ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഉലഞ്ഞ് വിപണി, അദാനി മൂല്യത്തില്‍ ₹55,000 കോടിയുടെ കുറവ്, സണ്‍ ടിവിക്കും വീഴ്ച

₹4,626 കോടിയുടെ കരാറില്‍ ഉയര്‍ന്ന് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ്

Update:2024-08-12 10:40 IST
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിപണിയെ വീണ്ടും അലട്ടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ആദ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ ഇടിവു പോലെ ഇല്ലെങ്കിലും വിപണി താഴോട്ടു നീങ്ങുകയാണ്. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മുഖ്യ സൂചികകള്‍ അരശതമാനം താഴ്ചയിലായി.
സെബി അധ്യക്ഷയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ രാവിലെ എട്ടര ശതമാനം വരെ താഴ്ന്നു. ഇടയ്ക്കു നഷ്ടം കുറച്ചെങ്കിലും പിന്നീടു കൂടുതല്‍ നഷ്ടത്തിലേക്ക് അവ നീങ്ങി. അദാനി ടോട്ടല്‍ എട്ടും അദാനി എന്റര്‍പ്രൈസസ് അഞ്ചും ശതമാനം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തില്‍ രാവിലെ 55,000 കോടി രൂപയുടെ കുറവുണ്ടായി.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ദുരാരോപണങ്ങള്‍ മാത്രമാണുള്ളതെന്നു വരുത്താന്‍ മാധ്യമചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും ആള്‍ക്കാരെ ഇറക്കി വലിയ പ്രചാരണം നടത്തുന്നുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി വിസമ്മതിച്ചതു ശ്രദ്ധേയമാണ്.
വോള്‍ട്ടാസിന് കുതിപ്പ്, ബാലകൃഷ്ണയ്ക്ക് താഴ്ച
കഴിഞ്ഞ പാദത്തില്‍ വില്‍പനയും ലാഭവും ലാഭമാര്‍ജിനും ഗണ്യമായി വര്‍ധിപ്പിച്ച വോള്‍ട്ടാസ് ഓഹരി ഒന്‍പതു ശതമാനം കുതിച്ചു. ഭാവി സാധ്യത ശോഭനമല്ലെന്നു സൂചിപ്പിച്ച ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
റിസല്‍ട്ട് പ്രതീക്ഷയോളം വരാത്തതു ഭാരത് ഡൈനമിക്‌സ് ഓഹരിയെ ഒന്‍പതു ശതമാനം താഴ്ത്തി. ഒ.എന്‍.ജി.സിയില്‍ നിന്നു 4626 കോടിയുടെ കരാര്‍ ലഭിച്ചത് മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സിനെ മൂന്നു ശതമാനം ഉയര്‍ത്തി.
റിസല്‍ട്ട് മെച്ചമായില്ലെങ്കിലും ആര്‍.വി.എന്‍.എല്‍ ഓഹരി ഇന്ന് ഏഴു ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്ച കേന്ദ്ര കാബിനറ്റ് 24,657 കോടി രൂപയുടെ റെയില്‍വേ വികസന പദ്ധതികള്‍ അംഗീകരിച്ചതാണു കാരണം. ഐ.ആര്‍.എഫ്.സി ഓഹരി രണ്ടര ശതമാനം കയറി.
കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ചതും മാര്‍ജിന്‍ വര്‍ധിക്കുന്നു എന്ന മാനേജ്‌മെന്റ് അറിയിപ്പും കമ്പനി നഷ്ടത്തില്‍ നിന്നു ലാഭത്തിലായതും ഐനോക്‌സ് വിന്‍ഡ് ഓഹരിയെ ഏഴു ശതമാനം ഉയര്‍ത്തി.
വരുമാനവും ലാഭവും മാര്‍ജിനും കുറഞ്ഞത് സണ്‍ ടിവി ഓഹരിയെ 10 ശതമാനത്തോളം താഴ്ത്തി. രൂപ തുടക്കത്തില്‍ നാമമാത്രമായി ഉയര്‍ന്നു. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 83.95 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2427 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ വര്‍ധിച്ച് 51,760 രൂപയായി. ക്രൂഡ് ഓയില്‍ ഉയര്‍ന്നു തുടരുന്നു. ബ്രെന്റ് ഇനം 79.76 ഡോളറിലാണ്.
Tags:    

Similar News