ബാങ്ക് , ധനകാര്യ ഓഹരികൾ രാവിലെ വിപണിയെ താഴ്ത്തി; പിന്നീടു കയറ്റം
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) റഷ്യൻ പങ്കാളിയുമായുള്ള തർക്കങ്ങൾ പറഞ്ഞുതീർത്തു. ഓഹരിവില രണ്ടു ശതമാനത്തിലധികം ഉയർന്നു
ഏഷ്യൻ വിപണികൾ നല്ല കുതിപ്പിലാണെങ്കിലും ഇന്ത്യൻ വിപണി തുടക്കത്തിൽ താഴ്ചയിലേക്കു നീങ്ങി. പിന്നീടു തിരിച്ചു നേട്ടത്തിലായി. ബാങ്ക്, ധനകാര്യ ഓഹരികൾ താഴ്ന്നതാണു മുഖ്യ സൂചികകളെ തുടക്കത്തിൽ താഴ്ത്തിയത്. ബാങ്കുകൾ പോസിറ്റീവ് ആയ ശേഷവും ധനകാര്യ കമ്പനികളും എഫ്എംസിജി കമ്പനികളും നഷ്ടത്തിൽ തുടർന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നും നല്ല കയറ്റത്തിലാണ്.
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(സെയിൽ)ൽ നിന്ന് 32,000-ൽപരം കോടി രൂപയുടെ കോൺട്രാക്ട് ലഭിച്ച പവർമെക് പ്രോജക്ട്സ് ഓഹരി 15 ശതമാനം ഉയർന്നു. ഖനികൾ വികസിപ്പിക്കുന്നതിനാണു കോൺട്രാക്ട്.
റെയിൽ വികാസ് ഓഹരിക്ക് പച്ചവെളിച്ചം
റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ) റഷ്യൻ പങ്കാളിയുമായുള്ള തർക്കങ്ങൾ പറഞ്ഞുതീർത്തു. ഓഹരിവില രണ്ടു ശതമാനത്തിലധികം ഉയർന്നു. വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുന്നതിന് റഷ്യൻ കമ്പനികളുമായി ഉണ്ടാക്കിയ സംയുക്ത കമ്പനിയിൽ ആർവിഎൻഎലിന്റെ പങ്ക് 25 ശതമാനമാക്കാൻ ധാരണയായി.
69 ശതമാനം ഓഹരിക്കായി കമ്പനി ശ്രമിച്ചിരുന്നു. 35,000 കോടി രൂപയുടേതാണ് വന്ദേ ഭാരത് കോൺട്രാക്ട്. കഴിഞ്ഞയാഴ്ച ആർവിഎൻഎൽ ഓഹരി 16 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനിയുടെ ഓഹരികൾ കേന്ദ്ര സർക്കാർ ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴി വിറ്റതും റഷ്യൻ പങ്കാളികളുമായുള്ള തർക്കവും വിലയിടിവിനു കാരണമായി. ഒഎഫ്എസ് വഴി മൊത്തം ഏഴു ശതമാനം ഓഹരി വിറ്റു.
ഒന്നാം പാദ റിസൽട്ട് തലേ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ മോശമായതിനെ തുടർന്നു ഡിസിബി ബാങ്ക് ഓഹരി ആറു ശതമാനത്തോളം ഇടിഞ്ഞു.
ജനുവരി മുതൽ 152 ശതമാനം നേട്ടമുണ്ടാക്കിയ തങ്കമയിൽ ജ്വല്ലറി ഇന്നും ഏഴു ശതമാനത്തോളം കയറി. സമീപ ആഴ്ചകളിൽ കല്യാൺ അടക്കം ജ്വല്ലറി ഓഹരികൾ മിക്കതും ഉയർന്നിട്ടുണ്ട്.
രൂപ, ഡോളർ, സ്വർണം
രൂപ ഇന്നു തുടക്കത്തിൽ നേരിയ നേട്ടം ഉണ്ടാക്കി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 82.22 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 82.28 രൂപയിലേക്കു കയറി. ലോകവിപണിയിൽ ഡോളർ സൂചിക 101.80 ലേക്കു കയറിയതും കാരണമായി.
സ്വർണം ലോക വിപണിയിൽ 1956 ഡോളറിലേക്കു താണു. കേരളത്തിൽ പവന് 80 രൂപ കുറഞ്ഞ് 44,200 രൂപയായി.