ഓഹരി വിപണി ചാഞ്ചാട്ടത്തിൽ; കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്‌ ഓഹരികൾ ഉയർന്നു

പഞ്ചസാര മിൽ കമ്പനി ഓഹരികൾ ഇന്ന് രണ്ടു മുതൽ നാലു വരെ ശതമാനം താഴ്ന്നു

Update:2023-09-26 11:23 IST

വിപണിയിലെ അനിശ്ചിതത്വം പ്രകടമാക്കുന്ന തുടക്കമാണ് ഇന്നുണ്ടായത്. വിപണി ചെറിയ മേഖലയിൽ കയറിയിറങ്ങി. ഐടിയും ബാങ്ക്, ധനകാര്യ മേഖലകളും താഴ്ന്നു. മെറ്റൽ, ഓട്ടോ കമ്പനികൾ ഉയർന്നു. മിഡ്ക്യാപ് ഓഹരികൾ ഇന്നു രാവിലെ മികച്ച നേട്ടത്തിലാണ്.

കുറേ ദിവസങ്ങളായി താഴ്ചയിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ആറു ശതമാനത്തിലധികം ഉയർന്ന് 1048 രൂപ വരെ എത്തി. മസഗോൺ ഡോക്കും ഗാർഡൻ റീച്ചും നാലു ശതമാനത്തിലധികം കയറി.

 മൂഡീസ് റേറ്റിംഗ് ഉയർത്തിയതിനെ തുടർന്ന് ടാറ്റാ സ്റ്റീൽ ഓഹരി മൂന്നു ശതമാനത്തോളം കയറി. ലക്ഷ്യവില ഉയർത്തിയതിനെ തുടർന്ന് ഐഷർ മോട്ടോഴ്സ് നാലു ശതമാനം നേട്ടത്തിലായി.

വോൾട്ടാംപ് ട്രാൻസ്ഫോമേഴ്സിന്റെ 12.9 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കെെമാറി. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. 

കാസിനോ കമ്പനി ഡെൽറ്റാ കോർപ് ഇന്ന് ഒന്നര ശതമാനം താഴ്ന്നു. 

പഞ്ചസാര മിൽ കമ്പനി ഓഹരികൾ ഇന്ന് രണ്ടു മുതൽ നാലു വരെ ശതമാനം താഴ്ന്നു.

രൂപ, സ്വർണം, ഡോളർ 

രൂപ ഇന്നു കൂടുതൽ താണു. ഡോളർ നാലു പെെസ കൂടി 83.19 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.22 രൂപയിലേക്കു കയറി.

സ്വർണം ലോക വിപണിയിൽ 1,913 ഡോളറിലാണ്. കേരളത്തിൽ സ്വർണം പവന് 160 രൂപ കുറഞ്ഞ് 43,800 രൂപയായി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെന്റ് ഇനം 93 ഡോളറിനു താഴെ എത്തി. ഇനിയും താഴ്ന്നേക്കും എന്നാണു സൂചന. ഡോളറിനു കരുത്തു കൂടിയതാണു കാരണം.

Tags:    

Similar News