വില്‍പന സമ്മര്‍ദം പിടിമുറുക്കി, സെന്‍സെക്‌സ് 80,000ന് താഴെ; മഹീന്ദ്ര ഇടിവില്‍, മാരുതി കുതിപ്പില്‍

ഫാക്ട് ഉള്‍പ്പെടെയുള്ള രാസവള ഓഹരികള്‍ ക്ഷീണത്തില്‍

Update:2024-07-10 11:20 IST

Image Created with Meta AI

ബാങ്കുകള്‍ക്കു ലാഭം കുറയുമെന്ന വിലയിരുത്തലുകളും മറ്റു വിവിധ ആശങ്കകളും ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ വിപണി ഇന്നു താഴ്ചയിലായി. സെന്‍സെക്‌സ് 80,000ന് താഴെയായി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ നിഫ്റ്റി 24,320ലേക്കു താഴ്ന്നു. വില്‍പന സമ്മര്‍ദം മറികടക്കാന്‍ ബുള്ളുകള്‍ക്കു കഴിയുന്നില്ല.

റിയല്‍റ്റിയും എഫ്.എം.സി.ജിയും ഒഴികെ എല്ലാ മേഖലകളും ഇന്നു നഷ്ടത്തിലാണ്.
എസ്.ബി.ഐ അടക്കം പ്രമുഖ ബാങ്കുകള്‍ക്കു ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം ഗണ്യമായി കുറയുമെന്ന് ബ്രോക്കറേജുകള്‍ വിലയിരുത്തി. പൊതുമേഖലാ ബാങ്കുകള്‍ക്കാണു കൂടുതല്‍ താഴ്ച.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ കൂടുതല്‍ താഴ്ചയിലായി.
മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പറേഷനില്‍ നിന്നു വലിയ കരാര്‍ ലഭിച്ച ആര്‍.വി.എന്‍.എല്‍ ഓഹരി ഏഴു ശതമാനം കുതിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കയറ്റം ഉണ്ടായ രാസവള ഓഹരികള്‍ക്ക് ഇന്നു ക്ഷീണമായി. എഫ്.എ.സി.ടിയും (ഫാക്ട്) ആര്‍.സി.എഫും എന്‍.എഫ്.എലും അടക്കമുള്ള ഓഹരികള്‍ ഒന്നു മുതല്‍ നാലര വരെ ശതമാനം ഇടിഞ്ഞു.
മാരുതിയും മഹീന്ദ്രയും
ഇന്നലെ 6.5 ശതമാനം കുതിച്ച മാരുതി സുസുകി ഇന്നു രാവിലെ മൂന്നര ശതമാനം ഉയര്‍ന്ന് 13,300 രൂപയായി. യു.പിയില്‍ ഹൈബ്രിഡ് കാറുകള്‍ക്കു രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിയത് മാരുതിക്കു നേട്ടമാകും. മാരുതി ഓഹരി 15,100 രൂപ ലക്ഷ്യമിട്ടു വാങ്ങാമെന്നു സിറ്റിയും 14,100 രൂപ എത്തുമെന്നു മോര്‍ഗന്‍ സ്റ്റാന്‍ലിയും പറയുന്നു.
ഇന്നലെ നല്ല നേട്ടം ഉണ്ടാക്കിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ന് ആറു ശതമാനത്തോളം താഴ്ന്നു. കമ്പനിയുടെ മികച്ച വില്‍പനയുള്ള എക്‌സ്.യു. വി 700 എ.എക്‌സ് സെവന് നാലു മാസത്തേക്കു വില കുറച്ചു. ഓഹരിയുടെ പിഇ അനുപാതം 27 ലധികം ആണെന്നും അതു കൂടുതലാണെന്നും ചില അനാലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
പ്രകൃതിവാതക വില കൂട്ടിയ മഹാനഗര്‍ ഗ്യാസ് ഓഹരി ഇന്നു നാലര ശതമാനത്തോളം ഉയര്‍ന്നു. ഇന്ദ്രപ്രസ്ഥ ഗ്യാസ് മൂന്നു ശതമാനം കയറി.
മണപ്പുറം ഫിനാന്‍സ് നാലര ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ഒരു ശതമാനം കയറി.
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ 188.21 രൂപ വരെ കയറിയെങ്കിലും പിന്നീട് ഒരു ശതമാനത്തിലധികം താണു.
പേയ്ടിഎം ഓഹരി ഇന്നും ഒരു ശതമാനം കയറി.
രൂപ, ഡോളര്‍, ക്രൂഡ്
രൂപ ഇന്നു കാര്യമായ മാറ്റമില്ലാതെ തുടങ്ങി. ഡോളര്‍ ഒരു പൈസ കയറി 83.49 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2368 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന്‍ 53,680 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ വില സാവധാനം കുറയുകയാണ്. ബ്രെന്റ് ഇനം 84.44 ഡോളറിലേക്കു താഴ്ന്നു.
Tags:    

Similar News