റെക്കോഡിനടുത്ത് ഇന്ത്യന്‍ ഓഹരി സൂചികകള്‍; മുന്നേറി അള്‍ട്രാടെക്കും എ.സി.സിയും

സിമന്റ് ഓഹരികള്‍ നല്ല കയറ്റത്തില്‍; ലിസ്റ്റിംഗ് നേട്ടവുമായി ഹാപ്പി ഫോര്‍ജിംഗ്‌സ്

Update:2023-12-27 11:32 IST

ഇന്ത്യൻ ഓഹരി വിപണി ഇന്ന് സാവധാനം കയറുകയാണ്. ആഗാേള വിപണികളിലെ കുതിപ്പും വിപണിയിലേക്ക് കൂടുതല്‍ പണം എത്തുന്നതും കയറ്റത്തെ സഹായിക്കുന്നു. മുഖ്യ സൂചികകള്‍ വീണ്ടും റെക്കോഡിനടുത്തായി. നിഫ്റ്റി 21,593 ലും സെന്‍സെക്‌സ് 71,913 പോയിന്റിലുമാണ് കഴിഞ്ഞ 20ന് റെക്കോഡ് കുറിച്ചത്. ഇന്നു രാവിലെ വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 21,567 പോയിന്റിലും സെന്‍സെക്‌സ് 71,758 പോയിന്റിലുമാണ്.

രാവിലെ എല്ലാ വ്യവസായ മേഖലകളും നേട്ടത്തിലായിരുന്നു. ഐ.ടി, വാഹന, മെറ്റല്‍, റിയല്‍റ്റി ഓഹരികള്‍ നല്ല കയറ്റത്തിലായി. ബാങ്ക് നിഫ്റ്റി 0.60 ശതമാനം ഉയര്‍ന്നു. 

കന്‍സായ് നെരോലാക് കമ്പനി മുംബൈ പരേലിലെ ഭൂമി വില്‍ക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരി അഞ്ച് ശതമാനം ഉയര്‍ന്നു.

സിമന്റ് ഓഹരികള്‍ ഇന്നു നല്ല കയറ്റത്തിലാണ്. അള്‍ട്രാ ടെക്, രാംകോ, അംബുജ, ഇന്ത്യ, എ.സി.സി, ജെ.കെ ലക്ഷ്മി, ജെ.കെ തുടങ്ങിയവ മികച്ച നേട്ടം ഉണ്ടാക്കി.

100 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ആര്‍.ബി.സെഡ് ജൂവലേഴ്‌സ് അതേ വിലയില്‍ ലിസ്റ്റ് ചെയ്തു. 850 രൂപയ്ക്ക് ഇഷ്യു നടത്തിയ ഹാപ്പി ഫോര്‍ജിംഗ്‌സ് 18 ശതമാനം ഉയര്‍ന്ന് 1000 രൂപയില്‍ ലിസ്റ്റ് ചെയ്തു. 280 രൂപയ്ക്ക് ഐ.പി.ഒ നടത്തിയ ക്രീഡോ ബ്രാന്‍ഡ്‌സ് 282 രൂപയില്‍ വ്യാപാരം തുടങ്ങി.

രൂപ ഇന്നു ചെറിയ നഷ്ടത്തിലാണ്. ഡോളര്‍ രണ്ടു പൈസ കയറി 83.21 രൂപയില്‍ വ്യാപാരം തുടങ്ങി. പിന്നീട് 83.26 രൂപയില്‍ എത്തി. 

സ്വര്‍ണം ലോക വിപണിയില്‍ 2,066 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കൂടി 46,800 രൂപയായി. 

ക്രൂഡ് ഓയില്‍ വില രാവിലെ 81 ഡോളറിനു മുകളിലായി. ബ്രെന്റ് ഇനം 81.08 ഡോളറില്‍ എത്തി. താമസിയാതെ 85 ഡോളറിനു മുകളിലേക്ക് ക്രൂഡ് വില കയറുമെന്നാണു വിലയിരുത്തല്‍. 

Tags:    

Similar News