ആശ്വാസറാലി പൊളിഞ്ഞു, വിപണി നഷ്ടത്തില്‍ തന്നെ; 8% ഇടിഞ്ഞ് ടാറ്റാ കെമിക്കല്‍സ്, മാരുതിക്ക് റെക്കോഡ്

രൂപ ഇന്നും അല്‍പം നേട്ടത്തില്‍ വ്യാപാരം തുടങ്ങി

Update: 2024-03-20 05:46 GMT

Image by Canva

വിപണി ആശ്വാസറാലിയില്‍ നിന്നു നഷ്ടത്തിലേക്കു കുത്തനേ വീണു. 45 മിനിറ്റ് പോസിറ്റീവ് ആയിരുന്ന വിപണി രാവിലെ 10 ഓടെ നഷ്ടത്തിലേക്കു മാറി. 21,891.70 വരെ കയറിയ നിഫ്റ്റി പിന്നീട് 21,749 വരെ എത്തി. സെന്‍സെക്‌സ് 72,268.60 വരെ കയറിയിട്ട് 71,830 വരെ താഴ്ന്നു. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഒരു ശതമാനത്തിനടുത്തു താഴ്ചയിലാണ്. എല്ലാ വ്യവസായ മേഖലകളും ഇടിവിലായി.

ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാരത്തില്‍ നിന്നു കുറച്ചു ദിവസം മാറ്റി നിര്‍ത്തിയ ടാറ്റാ കെമിക്കല്‍സിനു തിരികെ പ്രവേശനം കിട്ടി. ഓഹരി എട്ടു ശതമാനത്തോളം താഴ്ന്നു. കഴിഞ്ഞ വര്‍ഷം 12 ശതമാനം വരുമാനവളര്‍ച്ച കാണിച്ച ജി.പി.ടി ഹെല്‍ത്ത്കെയര്‍ ഓഹരി ആറര ശതമാനം കയറി.

ഐഷര്‍ മോട്ടോഴ്‌സ് ഓഹരി അഞ്ചര ശതമാനം കയറി. യു.ബി.എസ് കമ്പനിയുടെ റേറ്റിംഗ് കൂട്ടുകയും വാങ്ങാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്ത സാഹചര്യത്തിലാണിത്.

മാരുതി സുസുക്കി ഓഹരി രണ്ടു ശതമാനം കുതിച്ച് റെക്കോഡില്‍ എത്തി. 11,839.95 രൂപയാണു പുതിയ റെക്കോഡ് നിലവാരം. ടി.വി.എസ് മോട്ടോഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് ബോണസ് ഇഷ്യു തീരുമാനിക്കും എന്ന റിപ്പോര്‍ട്ട് ഓഹരിയെ മൂന്നു ശതമാനം ഉയര്‍ത്തി.

രൂപ ഇന്നും അല്‍പം നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ മൂന്നു പൈസ താഴ്ന്ന് 83.00 രൂപയില്‍ ഓപ്പണ്‍ ചെയ്തു. സ്വര്‍ണം ലോകവിപണിയില്‍ 2160 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 48,640 രൂപയില്‍ തുടരുന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നു. ബ്രെന്റ് ക്രൂഡ് 87.20 ഡോളറില്‍ എത്തി.

Tags:    

Similar News