പ്രതീക്ഷ പോലെ പണനയം; നിരക്കുകളില്‍ മാറ്റമില്ല, ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല
ആദ്യമായി 21,000 ഭേദിച്ച് നിഫ്റ്റി. പിന്നീട് 20,990 നിലയിലേക്ക് താഴ്ന്നു
ഈ ധനകാര്യ വർഷത്തെ ജി.ഡി.പി വളർച്ച ഏഴു ശതമാനമായി ഉയരുമെന്നു റിസർവ് ബാങ്ക്. രാജ്യത്ത് പലിശ നിരക്കുകളിൽ മാറ്റമില്ല. മൂന്ന് ദിവസത്തെ പണ നയ കമ്മിറ്റി (എം.പി.സി) തീരുമാനങ്ങൾ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് രാവിലെ വിശദീകരിച്ചു.
പണനയ കമ്മിറ്റി നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റീപാേ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും 6.75 ശതമാനത്തിൽ തുടരും. എസ്.ഡി.എഫ് നിരക്ക് 6.25 ശതമാനമായി തുടരും. പണലഭ്യത ക്രമേണ നിയന്ത്രിക്കുന്ന നയം തുടരും. ഇതെല്ലാം വിപണി പ്രതീക്ഷിച്ചതു തന്നെയാണ്. അതിനാൽ ഇവ പ്രഖ്യാപിച്ചപ്പാേൾ വിപണിയിൽ കാര്യമായ ചലനം ഉണ്ടായില്ല.
ജി.ഡി.പി വളർച്ച സംബന്ധിച്ച നിഗമനം ഉയർത്തുമെന്നു പ്രതീക്ഷിച്ചവർ 6.8 ശതമാനം ആണു കണക്കാക്കിയത്. പക്ഷേ റിസർവ് ബാങ്ക് നിഗമനം ഏഴ് ശതമാനമായി. ഒക്ടോബർ-ഡിസംബർ വളർച്ച പ്രതീക്ഷ ആറിൽ നിന്ന് 6.5 ശതമാനമാക്കി. ജനുവരി-മാർച്ചിലേത് 5.7ൽ നിന്ന് ആറു ശതമാനമായി ഉയർത്തി.
ഈ ധനകാര്യ വർഷം ചില്ലറ വിലക്കയറ്റത്തോത് 5.4 ശതമാനത്തിൽ തുടരും എന്നാണ് റിസർവ് ബാങ്ക് കരുതുന്നത്. നവംബറിലും ഡിസംബറിലും വിലക്കയറ്റം ഉയരും. പിന്നീടു കുറയുമെന്ന് ഗവർണർ കരുതുന്നു. അടുത്ത ധനകാര്യ വർഷവും വിലക്കയറ്റം നാലു ശതമാനത്തിനു മുകളിലായിരിക്കും. ഒന്നാം പാദത്തിൽ 5.2%, രണ്ടിൽ 4.0%, മൂന്നിൽ 4.7% എന്ന തോതിലാണു പ്രതീക്ഷ.
2024-25 ലെ ആദ്യപാദത്തിൽ ജി.ഡി.പി വളർച്ച 6.7 ശതമാനമായിരിക്കും. ഫിൻടെക്കുകൾക്കും മറ്റ് ഡിജിറ്റൽ വായ്പാ ദാതാക്കൾക്കുമായി ഒരു റിപ്പോസിറ്ററി ഏപ്രിലോടെ തുടങ്ങും. ഡിജിറ്റൽ വായ്പകൾക്കു നിയന്ത്രണങ്ങൾ കൊണ്ടു വരും.
ഗവർണറുടെ പ്രസ്താവന തുടങ്ങുമ്പോൾ 69,810 ആയിരുന്ന സെൻസെക്സ് പിന്നീട് 69,840 ലായി. പിന്നെ 69,800 ലേക്കു താഴ്ന്നു. നിഫ്റ്റി തുടക്കത്തിനു മുൻപ് 21,005 വരെ കയറിയിട്ടു പിന്നീട് 20,990 മേഖലയിലേക്കു താഴ്ന്നു. കുതിപ്പിനോ കിതപ്പിനോ തക്ക കാര്യങ്ങൾ ഇല്ല എന്നു വിപണി കണക്കാക്കുന്നു.
ജി.എം.ആർ എയർപോർട്ട്സിന്റെ എട്ട് ശതമാനം ഓഹരി ജി.ക്യു.ജി പാർട്ട്നേഴ്സ് അടക്കമുള്ള ചില ഫണ്ടുകൾ വാങ്ങിയതായ റിപ്പോർട്ട് ഓഹരി വില 12 ശതമാനം ഉയർത്തി.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 83.35 രൂപയിൽ ഓപ്പൺ ചെയ്തു. ഗവർണറുടെ പ്രസ്താവനയ്ക്കു ശേഷം 83.36 രൂപയിലേക്കു കയറിയിട്ടു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ 2031.5 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 46,160 രൂപയായി. 120 രൂപയുടെ വർധന. ക്രൂഡ് ഓയിൽ ഇന്നു രാവിലെ ഉയർന്നു. ബ്രെന്റ് ഇനം 1.25 ശതമാനം കയറി 75.26 ഡോളർ ആയി.