ഓഹരികളില്‍ ഉണര്‍വ്; റിലയന്‍സിന് കുതിപ്പ്, സി.ഡി.എസ്.എല്‍ ഇടിഞ്ഞു
ഐ.ടി, എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ എന്നിവ ഒഴികെ എല്ലാ മേഖലകളും നേട്ടത്തില്‍
പാശ്ചാത്യ വിപണികള്‍ ഉയര്‍ച്ചാ സൂചന നല്‍കിയതിനു പിന്നാലെ ഇന്ത്യന്‍ വിപണി ഇന്നു കയറ്റത്തിലായി. യു.എസ് ഫ്യൂച്ചേഴ്‌സ് കാല്‍ ശതമാനം കയറ്റത്തിലാണ്. ഇന്ത്യന്‍ വിപണി രാവിലെ 0.22 ശതമാനം നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. പിന്നീടു കൂടുതല്‍ കയറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും 0.70 ശതമാനം വീതം ഉയരത്തിലാണ്.
ഐ.ടി, എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ നേട്ടത്തിലായി.
റിലയന്‍സ് ഓഹരിക്കു 3,400 രൂപ വില ലക്ഷ്യം പ്രഖ്യാപിച്ച് ഗോള്‍ഡ്മാന്‍ സാക്‌സ് വാങ്ങല്‍ ശിപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ഓഹരി 2.25 ശതമാനത്തോളം ഉയര്‍ന്നു. 2026 വര്‍ഷത്തേക്ക് ഗോള്‍ഡ്മാന്‍ സാക്‌സ് കാണുന്ന വില 4,495 രൂപയാണ്. ഇന്നു രാവിലെ വില 2,950 രൂപയ്ക്കടുത്താണ്. സാമ്പത്തിക
കശ്മീരിലെ ഫാക്ടറി ഉത്പാദനം ആരംഭിച്ച പശ്ചാത്തലത്തില്‍ പ്രതാപ് സ്‌നാക്‌സ് ഓഹരി നാലു ശതമാനത്തോളം കയറി.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയറിന്റെ 10.1 ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് കാപ്പിറ്റല്‍ ഏഷ്യ വിറ്റതിനെ തുടര്‍ന്ന് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസിന്റെ (സി.ഡി.എസ്.എല്‍) 9.6 ശതമാനം ഓഹരി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് വിറ്റു. സി.ഡി.എസ്.എല്‍ ഓഹരി 5.5 ശതമാനം താഴ്ന്നു.
രൂപ ഇന്ന് ദുര്‍ബലമായി. ഡോളര്‍ മൂന്നു പൈസ കയറി 83.31 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.34 വരെ കയറി.
സ്വര്‍ണം ലോക വിപണിയില്‍ 2179 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 160 രൂപ കൂടി 49,080 രൂപയായി.
ക്രൂഡ് ഓയില്‍ വില കുറയുകയാണ്. ബ്രെന്റ് ഇനം ക്രൂഡ് 85.48 ഡോളറില്‍ എത്തി.