വീണ്ടും ചാഞ്ചാട്ടം; റിലയൻസ് ഇനി ഡാറ്റാ സെന്റർ ബിസിനസിലേക്കും
ടാറ്റാ സ്റ്റീൽ ഇന്നു തുടക്കത്തിൽ അൽപം താഴ്ന്നു. പിന്നീട് 1.5 ശതമാനം നേട്ടത്തിലായി
ഓഹരിവിപണി ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഉയർന്നു പോകാൻ ശ്രമിച്ചെങ്കിലും രാവിലെ ആദ്യ മണിക്കൂറിൽ മുഖ്യ സൂചികകൾ ചെറിയ മേഖലയിൽ കയറിയിറങ്ങി. ഇടയ്ക്കു താഴ്ചയിലുമായി. സ്മോൾ ക്യാപ് ഓഹരികൾ ഇന്നു നല്ല നേട്ടം ഉണ്ടാക്കി.
ലാഭത്തിൽ ഭീമമായ ഇടിവ് രേഖപ്പെടുത്തിയ ടാറ്റാ സ്റ്റീൽ ഇന്നു തുടക്കത്തിൽ അൽപം താഴ്ന്നു. പിന്നീട് 1.5 ശതമാനം നേട്ടത്തിലായി. വിപണി കണക്കുകൂട്ടിയതിലും മെച്ചമായി ടാറ്റാ സ്റ്റീൽ റിസൽട്ട് എന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തി.
ജെഎസ് ഡബ്ള്യു സ്റ്റീലിന്റെ ഒന്നാം പാദ ഫലം മികച്ചതായതിനെ തുടർന്ന് ഓഹരി ഒന്നര ശതമാനം കയറി.
ഡാറ്റാ സെന്റർ ബിസിനസിലേക്കു കടക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി രാവിലെ അര ശതമാനം താണു. പിന്നീടു കയറി. ഡാറ്റാ സെന്റർ ബിസിനസിനായി ബ്രൂക് ഫീൽഡ് ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റിയാലിറ്റി എന്നിവയുമായി ചേർന്നു സംയുക്ത കമ്പനികൾ ഉണ്ടാക്കാൻ റിലയൻസ് കരാർ ഒപ്പിട്ടു. ഇവയിൽ 33.33 ശതമാനം ഓഹരി റിലയൻസ് വഹിക്കും.
ക്ലൗഡ് അധിഷ്ഠിത ഡാറ്റാ സെന്ററുകളും അനുബന്ധ സേവനങ്ങളും നൽകുന്നതിൽ ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണു ഡിജിറ്റൽ റിയാലിറ്റി ട്രസ്റ്റ്. ഇപ്പോൾ ഇന്ത്യയിൽ അഞ്ചിടത്ത് ബ്രൂക് ഫീൽഡ്-ഡിജിറ്റൽ റിയാലിറ്റി സംയുക്ത സംരംഭം ഡാറ്റാ സെന്ററുകൾ നിർമിക്കുന്നുണ്ട്. അവയിലെല്ലാം റിലയൻസ് പങ്കാളിയാകും.
ഇന്നു റിസൽട്ട് പ്രഖ്യാപിക്കാനിരിക്കുന്ന ടാറ്റാ മോട്ടോഴ്സിന്റെ ഓഹരി ഒരു ശതമാനത്തിലധികം ഉയർന്നു. എൽ ആൻഡ് ടിയും ബജാജ് ഓട്ടോയും താണു.
രണ്ടുമൂന്നു ദിവസം ഇടിഞ്ഞ ഹിൻഡാൽകോയും വേദാന്തയും ഇന്നു കയറി. ചൈന റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉത്തേജക പദ്ധതി നടപ്പാക്കും എന്ന വാർത്തയാണു ലോഹ കമ്പനികളുടെ കയറ്റത്തിനു കാരണം.
തങ്കമയിൽ ജ്വല്ലറിയും ജെ.കെ പേപ്പറും കയറി
ലാഭം കുത്തനേ വർധിപ്പിച്ചതിനെ തുടർന്ന് ഇന്നലെ 18 ശതമാനം ഉയർന്ന തങ്കമയിൽ ജ്വല്ലറി ഇന്ന് ഏഴു ശതമാനം കൂടി കയറി.
അറ്റാദായത്തിൽ തലേ വർഷത്തേക്കാൾ 18 ശതമാനവും തലേ പാദത്തേക്കാൾ 10 ശതമാനവും വർധന കാണിച്ച ജെ.കെ പേപ്പർ ഓഹരി ഏഴു ശതമാനം ഉയർന്നു.
അരുണാചൽ പ്രദേശിൽ 5097 മെഗാവാട്ടിന്റെ അഞ്ചു ജലവൈദ്യുത പദ്ധതികൾക്കു കരാർ ലഭിച്ച എസ്ജെവിഎൻ ലിമിറ്റഡിന്റെ ഓഹരി എട്ടു ശതമാനത്തോളം കുതിച്ചു.
ലാഭമാർജിൻ കുറഞ്ഞതു ചെന്നെെ പെട്രാേ ഓഹരിയെ ഏഴു ശതമാനം താഴ്ത്തി.
രൂപ ഇന്നു കൂടുതൽ നേട്ടത്തോടെ തുടങ്ങി. ഡോളർ ഇന്ന് ഒൻപതു പൈസ താണ് 82.73 രൂപയിൽ വ്യാപാരം ആരംഭിച്ചു. പിന്നീട് 82.70 രൂപയായി.
സ്വർണം ലോകവിപണിയിൽ 1961 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയായി.