ഇന്ത്യന്‍ വിപണി ആവേശത്തോടെ കുതിക്കുകയാണ്. പാശ്ചാത്യ വിപണികളിലെ മുന്നേറ്റവും അദാനി ഗ്രൂപ്പ് പ്രതിസന്ധി മറികടക്കുന്നതും വിപണിയെ കുതിപ്പിനു സഹായിച്ചു. നല്ല ഉയരത്തില്‍ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകള്‍ പിന്നീട് 0.95 ശതമാനം നേട്ടം കാണിച്ചു.
അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നും നല്ല നേട്ടത്തിലാണ്. പ്രാെമോട്ടര്‍ ഓഹരി വിറ്റ് കടബാധ്യത കുറയ്ക്കാന്‍ തയാറാകുന്നതിനെ വിപണി സ്വാഗതം ചെയ്തു. രാവിലെ അദാനി എന്റര്‍പ്രൈസസ് രാവിലെ 11 ശതമാനം കയറി. അദാനി പോര്‍ട്‌സ് ഓഹരി എട്ടു ശതമാനം വരെ ഉയര്‍ന്നു. അദാനി ഗ്രൂപ്പ് നഷ്ടപ്പെട്ട 12 ലക്ഷം കോടിയുടെ വിപണിമൂല്യത്തില്‍ ഒരു ലക്ഷം കോടി രൂപ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് തിരിച്ചു പിടിച്ചിട്ടുണ്ട്.
പൊതുമേഖലാ ബാങ്കുകൾ
എല്‍ഐസി ഓഹരിയും ഇന്നു കയറ്റത്തിലായി. എസ്ബിഐയുടെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ ഇന്നു നല്ല കുതിപ്പ് കാഴ്ചവച്ചു. എസ്ബിഐ ഓഹരി മൂന്നര ശതമാനം ഉയര്‍ന്നു. പി എസ് യു ബാങ്ക് സൂചിക നാലു ശതമാനത്താേളം കയറി. ബാങ്ക് നിഫ്റ്റി 1.1 ശതമാനം ഉയര്‍ന്നു.
ഫാര്‍മസ്യൂട്ടിക്കല്‍സും ഹെല്‍ത്ത്‌കെയറും ഒഴികെ എല്ലാ മേഖലകളും ഉയര്‍ന്നു. മെറ്റല്‍, ബാങ്ക് മേഖലകളാണ് മുന്നില്‍. രൂപ ഇന്നു വലിയ നേട്ടത്തിലാണ്. ഡോളര്‍ 35 പൈസ നഷ്ടപ്പെടുത്തി 82.24 രൂപയിലാണ് ഓപ്പണ്‍ ചെയ്തത്. സ്വര്‍ണം ലോക വിപണിയില്‍ 1839 ഡോളറിലാണ്. കേരളത്തില്‍ ഇന്നു പവന് വില മാറ്റമില്ല.