ടാറ്റാ സ്റ്റീൽ, ഹിൻഡാൽകാേ തുടങ്ങിയവ രണ്ടും ശതമാനം കയറി.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 83.63 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.54 രൂപയായി താഴ്ന്നു
സ്വർണം ലോകവിപണിയിൽ 2593 ഡോളറിലേക്ക് കയറി. കേരളത്തിൽ സ്വർണം പവന് 480 രൂപ കയറി 55,080 രൂപ ആയി. 55,120 രൂപയാണു പവന്റെ റെക്കോർഡ് വില.
ക്രൂഡ് ഓയിൽ കയറ്റം തുടരുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 74.78 ഡോളറിൽ എത്തി.