കരുതലോടെ ഇന്ത്യന്‍ സൂചികകള്‍; വി-ഗാര്‍ഡ് ഓഹരിയില്‍ ബ്ലോക്ക് വില്‍പന
എല്‍.ഐ.സി ഓഹരി 7% ഉയര്‍ന്നു
ഇന്ത്യൻ വിപണി ഇന്നു കരുതലോടെ വ്യാപാരം തുടങ്ങി. ചെറിയ നേട്ടത്തിൽ വ്യാപാരമാരംഭിച്ച ശേഷം ഉയരും മുൻപ് താഴോട്ടു നീങ്ങി. പിന്നീടു സാവധാനം ഉയർന്നു. വ്യാപാരം ഒന്നര മണിക്കൂർ പിന്നിടുമ്പോൾ സെൻസെക്സ് 71,130 നടുത്താണ്. നിഫ്റ്റി രാവിലെ 21,353 വരെ കയറിയിട്ട് അൽപം താഴ്ന്നു.
ബാങ്ക് നിഫ്റ്റി തുടക്കം മുതൽ ചാഞ്ചാട്ടത്തിലാണ്. മിഡ് ക്യാപ്, സ്മാേൾ ക്യാപ് ഓഹരികൾ ഇന്നും കയറി. റിയൽറ്റി, ഹെൽത്ത് കെയർ, ഓട്ടോ, ഫാർമ, മെറ്റൽ, മീഡിയ തുടങ്ങിയ മേഖലകൾ മികച്ച നേട്ടം കുറിച്ചു.
വി-ഗാർഡ് ഇൻഡസ്ട്രീസിന്റെ ഓഹരികളിൽ ഇന്നു രാവിലെ ബൾക്ക് കൈമാറ്റം നടന്നു. 35 ലക്ഷം ഓഹരികൾ ഒന്നിന് 286 രൂപ പ്രകാരമാണ് കൈമാറിയത്. 100 കോടി രൂപയുടെ ഇടപാടിലെ പങ്കാളികൾ ആരെന്ന് അറിവായില്ല. വി-ഗാർഡ് ഓഹരി രാവിലെ 6 ശതമാനം നേട്ടത്തിൽ 304 രൂപ വരെ കയറിയിട്ട് അൽപം താഴ്ന്നു. ഐ.ഐ.എഫ്.എൽ ഫിനാൻസ് ഓഹരി ഏഴു ശതമാനത്തോളം ഇടിഞ്ഞു. കമ്പനിയുടെ 6 ശതമാനം ഓഹരി ഇന്നു ബൾക്ക് ഇടപാടിൽ കെെമാറി. എ.ഐ.എഫ് വഴി കടങ്ങൾ നിഷ്ക്രിയ ആസ്തിയിൽ പെടാതെ മാറ്റി നിർത്താൻ പ്രവർത്തിച്ചിട്ടുള്ള കമ്പനിയാണിത്.
കനേഡിയൻ നിക്ഷേപകൻ പ്രേം വത്സയുടെ ഫെയർ ഫാക്സ് ആണ് വിൽപ്പനക്കാർ എന്നാണു സൂചന.
പോളിക്യാബിന്റെ രാജ്യത്തെ വിവിധ ഓഫീസുകളിൽ ആദായനികുതി വകുപ്പ് രാവിലെ പരിശോധന തുടങ്ങി. കമ്പനിയുടെ ഓഹരി മൂന്നു ശതമാനം താണു.
പൊതു ഓഹരി പങ്കാളിത്തം 25 ശതമാനമാക്കാൻ 10 വർഷം കാലാവധി കിട്ടിയത് എൽ.ഐ.സി ഓഹരിയെ ഏഴു ശതമാനം വരെ ഉയർത്തി.
രൂപ ഇന്നു തുടക്കത്തിൽ നേട്ടം ഉണ്ടാക്കി. ഡോളർ നാലു പൈസ താണ് 83.24 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ 2050 ഡോളറിലാണ്. ഇനിയും കയറുമെന്നാണു നിരീക്ഷകർ കരുതുന്നത്. കേരളത്തിൽ സ്വർണം പവന് 200 രൂപ കൂടി 46,400 രൂപയായി.
ക്രൂഡ് ഓയിൽ വില കയറ്റം തുടരുകയാണ്. ബ്രെന്റ് ഇനം രാവിലെ 1.15 ശതമാനം കയറി 80.28 ഡോളർ വരെ എത്തി.