ഓഹരി വിപണിയില്‍ ആശങ്ക; സൂചികകള്‍ കയറിയിട്ട് താഴ്ന്നു

പുത്തൻ ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാ ഗ്ലൈക്കോള്‍സ് ഓഹരി 10 ശതമാനം ഉയര്‍ന്നു

Update:2023-12-19 11:25 IST

Image Courtesy: Canva

വിപണി വീണ്ടും ആശങ്കയിലാണ്. ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ ശേഷം കുറേ സമയം ഉയര്‍ന്നു. പിന്നീടു നഷ്ടത്തിലേക്കു മാറി. സെന്‍സെക്‌സ് 71,569 പോയിന്റ് വരെ കയറിയ ശേഷം 71,137 പോയിന്റിലേക്ക് താഴ്ന്നു. നിഫ്റ്റി 21,480 പോയിന്റ് വരെ കയറിയിട്ട് 21,367 പോയിന്റിലേക്കു താഴ്ന്നു. എഫ്.എം.സി.ജി, ഓയില്‍ ആന്‍ഡ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യുറബ്ള്‍സ് എന്നിവ ഒഴികെ എല്ലാ മേഖലകളും താഴ്ന്നു. ഐ.ടിയും മീഡിയയുമാണ് ഏറ്റവും കൂടുതല്‍ താഴ്ന്നത്.

ബാങ്ക്, വാഹന കമ്പനി ഓഹരികളും രാവിലെ ഇടിവിലാണ്.

1,200 കോടിയോളം രൂപയുടെ ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യാ ഗ്ലൈക്കോള്‍സ് ഓഹരി 10 ശതമാനം ഉയര്‍ന്നു.

അപ്പോളോ ടയേഴ്‌സ് ഓഹരികളില്‍ ബള്‍ക്ക് വില്‍പന നടന്നതിനെ തുടര്‍ന്ന് ഓഹരി നാലു ശതമാനം വരെ കയറി.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിതലാഭ നികുതി കേന്ദ്രം വെട്ടിക്കുറച്ചു. റിലയന്‍സ്, ഒ.എന്‍.ജി.സി, ചെന്നൈ പെട്രാേ തുടങ്ങിയവ ഉയര്‍ന്നു. 

ചെങ്കടല്‍ പ്രശ്‌നങ്ങള്‍ കടത്തുകൂലി കൂട്ടും എന്ന വിലയിരുത്തലില്‍ ഷിപ്പിംഗ് കമ്പനികളുടെ ഓഹരികള്‍ കയറി.

സീ ആവശ്യപ്പെട്ടതു പ്രകാരം ലയന സമയ പരിധി നീട്ടാന്‍ സമ്മതിച്ചിട്ടില്ലെന്ന് സോണി കോര്‍പറേഷന്‍ പരസ്യപ്പെടുത്തി. 23 വരെയാണ് സമയ പരിധി. സമയം നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്‍ രാവിലെ മൂന്നു ശതമാനം കയറിയ സീ ഓഹരി പിന്നീടു നാലു ശതമാനം നഷ്ടത്തിലായി.

യു.എസ് സ്റ്റീലിനെ വാങ്ങാൻ നിപ്പോണ്‍ സ്റ്റീല്‍ 

ജപ്പാനിലെ നിപ്പോണ്‍ സ്റ്റീല്‍ കോര്‍പ്പറേഷന്‍ അമേരിക്കയിലെ യു.എസ് സ്റ്റീലിനെ 1490 കോടി ഡോളറിനു വാങ്ങും. ലേലത്തില്‍ ഏറ്റവും കൂടിയ ഓഫര്‍ നിപ്പോണിന്റേതായിരുന്നു. ഓഹരി ഒന്നിന് 55 ഡോളര്‍ ആണു നിപ്പോണ്‍ നല്‍കുക. അവസാനം വ്യാപാരം നടന്ന ഓഗസ്റ്റ് 11ലെ വിലയുടെ 142 ശതമാനം പ്രീമിയത്തിലാണു വ്യാപാരം.

ക്ലീവ്ലാന്‍ഡ് ക്ലിഫ്‌സ് (Cleveland-Cliffs) ആണ് 124 വര്‍ഷം പഴക്കമുള്ള യു.എസ് സ്റ്റീലിനെ വാങ്ങാന്‍ ആദ്യം ഓഫര്‍ വച്ചത്. പിന്നീട് ലക്ഷ്മി മിത്തലിന്റെ ആഴ്‌സെലറും യു.എസ് കമ്പനി ന്യൂകാേറും രംഗത്തു വന്നു. പ്രസിഡന്റ് ബൈഡന്റെ ഉത്തേജക പദ്ധതി സ്റ്റീല്‍ ഡിമാന്‍ഡ് കൂട്ടുമെന്ന നിഗമനത്തിലാണു നിപ്പോണ്‍ സാഹസികമായ വാങ്ങലിന് തയാറായത്.

രൂപ, സ്വർണം, ക്രൂഡ് ഓയിൽ 

രൂപ ഇന്നു തുടക്കത്തില്‍ ദുര്‍ബലമായി. ഡോളര്‍ നാലു പൈസ കയറി 83.10 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.18 രൂപയായി.

സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2023 ഡോളറിനു താഴെയായി. കേരളത്തില്‍ വില മാറ്റം ഇല്ല.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നീങ്ങുന്നു. ബ്രെന്റ് ഇനം 78.06 ഡോളറിലാണ്.

Tags:    

Similar News