ഓഹരി വിപണി വീണ്ടും ഇടിയുന്നു; ഗുജറാത്ത് ഫാക്ടറിയിലെ പണിമുടക്ക്, അപ്പോളോ ടയേഴ്സ് ഓഹരി താഴ്ന്നു
ഡി.സി.ബി ബാങ്കിൽ 9.5 ശതമാനം ഓഹരി എടുക്കാൻ എച്ച്.ഡി.എഫ്.സി എ.എം.സിക്കു അനുമതി ലഭിച്ചതോടെ എച്ച്.ഡി.എഫ്.സി എ.എം.സി ഓഹരി ഒരു ശതമാനത്തിലധികം കയറി
ഇന്ത്യൻ വിപണി ഇന്നും താഴ്ചയിലാണ്. രാവിലെ താഴ്ന്ന് ഓപ്പൺ ചെയ്ത സൂചികകൾ പിന്നീടു കൂടുതൽ ഇടിഞ്ഞു. സെൻസെക്സ് 66,300 നും നിഫ്റ്റി 19,750 നും താഴെയായി. വിപണി ഇടക്കാല തിരുത്തലിലേക്കു നീങ്ങും എന്നാണു നിഗമനം.
എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്നും താഴ്ചയിലാണ്. ആദ്യം ഒന്നര ശതമാനം നഷ്ടത്തിലായിരുന്നു. പിന്നീടു നഷ്ടം കുറച്ചു. ഐസിഐസിഐ ബാങ്ക് രണ്ടു ശതമാനത്തോളം താണു. പൊതുമേഖലാ ബാങ്കുകൾ നേട്ടത്തിലും സ്വകാര്യ ബാങ്കുകൾ നഷ്ടത്തിലുമാണ്.
യു.എസ് വിപണിയിൽ ആപ്പിൾ അടക്കം ടെക് ഓഹരികളും നാസ്ഡാക് സൂചികയും ഇടിഞ്ഞ പശ്ചാത്തലത്തിൽ ഇന്ന് ഐടി ഓഹരികൾ താഴ്ന്നു. വാഹന, എഫ്എംസിജി ഓഹരികളും ഇടിവിലായി.
കേന്ദ്ര സർക്കാർ ഓഹരിവിൽപന പ്രഖ്യാപിച്ച എസ്.ജെ.വി.എൻ ഓഹരിയിൽ ഇന്നു രാവിലെ ബൾക്ക് ഇടപാട് നടന്നു. തുടർന്ന് ഓഹരി 8.5 ശതമാനം താഴ്ന്ന് 75 രൂപയ്ക്കു താഴെ എത്തി. കേന്ദ്രം 69 രൂപ വച്ചാണ് ഓഹരി വിൽക്കുക.
ഗുജറാത്തിലെ ഫാക്ടറിയിൽ പണിമുടക്കു മൂലം ഉൽപാദനം നിലച്ചതിനെ തുടർന്ന് അപ്പോളോ ടയേഴ്സ് ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.
ഡി.സി.ബി ബാങ്കിൽ 9.5 ശതമാനം ഓഹരി എടുക്കാൻ എച്ച്.ഡി.എഫ്.സി എ.എം.സിക്കു റിസർവ് ബാങ്ക് അനുമതി നൽകി. ഇത് എച്ച്.ഡി.എഫ്.സി എ.എം.സി ഓഹരിയുടെ വില ഒരു ശതമാനത്തിലധികം കയറ്റി. ഡി.സി.ബി ബാങ്ക് ഓഹരി നാലു ശതമാനത്തിലധികം ഉയർന്നു.
രൂപ, സ്വർണം, ഡോളർ
രൂപ ഇന്നു നഷ്ടത്തിൽ തുടങ്ങി. ഡോളർ രണ്ടു പൈസ ഉയർന്ന് 83.09 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 83.13 വരെ കയറിയിട്ട് 83.04 രൂപ വരെ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ 1927 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 120 രൂപ കുറഞ്ഞ് 44,040 രൂപയായി.