പലിശയിൽ മാറ്റമില്ല; ബാങ്കുകൾക്ക് അധിക ഭാരം; ബാങ്ക് ഓഹരികൾ ഇടിഞ്ഞു

സൂചികകൾ താഴ്ന്നു

Update:2023-08-10 11:15 IST

പലിശനിരക്കുകളിൽ മാറ്റം വരുത്താതെയാണു റിസർവ് ബാങ്ക് ഇന്ന് പണ നയം പ്രഖ്യാപിച്ചത്. എന്നാൽ ഇക്കൊല്ലത്തെ വിലക്കയറ്റ നിഗമനം 5.1 ൽ നിന്ന് 5.4 ശതമാനമായി ഉയർത്തി. ജിഡിപി വളർച്ച പ്രതീക്ഷ 6.5 ശതമാനം നിലനിർത്തി.

അതേസമയം ബാങ്കുകൾക്ക് 10 ശതമാനം അധിക കരുതൽ പണ അനുപാതം (ഇൻക്രിമെന്റൽ സിആർആർ പ്രഖ്യാപിച്ചു. ഇതു താൽക്കാലികമാണ്. എങ്കിലും ബാങ്കുകളുടെ ലാഭക്ഷമത കുറയും. ബാങ്ക് ഓഹരികൾ ഇടിഞ്ഞു.

വിപണിക്കു നയം ക്ഷീണമായി, സൂചികകൾ ഇടിഞ്ഞു

അടിസ്ഥാന പലിശയായ റീപോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ബാങ്ക് റേറ്റും മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റിയും 6.75 ശതമാനത്തിലും സ്റ്റാൻഡിംഗ് ഡിപ്പാേസിറ്റ് ഫസിലിറ്റി 6.25 ശതമാനത്തിലും തുടരും.

വിലക്കയറ്റം നാലു ശതമാനത്തിനു താഴെയാക്കുന്നതിലെ ഊന്നൽ തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു. പണലഭ്യത കുറയ്ക്കുന്നതിൽ ശ്രദ്ധ ചെലുത്തണമെന്നും പണനയ കമ്മിറ്റി തീരുമാനിച്ചു.

2023-24 ലെ വിലക്കയറ്റ നിഗമനം ഉയർത്തിയത് വിലക്കയറ്റത്തിൽ പെട്ടെന്നു ശമനം ഉണ്ടാകുകയില്ലെന്ന് സൂചിപ്പിക്കുന്നു. രണ്ടാം പാദത്തിലെ വിലക്കയറ്റ പ്രതീക്ഷ 5.2 ൽ നിന്ന് 6.2 ശതമാനമായി ഉയർത്തി. മൂന്നാം പാദത്തിലേത് 5.4 ൽ നിന്ന് 5.7 ശതമാനമാക്കി. നാലാം പാദത്തിലേത് 5.2 ശതമാനം എന്ന നിഗമനം തുടരും.

ജിഡിപി വളർച്ച ഓരാേ പാദത്തിലും പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്. ഒന്നാം പാദം 8.0%, രണ്ടാം പാദം 6.5%, മൂന്നാം പാദം 6.0%, നാലാം പാദം 5.7%. അടുത്ത ധനകാര്യ വർഷത്തിന്റെ ഒന്നാം പാദത്തിൽ 6.6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു.

ദാസിന്റെ പ്രഖ്യാപനം തുടങ്ങുമ്പോൾ നിഫ്റ്റി 19,584 ലും സെൻസെക്സ് 65,800 ലും ബാങ്ക് നിഫ്റ്റി 44,745 ലും ആയിരുന്നു. പ്രഖ്യാപനം കഴിഞ്ഞപ്പോൾ നിഫ്റ്റി 19,515 ലും സെൻസെക്സ് 65,570 ലും ബാങ്ക് നിഫ്റ്റി 44,545 ലും ആയി. ഡോളർ 82.84 രൂപയിൽ തുടർന്നു

റീപോ നിരക്ക് എന്നാൽ ....

അടിയന്തര സാഹചര്യങ്ങളിൽ വാണിജ്യ ബാങ്കുകൾ, സർക്കാർ കടപ്പത്രം പണയമായി നൽകി ഏകദിന വായ്പ എടുക്കുമ്പാേൾ റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണ് റീപോ നിരക്ക്. രാജ്യത്തെ പലിശ നിരക്കുകളുടെ താക്കോൽ നിരക്കാണു റീപോ. അവധി ദിവസങ്ങൾ വന്നാൽ ഏകദിനം എന്നതു മൂന്നു ദിവസം വരെ ആകാം. ഇതേ പോലെ ബാങ്കുകൾ മിച്ചമുള്ള പണം റിസർവ് ബാങ്കിൽ ഏൽപിക്കുമ്പോൾ കിട്ടുന്ന പലിശയാണു റിവേഴ്സ് റീപാേ.

റീപോ നിരക്ക് മാറ്റുമ്പോൾ ബാങ്ക് റേറ്റ്, മാർജിനൽ സ്റ്റാൻഡിംഗ് ഫസിലിറ്റി നിരക്ക് തുടങ്ങിയ മറ്റു പ്രധാന നിരക്കുകളിലും മാറ്റം വരും. ഇന്ന് നിരക്കുകൾ മാറ്റാത്തതിനാൽ ഇവയിലും ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയിൽ മാറ്റം വരില്ല.

താഴ്ന്നു വ്യാപാരം തുടങ്ങി

രാവിലെ താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണിയിൽ സെൻസെക്സ് 200-ലധികം പോയിന്റ് താഴെ എത്തി. മാർജിൻ സമ്മർദം ഉണ്ടാകുമെന്ന ധാരണയിൽ ബാങ്കുകളും ധനകാര്യ സേവന കമ്പനികളും താഴോട്ടായി. എഫ്എംസിജി കമ്പനികളും ഐടി കമ്പനികളും ഇടിഞ്ഞു. ഓയിൽ - ഗ്യാസ്, മീഡിയ, മെറ്റൽ, ഫാർമ, റിയൽറ്റി തുടങ്ങിയവ രാവിലെ നേട്ടത്തിലായിരുന്നു.

ക്രൂഡ് ഓയിൽ വില ഉയർന്നു പോകുന്ന സാഹചര്യത്തിൽ ഏഷ്യൻ പെയിന്റ്സ്, ബെർജർ പെയിന്റ്സ്, ഷാലിമാർ തുടങ്ങിയവയുടെ ഓഹരികൾ താണു. ആക്സോ നൊബേൽ, കൻസായ് നെരോലാക്, ഇൻഡിഗോ തുടങ്ങിയവ

ഉയർന്നു. ഒഎൻജിസി, ഓയിൽ, ചെന്നൈ പെട്രാേ തുടങ്ങിയവ കയറി. പിഡിലൈറ്റ് ഓഹരി താഴ്ന്നു. ബെർജർ പെയിന്റ്സ് അഞ്ച് ഓഹരിക്ക് ഒന്ന് എന്ന അനുപാതത്തിൽ ബോണസ് ഓഹരികൾ നൽകുമെന്ന് അറിയിച്ചു.

പ്രൊമോട്ടർ ഗ്രൂപ്പിൽ പെട്ടവർ 21.6 ശതമാനം (3.2 കോടി) ഓഹരി വിറ്റത് സിഎംഎസ് ഇൻഫോ സിസ്റ്റംസ് ഓഹരിയെ എട്ടു ശതമാനത്തിലധികം താഴ്ത്തി. 1163 കോടി രൂപയുടേതാണ് ഇടപാട്.

രൂപ ഇന്നു നേട്ടത്തിലാണു തുടങ്ങിയത്. ഡോളർ 82.81 രൂപയിൽ വ്യാപാരമാരംഭിച്ചു. ലോകവിപണിയിൽ സ്വർണം 1918 ഡോളറിലാണ്. കേരളത്തിൽ പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയായി. ഈ മാസത്തെ ഏറ്റവും താണ വിലയാണിത്.

Tags:    

Similar News