ബാങ്ക് ഓഹരികൾ താഴ്ന്നത് വിപണിയുടെ കുതിപ്പിനു തടസമായി. വിപണി തുടക്കം മുതൽ താഴോട്ടു ചായ്‌വു കാണിച്ചു ചാഞ്ചാടി. യുഎസ് ഫ്യൂച്ചേഴ്സ് കൂടുതൽ താഴ്ന്നതും വിപണിയെ സ്വാധീനിച്ചു.
നാലാം പാദത്തിൽ വിറ്റുവരവ് കുറഞ്ഞും ചെലവുകൾ വർധിച്ചും ലാഭമാർജിൻ കുത്തനേ ഇടിഞ്ഞ ലോറസ് ലാബ്സ് ഓഹരിവില അഞ്ചു ശതമാനത്തോളം താഴ്ന്നു. വിപ്രോ ഓഹരി മൂന്നു ശതമാനത്തോളം ഉയർന്നു. കമ്പനി ഓഹരി തിരിച്ചു വാങ്ങുന്നതു നിക്ഷേപകർക്കു താൽപര്യം വളർത്തി.
എസിസിയുടെ വില മൂന്നു ശതമാനത്തോളം കൂടി
വരുമാനം വർധിച്ചെങ്കിലും ലാഭമാർജിൻ കുറഞ്ഞ എസിസിയുടെ വില മൂന്നു ശതമാനത്തോളം കൂടി. ലാഭം 26 ശതമാനം കുറഞ്ഞ ശ്രീറാം ഫിനാൻസ് ഓഹരി ആറു ശതമാനം താണു. രണ്ടു ഫാർമ കമ്പനികളെ ഏറ്റെടുത്ത പിഐ ഇൻഡസ്ട്രീസ് ഓഹരി പത്തു ശതമാനം കയറി. അഗ്രാേ കെമിക്കലുകളും കളനാശിനികളും നിർമിക്കുന്ന പിഐ ഇനി ഫാർമ ബിസിനസിൽ പ്രവേശിക്കും.
പ്രതിരോധ മേഖലയിലെ തേജസ് നെറ്റ് വർക്സ് 10 ശതമാനത്താേളം ഉയർന്നു. പുതിയ ഓർഡറുകൾ ലഭിച്ചതാണു കാരണം. കല്യാൺ ജ്വല്ലേഴ്സ് ഓഹരി അഞ്ചു ശതമാനം കയറി. നാലാം ക്വാർട്ടർ ഫലങ്ങൾ മികച്ചതാകുമെന്നു പ്രതീക്ഷ ഉണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഇന്ന് അഞ്ചു ശതമാനം ഉയർന്നു.
റെയ്മണ്ടിന്റെ എഫ്‌എംസിജി ബിസിനസ് ഏറ്റെടുത്ത ഗോദ്റെജ് കൺസ്യൂമർ വില മൂന്നു ശതമാനം താണു. വിൽപനയും പുന:സംഘടനയും പ്രഖ്യാപിച്ച റെയ്മണ്ട് ഓഹരി ആറു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു നേട്ടത്തിലാണ്. ഡോളർ 81.80 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 81.76 രൂപയായി. സ്വർണം ലോകവിപണിയിൽ 1988 ഡോളറിലാണു വ്യാപാരം. കേരളത്തിൽ പവന് 160 രൂപ കുറഞ്ഞ് 44,600 രൂപയായി.