ഉത്സാഹത്തോടെ തുടങ്ങി, പിന്നീടു വിപണിയിൽ ചാഞ്ചാട്ടം; പുതിയ ആരോപണങ്ങള്‍ക്ക് പിന്നാലെ അദാനി ഓഹരികള്‍ താഴ്ന്നു
ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്നും അഞ്ചു ശതമാനം കയറി
കഴിഞ്ഞ ദിവസങ്ങൾ പോലെ ഇന്നും വിപണി ഉത്സാഹത്തോടെ തുടങ്ങിയ ശേഷം താഴ്ചയിലായി. പിന്നീടു ചാഞ്ചാട്ടത്തിലേക്കു മാറി. സെൻസെക്സ് 65,277 വരെ കയറിയിട്ട് കുത്തനേ താഴ്ന്നു. 19,388 വരെ എത്തിയിട്ട് നിഫ്റ്റി നഷ്ടത്തിലേക്കു വീണു.
തുടക്കത്തിൽ നഷ്ടത്തിലായ ബാങ്ക് നിഫ്റ്റി പിന്നീടു നേട്ടത്തിലായി. വീണ്ടും താഴാേട്ടു നീങ്ങി.
മെറ്റൽ, ഫാർമ, റിയൽറ്റി, ഓയിൽ - ഗ്യാസ് ഒഴികെ എല്ലാ വ്യവസായ മേഖലകളും രാവിലെ നേട്ടത്തിലായിരുന്നു.
ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്നും അഞ്ചു ശതമാനം കയറി 242.80 രൂപയിലെത്തി.
എൽപിജി സബ്സിഡി ഗവണ്മെന്റ് വഹിക്കുമെന്നു മന്ത്രി പറഞ്ഞെങ്കിലും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഇന്നും നഷ്ടത്തിലായി.
അദാനി ഓഹരികൾക്ക് ക്ഷീണം
അദാനി കുടുംബാംഗങ്ങളുടെ പങ്കാളികൾ മൗറീഷ്യസ് ആസ്ഥാനമായുള്ള ഫണ്ടുകളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളിൽ ഓഹരികൾ വാങ്ങിയും വിറ്റും വില കൃത്രിമമായി ഉയർത്തിയെന്ന് വീണ്ടും ആരോപണം. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രാേജക്ട് (ഒസിസിആർപി) എന്ന സംഘടനയുടേതാണ് രേഖകൾ സഹിതമുള്ള ആരോപണം. ആരോപണങ്ങൾ പഴയതും അടിസ്ഥാനരഹിതവുമാണെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. അദാനി ഗ്രൂപ്പ് ഓഹരികൾ ഇടിഞ്ഞു.
റെയിൽവേ വാഗണുകൾ നിർമിക്കുന്ന ജൂപ്പിറ്റർ വാഗൺസിനു കൂടുതൽ ഓർഡർ ലഭിച്ചതിനെ തുടർന്ന് ഉൽപാദന ശേഷി വർധിപ്പിക്കുകയാണെന്ന് അറിയിച്ചു. അതിന് ആയിരം കോടി രൂപ മുടക്കും. ഓഹരിവില അഞ്ചു ശതമാനം കയറി.
മറ്റ് ഓഹരികൾ
നസാറ ടെക്നോളജീസ് മൂലധനം വർധിപ്പിക്കാനുള്ള വഴികൾ തേടുന്നു. സെപ്റ്റംബർ നാലിനു ഡയറക്ടർ ബോർഡ് ചേർന്നു നടപടികൾ തീരുമാനിക്കും. ഓഹരിവില അഞ്ചു ശതമാനത്തോളം ഉയർന്നു.
സുല വിൻ യാർഡ്‌സിന്റെ 13.1 ശതമാനം ഓഹരി ബൾക്ക് ഡീലിൽ കെെമാറി. ഓഹരി ഒന്നിനു 493 രൂപ വച്ച് 540 കോടി രൂപയുടെ ഇടപാടാണു നടന്നത്. ഓഹരി മൂന്നു ശതമാനത്തോളം താഴ്ന്നു.
മെഡ്പ്ലസ് ഹെൽത്തിന്റെ 12.8 ശതമാനം ഓഹരി ബൾക്ക് ഡീലിൽ കെെമാറി. ഓഹരി ഏഴര ശതമാനം വരെ ഇടിഞ്ഞു.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഡോളർ എട്ടു പൈസ താഴ്ന്ന് 82.65 രൂപയായി. പിന്നീടു ഡോളർ 82.59 രൂപയിലേക്കു താണു. ലോകവിപണിയിൽ സ്വർണം 1945 ഡോളറിനു മുകളിലാണ്. കേരളത്തിൽ സ്വർണം പവന് 120 രൂപ വർധിച്ച് 44,120 രൂപയായി.